ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം

കൊച്ചി: കേരള തീരത്ത് ജൂണ്‍ 9 അര്‍ദ്ധ രാത്രി ട്രോളിംഗ് നിരോധനം നിലവില്‍ വരും. ഒമ്പതാം തിയതി മുതല്‍ ജൂലൈ 31 അര്‍ദ്ധ രാത്രി 12 മണി വരെ 52 ദിവസത്തെ...

ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം

കൊച്ചി: കേരള തീരത്ത് ജൂണ്‍ 9 അര്‍ദ്ധ രാത്രി ട്രോളിംഗ് നിരോധനം നിലവില്‍ വരും. ഒമ്പതാം തിയതി മുതല്‍ ജൂലൈ 31 അര്‍ദ്ധ രാത്രി 12 മണി വരെ 52 ദിവസത്തെ ട്രോളിംഗ് നിരോധനമാണു നിലവില്‍ വരുന്നത്. ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ച്‌കൊണ്ടിരിക്കുന്ന എല്ലാ ഇതരസംസ്ഥാന ബോട്ടുകളും ജൂണ്‍ 9-ന് മുന്‍പായി തീരം വിട്ടു പോകണം. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഡെപ്യൂട്ടി കളക്ടര്‍ എം.പി. ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ കൈകൊണ്ട നടപടി ക്രമങ്ങള്‍ വിലയിരുത്തി. മദ്ധ്യമേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ രമാദേവിയുടെ സാന്നിദ്ധ്യത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ് നടപടിക്രമങ്ങള്‍ വിശദീകരിച്ചു.

ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകള്‍ കൂടാതെ തീരപ്രദേശത്തെ മറ്റു ഡീസല്‍ ബങ്കുകള്‍ എന്നിവ ട്രോളിംഗ് നിരോധന കാലയളവില്‍ അടച്ചിടണം. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മത്സ്യഫെഡ് ബങ്കുകളും മറ്റ് തെരഞ്ഞെടുത്ത ബങ്കുകളും മുഖേന ഡീസല്‍ ലഭ്യമാകുന്നതാണ്. യന്ത്രവത്കൃത ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കുവാന്‍ പാടില്ലാത്തതുമാണ് ചെറു മത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ട്രോളിംഗ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍, പീലിംഗ് ഷെഡ് തൊഴിലാളികള്‍ എന്നിവര്‍ക്ക് മുന്‍ കാലങ്ങളിലേതുപോലെ സൗജന്യ റേഷന്‍ അനുവദിക്കും. അപേക്ഷകള്‍ക്കായി മത്സ്യത്തൊഴിലാളികള്‍ അതാത് മത്സ്യഭവന്‍ ഓഫീസുകളുമായി ബന്ധപ്പെടണം.

ഈ കാലയളവില്‍ കടലില്‍ പോകുന്ന യന്ത്രവത്കൃത ഇന്‍ബോര്‍ഡ് വളളങ്ങള്‍ക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. അങ്ങനെ പോകുന്ന ഒരു ഇന്‍ബോര്‍ഡ് വളളത്തിനോടൊപ്പം ഒരു ക്യാരിയര്‍ വളളം മാത്രമേ അനുവദിക്കുകയുളളൂ. കൂടാതെ ക്യാരിയര്‍ വളളത്തിന്റെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ അതാത് ഫിഷറീസ് ഓഫീസുകളില്‍ യാന ഉടമകള്‍ റിപ്പോര്‍ട്ട് ചെയ്യണം.

ട്രോള്‍ബാന്‍ കാലയളവില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ നിര്‍ബന്ധമായും ബയോമെട്രിക് ഐഡി കാര്‍ഡ് കൈയില്‍ കരുതേണ്ടതും വേണ്ടത്ര ജാഗ്രത പാലിക്കേണ്ടതുമാണ്.

കടലിലുണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ മൂന്ന് പട്രോളിംഗ് ബോട്ടുകളും വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ടെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടാതെ, കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പലും, ഹെലികോപ്റ്ററും, രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിംഗിനുമായി 24 മണിക്കൂറും സജീവമായിരിക്കുമെന്നും അറിയിച്ചു. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ വേണ്ടത്ര സുരക്ഷ ഉപകരണങ്ങള്‍ യാനങ്ങളില്‍ കരുതേണ്ടതും, കാലാവസ്ഥ മുന്നറിയിപ്പുകള്‍ പാലിക്കേണ്ടതുമാണെന്നും യോഗം നിര്‍ദ്ദേശിച്ചു. കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് , പോലീസ്, റവന്യൂ, സിവില്‍ സപ്ലൈസ് , മത്സ്യഫെഡ് മുതലായ വകുപ്പ് പ്രതിനിധികളും വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും, ബോട്ട് -പരമ്പരാഗത വള്ള ഉടമസ്ഥ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. കടല്‍ രക്ഷാപ്രവര്‍ത്തനം ആവശ്യമായിവരുന്ന അവസരങ്ങളില്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

ഫിഷറീസ് കണ്‍ട്രോള്‍ റൂം - 0484-2502768
9496007037
9496007029
മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് - 9496007048
കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍
അഴീക്കോട് - 0480-2815100
ഫോര്‍ട്ട് കൊച്ചി - 0484-2215006, 1093
കോസ്റ്റ് ഗാര്‍ഡ് - 0484-2218969, 1554 (ടോള്‍ഫ്രീ)
നേവി - 0484-2872354, 2872353

Story by
Read More >>