ജംബോ പട്ടികയിൽ നിന്നും ഒഴിവാക്കണം; ഹൈക്കമാൻഡിനോട് പ്രതാപനും സതീശനും

ആറ് വര്‍ക്കിംഗ് പ്രസിഡന്‍റുമാരും 13 വൈസ് പ്രസിഡന്‍റുമാരും 36 ജനറല്‍ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും അടങ്ങുന്ന ജംബോ ഭാരവാഹി പട്ടികയാണ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നൽകിയത്.

ജംബോ പട്ടികയിൽ നിന്നും ഒഴിവാക്കണം; ഹൈക്കമാൻഡിനോട് പ്രതാപനും സതീശനും

കെപിസിസി ഭാരവാഹികളുടെ ജംബോ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡിന് ടി.എൻ.പ്രതാപന്റെയും വി.ഡി.സതീശന്റെയും കത്ത്. പട്ടികയിൽ തന്നെ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന സാഹചര്യത്തിൽ ഹൈക്കമാൻഡിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും, എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തന്നെ കെപിസിസി ഭാരവാഹിയായി പരിഗണിക്കേണ്ടതില്ലെന്നുമാണ് ടി.എൻ.പ്രതാപൻ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

ജംബോ കമ്മിറ്റി ഒഴിവാക്കി പകരം സംഘടനാ കാര്യപ്രാപ്തിയുള്ള നേതാക്കളെ മാത്രം ഉൾപ്പെടുത്തി കമ്മിറ്റി പുനഃസംഘടിപ്പിക്കണം. ഇതിൽ മറ്റു താൽപര്യങ്ങൾ ഒന്നും പരിഗണിക്കപ്പെടരുത്. മൂന്ന് വർഷക്കാലം ഡിസിസി പ്രസിഡന്റായിരുന്നപ്പോഴും അതിനുമുൻപ് ഏഴ് വർഷം കെപിസിസി സെക്രട്ടറി ആയിരുന്നപ്പോഴും പാർട്ടി നൽകിയ പ്രോത്സാഹനങ്ങളും പിന്തുണയും നന്ദിയോടെ സ്മരിക്കുന്നതായും പ്രതാപൻ കത്തിൽ പറയുന്നു.

അതേസമയം ജംബോ കമ്മിറ്റി പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ അപഹാസ്യമാക്കുമെന്നാണ് വി.ഡി.സതീശന്‍ എംഎല്‍എയുടെ അഭിപ്രായം. അതിനാല്‍ തന്നെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് എഐസിസിയെ അറിയിച്ചതായും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

'' കെപിസിസി പുനസംഘടനാ ചർച്ച പുരോഗമിക്കുകയാണ്. ഒരു ജംബോ കമ്മറ്റി പാർട്ടിയെ പൊതുജനമധ്യത്തിൽ അപഹാസ്യമാക്കുമെന്ന് ഞാൻ കരുതുന്നു. അതിനാൽ എന്നെ വർക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് എ ഐ സി സി യെ അറിയിച്ചു. ഒരു നല്ല കമ്മറ്റി വന്ന് സംഘടനയെ കൂടുതൽ ശക്തമാക്കട്ടെ ''- വി.ഡി.സതീശന്‍ കുറിച്ചു.

ആറ് വര്‍ക്കിംഗ് പ്രസിഡന്‍റുമാരും 13 വൈസ് പ്രസിഡന്‍റുമാരും 36 ജനറല്‍ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും അടങ്ങുന്ന ജംബോ ഭാരവാഹി പട്ടികയാണ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നൽകിയത്. എന്നാൽ കേരളം പോലെ ചെറിയ ഒരു സംസ്ഥാനത്ത് എന്തിനാണ് ഇത്രയും വർക്കിംഗ് പ്രസിഡന്റുമാരെന്നും എണ്ണം കുറയ്ക്കാനാകുമോയെന്നും സംസ്ഥാന നേതൃത്വത്തോട് ചോദിച്ചിരുന്നു. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടർന്ന് ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധിയും അതൃപ്തി അറിയിച്ചിരുന്നു.

Read More >>