വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ച സംഭവം; മരണകാരണം വിദ്യാര്‍ത്ഥി സംഘര്‍ഷമെന്ന് ബന്ധുക്കള്‍
കുട്ടികള്‍ തമ്മില്‍ ക്ലാസ്സില്‍ ഉണ്ടായ അടിപിടിയില്‍ ലിബിന് മര്‍ദ്ദനം ഏറ്റിരുന്നതായി കുട്ടികള്‍ പറയുന്ന വാട്ട്സാപ്പ് സന്ദേശം ബന്ധുക്കള്‍ക്ക് കിട്ടിയിരുന്നു.
കൊല്ലം: അഞ്ചാലുംമൂട് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി അഷ്ടമുടി സ്വദേശിയായ ലിബിന് സന്തോഷ(17) വീണ് മരിച്ചതില്‍ അസ്വാഭാവികതയെന്ന് ബന്ധുക്കള്‍. കുട്ടികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് മരണകാരണമെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ പൊലീസിന് പരാതി നല്കി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയായ ലിബിന് സന്തോഷ് മരണപ്പെടുന്നത്. മുകള്‍ നിലയിലെ ക്ലാസ് മുറിയില്‍ ഇരുന്നു ഭക്ഷണം കഴിച്ച ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം വരാന്തയില്‍ നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. അധ്യാപകര്‍ കുട്ടിയെ കടവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കുട്ടികള്‍ തമ്മില്‍ ക്ലാസ്സില്‍ ഉണ്ടായ അടിപിടിയില്‍ ലിബിന് മര്‍ദ്ദനം ഏറ്റിരുന്നതായി കുട്ടികള്‍ പറയുന്ന വാട്ട്സാപ്പ് സന്ദേശം ബന്ധുക്കള്‍ക്ക് കിട്ടിയിരുന്നു. ഇതാണോ മരണകാരണമായത് എന്ന് അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അധ്യയന വര്‍ഷം തുടങ്ങിയതു മുതല്‍ കൊമേഴ്സ്- സയന്‍സ് വിഭാഗങ്ങളിലെ ചില കുട്ടികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു ലിബിനെ ഒരു സംഘം മര്‍ദിച്ചതെന്നു പറയുന്നു. ഇതുസംബന്ധിച്ചു വിദ്യാര്‍ഥികള്‍ തമ്മില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്തുവന്നു. ഇതു കേന്ദ്രീകരിച്ചാണു പൊലീസ് അന്വേഷണം. ലിബിനെ ഒരു സംഘം മര്‍ദിച്ചതായും തലയുടെ പിന്‍ഭാഗത്തു പരുക്കേറ്റെന്നും ഒരു വിദ്യാര്‍ഥി പറയുന്നതായി ശബ്ദരേഖയിലുണ്ട്.
അതേസമയം, വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ പ്രശ്നങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ , പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി കിട്ടിയ ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു