'അഴിമതി കാണിക്കുന്നവരോട് സര്‍ക്കാര്‍ ദയ കാണിക്കില്ല': മുഖ്യമന്ത്രി പിണറായി വിജയന്‍

കര്‍ക്കശമായ നടപടിയുണ്ടാകും. എല്ലാതലത്തിലും അഴിമതി ഇല്ലാതാക്കാന്‍ നല്ല ശ്രമം നടത്തുന്നുണ്ട്. അഴിമതി പിടിക്കപ്പെട്ടാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് അത്തരക്കാര്‍ ഓര്‍ക്കണമെന്നും പിണറായി വ്യക്തമാക്കി.

കാസര്‍കോട്: അഴിമതി കാണിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരോട് ദയ കാണിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസത്തിനിടയിലും അര്‍ഹമായ ശമ്പളവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ ജീവനകാര്‍ക്ക് നല്‍കുന്നുണ്ട്. അഴിമതി നടത്തുന്നവര്‍ ചെറിയ ശതമാനം മാത്രമാണ്. ഇവരെ കൊണ്ട് സിവില്‍ സര്‍വീസ് മൊത്തം പേരുദോഷം കേള്‍ക്കുകയാണ്. അഴിമതി നടത്താതെ മെച്ചപ്പെട്ട നിലയില്‍ ജീവിക്കുന്നവരെ പോലെ ഇവര്‍ക്കും കഴിയാനാകും. ഇവരെ തിരുത്താന്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാനഗഗറില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മറ്റുള്ളവര്‍ അഴിമതി നടത്തുമ്പോള്‍ എന്തിനാണ് പരാതിപ്പെടുന്നത്. കടുത്ത നടപടി ഉണ്ടാകില്ലേ എന്ന ചിന്തയാണ് ജീവനക്കാര്‍ക്കുള്ളത്. അഴിമതിക്കാരോട് ഒരു ദയയും കാണിക്കരുത്. അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ല. കര്‍ക്കശമായ നടപടിയുണ്ടാകും. എല്ലാതലത്തിലും അഴിമതി ഇല്ലാതാക്കാന്‍ നല്ല ശ്രമം നടത്തുന്നുണ്ട്. അഴിമതി പിടിക്കപ്പെട്ടാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് അത്തരക്കാര്‍ ഓര്‍ക്കണമെന്നും പിണറായി വ്യക്തമാക്കി.

എല്ലാ വകുപ്പുകളും കൂട്ടായി ചേര്‍ന്ന് ഫയലുകള്‍ തീര്‍ക്കാനുള്ള യജ്ഞം നടത്തിക്കഴിഞ്ഞു. എന്നിട്ടും ഒട്ടേറെ ഫയലുകള്‍ തീര്‍പ്പ് കാത്ത് കഴിയുകയാണ്. കൂട്ടായി നടത്തിയ ശ്രമത്തിന്റെ ഫലമായി ഒരു പ്രത്യേക സംസ്‌കാരം ആര്‍ജിക്കാനായി. ഇത് തടരാനുള്ള പുതിയ തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Next Story
Read More >>