ഒരു സംസ്ഥാനത്തിനും സി.എ.എ നടപ്പിലാക്കാതിരിക്കാൻ പറ്റില്ല, അത് ഭരണഘടനാ വിരുദ്ധമാണ്: കപിൽ സിബൽ

നേരത്തേ സി.എ.എയ്‌ക്കെതിരെ കേരളം സുപ്രിം കോടതിയെ സമീപിച്ചിരുന്നു

ഒരു സംസ്ഥാനത്തിനും സി.എ.എ നടപ്പിലാക്കാതിരിക്കാൻ പറ്റില്ല, അത് ഭരണഘടനാ വിരുദ്ധമാണ്: കപിൽ സിബൽ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പിലാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് സാധിക്കില്ലെന്ന് കോൺഗ്രസ് നേതാവും സുപ്രിം കോടതി അഭിഭാഷകനുമായ കപിൽ സിബൽ. പാർലമെന്റ് പാസാക്കിയ ഒരു നിയമം സംസ്ഥാനങ്ങൾ നടപ്പിലാക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. 'സി.എ.എ പ്രാബല്യത്തിൽ വന്നാൽ ഒരു സംസ്ഥാനത്തിനും ഞങ്ങളത് നടപ്പാക്കില്ലെന്ന് പറയാൻ പറ്റില്ല. അത് സാദ്ധ്യമല്ലെന്നതുമാത്രമല്ല, ഭരണഘടനാ വിരുദ്ധവുമാണ്. നിങ്ങൾക്ക് അതിനെ എതിർക്കാം. നിയമസഭയിൽ പ്രമേയം പാസാക്കാനും കേന്ദ്ര സർക്കാരിനോട് നിയമം പിൻവലിക്കാനും ആവശ്യപ്പെടാം. പക്ഷേ, ഭരണഘടനാപരമായി അത് നടപ്പിലാക്കില്ലെന്ന് പറയുന്നത് പ്രശ്‌നങ്ങളുണ്ടാക്കുകയും സങ്കീർണതകൾ സൃഷ്ടിക്കുകയും ചെയ്യും.'- കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ കപിൽ സിബൽ പറഞ്ഞു.

സി.എ.എ നടപ്പാക്കില്ലെന്ന് പറയുമ്പോൾ സംസ്ഥാനങ്ങൾ എന്താണ് അർത്ഥമാക്കുന്നതെന്ന് സിബൽ വിശദീകരിച്ചു. ' ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ)നെ അടിസ്ഥാനമാക്കിയുള്ളതാണ് എൻ.ആർ.സി. പ്രാദേശിക രജിസ്ട്രാറാണ് എൻ.പി.ആർ നടപ്പിലാക്കേണ്ടത്. ഓരോ കമ്മ്യൂണിറ്റിയുടെ അടിസ്ഥാനത്തിൽ പ്രാദേശിക രജിസ്ട്രാറെ നിയമിക്കേണ്ടത് സംസ്ഥാന സർക്കാരുകളാണ്. സംസ്ഥാന തലത്തിലുള്ള ഉദ്യോഗസ്ഥനെ കേന്ദ്ര സർക്കാരുമായി സഹകരിക്കാൻ അനുവദിക്കാതിരിക്കാൻ സാധിക്കുമോ ഇല്ലയോ എന്നതിൽ എനിക്ക് ഉറപ്പില്ല. പക്ഷേ, ഭരണഘടനയനുസരിച്ച്, പാർലമെന്റ് പാസാക്കിയ നിയമം അനുസരിക്കില്ലെന്ന് സംസ്ഥാനങ്ങൾ തീരുമാനമെടുക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. '-അദ്ദേഹം പറഞ്ഞു.

സി.എ.എക്കെതിരായ സമരങ്ങൾ ആദ്യം ഉയർന്നുവന്നത് വിദ്യാർത്ഥികളിൽ നിന്നായത് നന്നായി. അതുകൊണ്ട് ജനങ്ങളുടെ ആത്മാർഥമായ പിന്തുണ ലഭിച്ചു. ജനങ്ങളുടെ സ്വപ്നങ്ങൾ വിറ്റാണ് മോദി അധികാരത്തിലേറിയത്. ഇനി ദേശീയതലത്തിൽ ധ്രുവീകരണം സാധ്യമല്ലെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു.

നേരത്തേ സി.എ.എയ്‌ക്കെതിരെ കേരളം സുപ്രിം കോടതിയെ സമീപിച്ചിരുന്നു. നിയമം വിവേചനപരമാണെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് കേരളം സുപ്രിം കോടതിയെ സമീപിച്ചത്. കേന്ദ്രത്തിന്റെ നിയമത്തിനെതിരെ ആദ്യമായി സുപ്രിം കോടതിയെ സമീപിക്കുന്ന സംസ്ഥാനമാണ് കേരളം. അതിനു മുമ്പ് നിയമസഭയിൽ കേന്ദ്രം കൊണ്ടുവന്ന സി.എ.എയ്‌ക്കെതിരെ കേരള സർക്കാർ പ്രമേയം കൊണ്ടുവന്നിരുന്നു. നിയമസഭിയൽ കേന്ദ്ര നിയമത്തിനെതിരെ ആദ്യമായി പ്രമേയം പാസാക്കുന്നതും കേരളമാണ്. കേരളത്തെ പിന്തുടർന്ന് പഞ്ചാബ് നിയമസഭയും സി.എ.എയ്‌ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.

മറ്റ് സംസ്ഥാനങ്ങളായ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും സി.എ.എയും എൻ.ആർ.സിയും എൻ.പി.ആറും നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.

Next Story
Read More >>