ആസിമിന് പഠനം തുടരണം; പോരാട്ടം ഡല്‍ഹിയില്‍

താന്‍ പഠിച്ചിരുന്ന വെളിമണ്ണ ഗവ. മാപ്പിള യു.പി സ്‌കൂളിനെ ഹൈസ്‌കൂളായി ഉയര്‍ത്താനാണ് ആസിമിന്റെ പോരാട്ടം

ആസിമിന് പഠനം തുടരണം; പോരാട്ടം ഡല്‍ഹിയില്‍

കോഴിക്കോട്: 13കാരനായ മുഹമ്മദ് ആസിം കടുത്ത ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടിയാണ്. രണ്ടു കൈകളും പൂര്‍ണ്ണമായും ഇല്ലാത്ത അവസ്ഥ. സ്വന്തമായി നടക്കാന്‍ പോലുമാകില്ല. മാസങ്ങളായി ഒരു സമരമുഖത്താണ് ആസിമുള്ളത്. താന്‍ പഠിച്ചിരുന്ന വെളിമണ്ണ ഗവ. മാപ്പിള യു.പി സ്‌കൂളിനെ ഹൈസ്‌കൂളായി ഉയര്‍ത്താനാണ് ആസിമിന്റെ പോരാട്ടം. ഇവിടെ നിന്ന് ഏഴാംക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ആസിമിന് പഠനം തുടരണമെങ്കില്‍ തന്റെ സ്‌കൂള്‍ ഹൈസ്‌കൂളായി ഉയരേണ്ടതുണ്ട്.

തന്റെ ആവശ്യത്തിന് പരിഹാരം തേടി ഡല്‍ഹിയിലാണ് ആസിം ഇപ്പോഴുള്ളത്. ദേശീയ ബാലവകാശ കമ്മീഷനിലെത്തിയ ആസിം ഇന്നലെ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സന്‍ പ്രിയങ്ക് കനൂഗോയെ കാണുകയുണ്ടായി. പിതാവ് മുഹമ്മദ് സഈദ്, സാമൂഹ്യപ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ എന്നിവരുടെ കൂടെയാണ് ആസിം ഡല്‍ഹിയിലെത്തിയത്. ആസിമിന്റെ പഠനവുമായി ബന്ധപ്പെട്ട് കമ്മീഷന്റെ നിര്‍ദ്ദേശം ഒന്നില്‍ കൂടുതല്‍ തവണ കേരള പൊതുവിദ്യാഭ്യാസ വകുപ്പ് വകവച്ചില്ല എന്ന് പ്രിയങ്ക് കനൂഗോ ചൂണ്ടിക്കാട്ടിയതായി നൗഷാദ് തെക്കയില്‍ പറഞ്ഞു.

അം?ഗപരിമിതിയുടെ തോത് 90 ശതമാനമായതിനാല്‍ അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഹൈസ്‌കൂളിലേക്ക് ദിവസവും എത്തുക എന്നത് ശ്രമകരമാണ്. ആസിമിന്റെ പഠനം ഉറപ്പു വരുത്തുന്നതിന് വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനും ബാലവകാശ കമ്മീഷനും നേരത്തെ സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാറോ പൊതുവിദ്യാഭ്യാസ വകുപ്പോ തയ്യാറായിട്ടില്ല. സംസ്ഥാന സര്‍ക്കാറില്‍ നിന്നും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി ആസിമിന്റെ പഠനം മുടങ്ങിക്കിടക്കുകയാണ്. തങ്ങളുടെ ആവശ്യവുമായി ആസിമിന്റെ പിതാവ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതിയില്‍ നിന്നും ആസിമിന് അനുകൂല വിധിയാണുണ്ടായതെങ്കിലും പൊതു വിദ്യാഭ്യാസ വകുപ്പ് നല്‍കിയ അപ്പീലില്‍ കോടതി സ്റ്റേ ഓര്‍ഡര്‍ ഇറക്കുകയായിരുന്നു. ഈ അപ്പീലിന്മേലുള്ള സ്റ്റേ ഓര്‍ഡര്‍ നിലനില്‍ക്കുന്നതാണ് വെളിമണ്ണ സ്‌കൂളിനെ ഹൈസ്‌കൂളായി ഉയര്‍ത്തുന്നതിനുള്ള തടസ്സം. സ്റ്റേ ഓര്‍ഡര്‍ നീങ്ങണമെങ്കില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണം. വേനലവധി കഴിഞ്ഞ് ജൂണില്‍ വീണ്ടും സ്‌കൂള്‍ തുറക്കുമ്പോള്‍ തന്റെ യു.പി സ്‌കൂള്‍ ഹൈസ്‌കൂളായി മാറുമെന്ന പ്രതീക്ഷയിലാണ് ആസിം. തനിക്ക് മാത്രമല്ല സമീപത്തുള്ള കുട്ടികള്‍ക്കും ഇത് ഉപകാരപ്രദമാകുമെന്ന് ഈ ബാലന്‍ കരുതുന്നു.

Read More >>