ലീഗിനെതിരെയും സമസ്തക്കെതിരെയും വീണ്ടും കെടി ജലീല്‍

ദേശമംഗലത്തും പന്തല്ലൂരിലും വടശ്ശേരിയിലും കിനാലൂരിലും തരുവണയിലും ഓണംപിള്ളിയിലും പത്തനാപുരത്തും കൂടത്തായിയിലും ഒക്കെയുള്ള ചില 'മഹാന്‍മാര്‍'ക്ക് മാത്രം അര്‍ഹതപ്പെട്ടതാണ് സ്വര്‍ഗ്ഗമെങ്കില്‍ ഞങ്ങളെപ്പോലുള്ളവരെ നിങ്ങള്‍ നരകത്തിലേക്ക് തള്ളി വിട്ടോളൂ. ഒരു പരിഭവവുമില്ലെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ലീഗിനെതിരെയും സമസ്തക്കെതിരെയും വീണ്ടും കെടി ജലീല്‍

കെഎം ഷാജിയെ അയോഗ്യനാക്കിയ നോട്ടീസ് ആയുധമാക്കി ലീഗ് നേതൃത്വത്തിനെതിരെ മന്ത്രി കെടി ജലീല്‍. അഴീക്കോട് എംഎല്‍എയെ അയോഗ്യനാക്കാന്‍ ഇടയാക്കിയ നോട്ടീസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പാതിരാ പ്രസംഗകരെ കൊണ്ട് ഇസ്ലാമില്‍ നിന്നും തന്നെ പുറത്താക്കാനുള്ള ശ്രമത്തിലാണ് മുസ്ലിംലീഗ് നേതൃത്വമെന്ന് കെടി ജലീല്‍ ആരോപിച്ചു. ആ മുറുക്കാന്‍ പൊതി കയ്യിലിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ഗ്ഗം ഏതെങ്കിലും വിഭാഗക്കാര്‍ക്കോ ദേശക്കാര്‍ക്കോ നെറ്റിയില്‍ സ്റ്റിക്കറൊട്ടിച്ചവര്‍ക്കോ മാത്രം അവകാശപ്പെട്ടതാണോ? ഞാന്‍ മനസ്സിലാക്കിയ ഖുര്‍ആനും പ്രവാചക ചര്യയും പ്രകാരം ജീവിതത്തില്‍ തിന്‍മയെക്കാള്‍ നന്മ ഒരംശം അധികരിപ്പിച്ച സര്‍വ്വ മനുഷ്യര്‍ക്കും അവകാശപ്പെട്ടതത്രെ സ്വര്‍ഗ്ഗം.'സിറാത്ത്' പാലം (നരകത്തിന് മുകളിലൂടെ കെട്ടിയ സ്വര്‍ഗ്ഗത്തിലേക്കുള്ള പാലം) കടക്കാത്തവരുടെ പട്ടിക തയ്യാറാക്കാന്‍ ലീഗ് നേതൃത്വത്തെ ആരാണ് ചുമതലപ്പെടുത്തിയതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

മഹാത്മാഗാന്ധിയും മൗലാനാ മുഹമ്മദലിയും മദര്‍ തരേസയും എ.കെ.ജി യും സ്വര്‍ഗ്ഗത്തില്‍ ഉണ്ടാകുമെന്ന് കരുതാനാണ് തനിക്കിഷ്ടം. ദേശമംഗലത്തും പന്തല്ലൂരിലും വടശ്ശേരിയിലും കിനാലൂരിലും തരുവണയിലും ഓണംപിള്ളിയിലും പത്തനാപുരത്തും കൂടത്തായിയിലും ഒക്കെയുള്ള ചില 'മഹാന്‍മാര്‍'ക്ക് മാത്രം അര്‍ഹതപ്പെട്ടതാണ് സ്വര്‍ഗ്ഗമെങ്കില്‍ ഞങ്ങളെപ്പോലുള്ളവരെ നിങ്ങള്‍ നരകത്തിലേക്ക് തള്ളി വിട്ടോളൂ. ഒരു പരിഭവവുമില്ലെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഏതെങ്കിലും സംഘടനാ നേതാക്കളുടെ കോന്തലയിലാണ് സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍കൂട്ടം കെട്ടിത്തൂക്കി ഇട്ടിരിക്കുന്നതെന്നും കരുതുന്ന ആളല്ല ഞാന്‍. അതു കൊണ്ട് തന്നെ എനിക്കതിലൊന്നും ഒട്ടും ഭയപ്പാടുമുണ്ടാകില്ല. അങ്ങിനെയൊക്കെ ആശങ്കപ്പെടുന്നവരോട് മതി നിങ്ങളുടെ വിരട്ടലും കണ്ണുരുട്ടലെന്നും കെടി ജലീല്‍ വ്യക്തമാക്കി.


Read More >>