സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടം കൊങ്കണി ഭാഷാ പഠനത്തിന് പാഠപുസ്തകങ്ങളില്ല

മലയാളം, അറബിക്, സംസ്‌കൃതം, ഉറുദു തുടങ്ങിയ വിഷയങ്ങൾ പോലെ കൊങ്കണി ഭാഷ വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുമില്ല.

സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടം കൊങ്കണി ഭാഷാ പഠനത്തിന് പാഠപുസ്തകങ്ങളില്ല

കാസര്‍കോട്: സർക്കാരിന്റെ ഉത്തരവുണ്ടായിട്ടും അഞ്ചാം ക്ലാസ്സിലെ കൊങ്കണി ഭാഷാപാഠപുസ്തകം 'കേരള പാഠാവലി-കൊങ്കണി' ഇതുവരെ സ്‌കൂൾ തലങ്ങളിൽ എത്തിയില്ല.

ഇതോടെ കൊങ്കണി ഭാഷാ പഠനമെന്ന കൊങ്കണി മാതൃഭാഷക്കാരുടെ ചിരകാല ആവശ്യമാണ് ഇല്ലാതായത്. ഇതോടെ കേരളത്തിൽ ഒന്നാം ഭാഷയായി കൊങ്കണി തിരഞ്ഞെടുത്ത് പഠിക്കാൻ സംവിധാനമില്ലെന്നാണ് പരാതി. കൊങ്കണി ഭാഷാപഠനം സ്‌കൂൾ തലങ്ങളിൽ ആരംഭിക്കുന്നതിനായി 2012 ൽ സർക്കാർ ഉത്തരവ് (G.O.(Rt) 3237/12.G.Edn, dated 07.07.2012) പ്രാബല്യത്തിൽ വന്നിരുന്നു. ഉത്തരവ് പ്രകാരം അഞ്ചാം തരത്തിൽ കൊങ്കണി ഭാഷ പാഠപുസ്തകം അച്ചടിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എസ്.ഇ.ആർ.ടി.സി പൂർത്തിയാക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ടെക്സ്റ്റ് ബുക് ഓഫീസിൽ നിന്ന് പുസ്തകം അച്ചടിക്കാൻ (Letter No.A2-1406/11 TBO, dated 27.07.2012) എറണാക്കുളത്തെ കേരള ബുക്ക് പബ്ലിഷിങ് സൊസൈറ്റി ഓഫിസിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. 2012 ൽ വന്ന ഈ ഉത്തരവ് പ്രകാരം 2012-13 അധ്യയന വർഷം മുതൽ പുസ്തകം ലഭ്യമാകുമെന്നും വ്യക്തമാക്കി. ഏഴു വർഷമായിട്ടും കേരളത്തിലെ വിദ്യാലയങ്ങളിൽ കൊങ്കണി പാഠപുസ്തകം എത്തിയില്ല.

മലയാളം, അറബിക്, സംസ്‌കൃതം, ഉറുദു തുടങ്ങിയ വിഷയങ്ങൾ പോലെ കൊങ്കണി ഭാഷ വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുമില്ല. ആദ്യവർഷം അഞ്ചാം തരത്തിലും തുടർന്നുള്ള വർഷങ്ങളിൽ അടുത്ത ക്ലാസ്സുകളിലുമായി പുസ്തകം പ്രസിദ്ധീകരിച്ച് നൽകാനുമാണ് സംസ്ഥാന ടെക്സ്റ്റ് ബുക്ക് അധികൃതർ സിലബസ് തയ്യാറാക്കി നൽകിയത്. എന്നാൽ പുസ്തകം ലഭ്യമാക്കുകയോ, സമഗ്ര, സമ്പൂർണ വെബ്സൈറ്റിൽ ചേർക്കുകയോ ചെയ്തിട്ടില്ല.

2012 ലെ സർക്കാർ ഉത്തരവ് പ്രകാരം പുസ്തകം ലഭ്യമാക്കിയിരുന്നെങ്കിൽ ഇപ്പോൾ പ്ലസ്ടു വിദ്യാർത്ഥികൾക്ക് വരെ കൊങ്കണി ഭാഷാവിഭാഗക്കാർക്ക് മാതൃഭാഷ പഠിക്കാൻ അവസരമുണ്ടാകുമായിരുന്നു. സിവിൽ സർവ്വീസ് മെയിൻ പരീക്ഷയ്ക്ക് പോലും കൊങ്കണി ഐഛീക വിഷയമായി തിരഞ്ഞെടുക്കാം. 250 മാർക്ക് വീതമുള്ള രണ്ടു പേപ്പറുകൾ അടങ്ങുന്ന മൊത്തം 500 മാർക്ക് ഇതിനു ഉണ്ടാകും. പരീക്ഷാർത്ഥികളുടെ തിരഞ്ഞെടുപ്പ് തീരുമാനിക്കുന്നതിൽ ഐഛീക വിഷയങ്ങൾ പ്രധാന പങ്കുണ്ട്. കൂടാതെ, ഇംഗ്ലീഷിനൊപ്പം ഒരു ഇന്ത്യൻ ഭാഷ ഉൾക്കൊള്ളുന്ന മെയിൻസ് പേപ്പറിനും കൊങ്കണിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ കേരളത്തിൽ സ്‌കൂൾ തലത്തിൽ കൊങ്കണി ഭാഷാപഠനമില്ലാത്തതിനാൽ പരീക്ഷാർത്ഥികൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കൊങ്കണി ഭാഷാ വിഭാഗക്കാർ പറയുന്നു.

സ്‌കൂളുകളിൽ പുസ്തക വിതരണം വൈകിപ്പിക്കുന്നതിലൂടെ കുട്ടികളുടെ ഭരണഘടനാപരമായ അവകാശം കൂടിയാണ് നഷ്ടപ്പെടുന്നത്. കൊങ്കണി ഭാഷാ തൽപ്പരരായ വിദ്യാർത്ഥികളുടെ ആവശ്യം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് നിവേദനം നൽകിയതായി എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള കൊങ്കണി കൾച്ചറൽ ഫോർട്ട് പ്രസിഡന്റും കേന്ദ്ര സാഹിത്യ അക്കാദമിയിലെ കൊങ്കണി അഡൈ്വസറി ബോർഡ് അംഗവുമായ ചന്ദ്രബാബു ഷെട്ടി 'തത്സമയ'ത്തോട് പറഞ്ഞു. ഗോവയിലെ ഔദ്ധ്യോഗിക ഭാഷയായ കൊങ്കണി കൊങ്കൺ പ്രദേശത്തെ ഭാഷയാണ്.

മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലും കേരളത്തിൽ കൊച്ചി, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിലും കൊങ്കണി ഭാഷ മാതൃഭാഷ ആയിട്ടുള്ളവർ ധാരാളമുണ്ട്. ദേവനാഗരി ലിപിയുപയോഗിച്ച് എഴുതുന്ന കൊങ്കണി ഇന്തോ യൂറോപ്യൻ കുടുംബത്തിൽപ്പെട്ട ഒരു ഇന്തോ ആര്യൻ ഭാഷയായാണ് അറിയപ്പെടുന്നത്. കേരളത്തിൽ പതിനഞ്ച് ലക്ഷത്തോളം കൊങ്കണി ഭാഷ സംസാരിക്കുന്നവർ ഉണ്ടെന്നാണ് അനൗദ്ധ്യോഗിക കണക്ക്.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള കൊങ്കണി അക്കാദമി പതിനഞ്ച് വർഷത്തോളമായി സ്പന്ദൻ എന്ന പേരിൽ കൊങ്കണി മാസികയും പ്രസിദ്ധീകരിച്ചുവരുന്നുണ്ട്.

Read More >>