പുത്തുമല; വിദഗ്ദ്ധ നായ്ക്കളെത്തി, തിരച്ചില്‍ തുടരുന്നു

മാപ്പിംഗ് വിദഗ്ദ്ധന്റെ നിര്‍ദേശങ്ങളനുസരിച്ചുള്ള തിരച്ചില്‍ ഫലം കണ്ടില്ല

പുത്തുമല; വിദഗ്ദ്ധ നായ്ക്കളെത്തി, തിരച്ചില്‍ തുടരുന്നു


വയനാട്: മണ്ണിടിച്ചി്ല്‍ നടന്ന മൂന്ന് ദിവസമായിട്ടും മൃതദേഹങ്ങള്‍ ഒന്നും കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പുത്തുമലയില്‍ എറണാകുളത്ത് നിന്നുള്ള വിദഗ്ദ്ധ നായ്ക്കളെ എത്തിച്ചു. മണം പിടിച്ച് മൃതദേഹത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയുന്ന സ്‌നിഫര്‍ ഡോഗ്‌സിനെ ഉപയോഗിച്ചാണ് നിലവില്‍ പുത്തുമലയില്‍ തിരച്ചില്‍ നടത്തുന്നത്. എന്നാല്‍ നായ്ക്കള്‍ക്ക് പോലും കടന്നുചെല്ലാന്‍ പറ്റാത്ത വിധത്തില്‍ ദുഷ്‌കരമാണ് പ്രദേശത്തിന്റെ പ്രതലം. മണ്ണും കല്ലും വീണടിഞ്ഞും നിര്‍ത്താതെ പെയ്ത മഴയിലും ചതുപ്പ് പ്രദേശത്തിന് സമാനമായ പുത്തുമലയില്‍ നായക്കളുടെ കാലുകള്‍ പോലും ചളിയില്‍ ആണ്ടുപോകുകയാണ്. ഇവയെ ഉപയോഗിച്ചുള്ള തിരച്ചില്‍ എത്രത്തോളം പ്രാവര്‍ത്തികമാണെന്ന്് പറയാന്‍ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. മണ്ണുമാന്തിയന്ത്രങ്ങളും തിരച്ചിലിനിടയില്‍ പലപ്പോഴും ചതുപ്പില്‍ പുതഞ്ഞു പോയിരുന്നു.

റിമോര്‍ട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കാനറുകള്‍ക്ക് ഒരു പക്ഷെ എല്ലായിടത്തും തിരച്ചില്‍ നടത്താന്‍ സാധിക്കും. എന്നാല്‍ പ്രദേശത്തിന്റെ നിലവിലെ അവസ്ഥയനുസരിച്ച് അതൊന്നും പുത്തുമലയില്‍ പ്രാവര്‍ത്തികമല്ലെന്നാണ് ദുരന്തനിവാരണ സേനയുടെ അഭിപ്രായം. പാറക്കല്ലുകളും മരത്തടികളും നിറഞ്ഞ ദുരന്തഭൂമിയില്‍ സ്‌കാനറുകള്‍ പരാജയപ്പെടുമെന്നാണ് നിഗമനം.

നാട്ടുകാര്‍ പറഞ്ഞ സാധ്യതകള്‍ക്കനുസരിച്ചായിരുന്നു ഏക്കറുകണക്കിന് ഭൂമിയില്‍ കഴിഞ്ഞ മൂന്ന് ദിവസവും മണ്ണുമാന്തി ഉപയോഗിച്ച് തെരച്ചില്‍ നടത്തിയത്. മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നയിടം പ്രവചിച്ച് ഭൂപടം തയ്യാറാക്കിയും പുത്തുമലയിലെ ഇന്നലത്തെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

അതിശക്തമായ മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയില്‍ ഇനി ഏഴുപേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ആകെ 10 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കിട്ടിയത്.

Read More >>