കവളപ്പാറ: ഒരു മൃതദേഹം കൂടി കണ്ടെത്തി, പുത്തുമലയില്‍ കാണാതായവര്‍ക്ക് വേണ്ടി സൂചിപ്പാറയില്‍ തിരച്ചില്‍

കവളപ്പാറയില്‍ 12 ഉം, പുത്തുമലയില്‍ അഞ്ചും ആളുകളെയാണ് ഇനി കണ്ടെത്താനുള്ളത്

കവളപ്പാറ: ഒരു മൃതദേഹം കൂടി കണ്ടെത്തി, പുത്തുമലയില്‍ കാണാതായവര്‍ക്ക് വേണ്ടി സൂചിപ്പാറയില്‍ തിരച്ചില്‍

കവളപ്പാറ/കല്‍പ്പറ്റ: ഇന്ന് രാവിലെ കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 47 ആയി, ഇനി 12 പേരെയാണ് കണ്ടെത്താനുള്ളതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഞായറാഴ്ച നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയര്‍ഫോഴ്സും സന്നദ്ധ സംഘടന പ്രവര്‍ത്തകരുമാണ് തെരച്ചില്‍ നടത്തുന്നത്. തിരച്ചില്‍ ഇന്നും തുടരുകയാണ്

പുത്തുമലയില്‍ ഇനി കണ്ടെത്താനുളള അഞ്ച് പേരുടെ മൃതദേഹങ്ങള്‍ക്കായി സൂചിപ്പാറയില്‍ തിരച്ചില്‍ നടത്തും. ഇന്നലെ കണ്ടെത്തിയ മൃതദേഹം ദുരന്തം നടന്നതിന് 6 കിലോമീറ്റര്‍ മാറി സൂചിപ്പാറയ്ക്കു സമീപം ഏലവയലിലാണ് കിടന്നിരുന്നത്. സ്ത്രീയുടെ മൃതദേഹമാണ് ലഭിച്ചത്. ഞായറാഴ്ച ലഭിച്ച പുരുഷന്റെ മൃതദേഹവും ഈ പരിസരത്ത് നിന്ന് തന്നെയാണ് ലഭിച്ചത്. പുത്തുമലയില്‍ അപകടത്തില്‍പ്പെട്ടവര്‍ മലവെള്ളപ്പാച്ചിലില്‍ സൂചിപ്പാറയില്‍ എത്തിയേക്കാം എന്ന സംശയത്തെ തുടര്‍ന്നാണ് തിരച്ചില്‍ ഇങ്ങോട്ട് മാറ്റിയത്.പുത്തുമലയില്‍ നിന്നും ഇതിനോടകം 12 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഞായറാഴ്ച കണ്ടെത്തിയ പുരുഷന്റെ മൃതദേഹം ആരുടെതാണെന്നു തിരിച്ചറിയുന്നതിനുള്ള ഡിഎന്‍എ പരിശോധനയുടെ ഫലം 2 ദിവസത്തിനുള്ളില്‍ ലഭിക്കും. കാണാതായ പുത്തുമല സ്വദേശി അണ്ണയ്യയുടേയും പൊള്ളാച്ചി സ്വദേശി ഗൗരീശങ്കറിന്റെയും ബന്ധുക്കള്‍ മൃതദേഹത്തില്‍ അവകാശവാദമുന്നയിച്ചതോടെയാണ് ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചത്.

Read More >>