ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു

കൊച്ചി: ഗസൽ ഗായകൻ ഉമ്പായി (68) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് 4.40നായിരുന്നു അന്ത്യം. കാൻസർ ബാധിതനായി ചികിൽസയിലായിരുന്നു....

ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു

കൊച്ചി: ഗസൽ ഗായകൻ ഉമ്പായി (68) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് 4.40നായിരുന്നു അന്ത്യം. കാൻസർ ബാധിതനായി ചികിൽസയിലായിരുന്നു. കേരളത്തിലെ ഗസൽ ഗായകരിൽ പ്രമുഖനാണ് പി.എ. ഇബ്രാഹിം എന്ന ഉമ്പായി. നിരവധി ഗസൽ ആൽബങ്ങളിൽ പാടിയിട്ടുള്ള ഉമ്പായി സംഗീത സംവിധായകൻ എം. ജയചന്ദ്രനുമായി ചേർന്ന് നോവൽ എന്ന സിനിമയ്ക്ക് സംഗീതവും നൽകിയിട്ടുണ്ട്.

കുട്ടിക്കാലത്ത് തബല വാദകനായാണ് ഉമ്പായി സംഗീത ലോകത്തേക്ക് പിച്ചവച്ചത്. ജനപ്രിയ ഗായകനായിരുന്ന എച്ച്‌.മെഹ്ബൂബിന്റെ തബലിസ്റ്റായി ജീവിതം തുടങ്ങി. പിന്നീട് തബലയില്‍ കൂടുതല്‍ പ്രാവീണ്യം നേടുകയെന്ന ലക്ഷ്യത്തോടെ മുംബയിലേക്ക് വണ്ടികയറി. അവിടെ ഉസ്താദ് മുജാവര്‍ അലിയുടെ ശിഷ്യനായി. അപ്പോഴാണ് തബലയെക്കാള്‍ ഉമ്പായിക്ക് മികവ് ആലാപനത്തിലാണെന്ന് അലി തിരിച്ചറിഞ്ഞത്. ഗസലിന് ചേരുന്ന ശബ്ദമാണ് ഉമ്പായിയുടേതെന്ന് തിരിച്ചറിഞ്ഞ അലി അദ്ദേഹത്തെ വഴിമാറ്റി വിട്ടു. ഗുരുവിന്റെ നിര്‍ദ്ദേശം ശിരസാവഹിച്ച ഉമ്പായി ഗസല്‍ ജീവിതവുമാക്കി.

പിന്നീട് അദ്ദേഹം കേരളത്തിലേക്ക് മടങ്ങിയെത്തി ഗസലിനായി സംഗീത ട്രൂപ്പുണ്ടാക്കി. മലയാളത്തിലെ തന്നെ ആദ്യ ഗസല്‍ സംഗീത ട്രൂപ്പായിരുന്നു അത്. മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഗാനമേഖലയായിരുന്നു ഗസല്‍ സംഗീതമെന്നതിനാല്‍ തന്നെ ആദ്യമൊന്നും ജനം സ്വീകരിച്ചില്ല. എന്നാല്‍,​ പതിയെപ്പതിയെ ഉമ്പായിയുടെ ഗസല്‍ മഴയില്‍ മലയാളികള്‍ അലിയാന്‍ തുടങ്ങി. പിന്നീട് രാത്രികാലങ്ങളില്‍ കൊച്ചിയിലെ ഹോട്ടലുകളില്‍ ഉമ്പായി പെയ്യിച്ച ഗസല്‍ മഴ അനുഭവിക്കാന്‍ നിരവധി പേര്‍ എത്തി. രാത്രിയില്‍ ഗസലുമായി മലയാളികളെ കൈയിലെടുത്ത അദ്ദേഹം പകല്‍ സമയങ്ങളില്‍ മറ്റു പല ജോലികളും ചെയ്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഗസലുകള്‍ അവതരിപ്പിച്ച ഉമ്പായി ഗള്‍ഫ് നാടുകളിലും ഗസലുകള്‍ അവതരിപ്പിച്ച്‌ ആരാധകവൃന്ദത്തെ നേടിയെടുത്തു.

പ്രണാമം എന്ന പേരില്‍ പുറത്തിറക്കിയ ആദ്യത്തെ മലയാള ഗസല്‍ ആല്‍ബം ഉമ്പായിയുടെ ജീവിതത്തിലെ വഴിത്തിരിവായി. ഗസല്‍ ഹിറ്റായതോടെ ഉമ്പായിയെ തേടി ആരാധകര്‍ എത്തി. ഒ.എന്‍.വി, സച്ചിദാനന്ദന്‍, യൂസഫലി കേച്ചേരി,​ വേണു വി.ദേശം തുടങ്ങിയവരുടെ വരികള്‍ ഉമ്ബായി ഗസലുകളാക്കി മാറ്റിയപ്പോള്‍ പുതിയൊരു പിറവിയായിരുന്നു അതിലൂടെ ഉടലെടുത്തത്. ഉമ്പായിക്കു വേണ്ടി മൂന്ന് ആല്‍ബങ്ങളിലായി 27 കവിതകളാണ് ഒ.എന്‍.വി രചിച്ചത്. ‘നന്ദി പ്രിയസഖീ നന്ദി’, ‘പിന്നെയും പാടുന്നു സൈഗാള്‍’ എന്നിവയാണ് ആ ആല്‍ബങ്ങള്‍. മലയാളത്തില്‍ ഗസല്‍ വിജയിക്കില്ലെന്ന് പല കവികളുടെയും വിശ്വാസം ഒ.എന്‍.വിക്കുണ്ടായിരുന്നതായി ഉമ്പായി പറഞ്ഞിട്ടുണ്ട്.

മലയാളത്തില്‍ ഗസലുണ്ടാക്കുന്നതിന് കവിതകള്‍ക്കായി സച്ചിദാനന്ദന്‍, യൂസഫലി കേച്ചേരി തുടങ്ങിയവരെ സമീപിച്ചെങ്കിലും കടുത്ത എതിര്‍പ്പാണുണ്ടായത്. അത്തരം ഒരു പരീക്ഷണത്തിന് സമയം കളയേണ്ടെന്നായിരുന്നു അവരുടെയൊക്കെ അഭിപ്രായം. തുടര്‍ന്നാണ് ഒ.എന്‍.വിയെ സമീപിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായവും മറ്റൊന്നായിരുന്നില്ല. എന്നാല്‍ ഒ.എന്‍.വി പൂര്‍ണമായും നിരുത്സാഹപ്പെടുത്തിയുമില്ല. വീണ്ടും സമീപിച്ചപ്പോള്‍ ആദ്യം എതിര്‍പ്പു പറഞ്ഞ സച്ചിദാനന്ദനും യൂസഫലി കേച്ചേരിയും കവിതകള്‍ നല്‍കാന്‍ പിന്നീട് തയ്യാറായി. മനോഹരമായ ഇവരുടെ വരികളില്‍ ഗസല്‍ ആല്‍ബങ്ങള്‍ ഇറങ്ങുകയും ചെയ്തു.

‘അകലം മൗനംപോല്‍’ എന്ന സച്ചിദാനന്ദന്റെ രചനയിലുള്ള ആല്‍ബം പ്രകാശനം ചെയ്യാനെത്തിയ ഒ.എന്‍.വി അടുത്ത ആല്‍ബത്തിന് കവിതകള്‍ നല്‍കാമെന്ന് ഉറപ്പു നല്‍കി. അങ്ങനെയാണ് ഒ.എന്‍.വിയുടെ ഒമ്പത് പ്രണയ കവിതകളുമായി ‘പാടുക സൈഗാള്‍ പാടൂ’ എന്ന ആല്‍ബം പുറത്തിറങ്ങിയത്.

Story by
Read More >>