ഇതാണ് കേരളം! കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് വൃത്തിയാക്കി ഡി.വൈ.എഫ്.ഐ

രാഷ്ട്രീയദ്വേഷം പുകഞ്ഞ മണ്ണില്‍, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഈ പ്രളയത്തില്‍ പുതിയ അദ്ധ്യായം തുന്നിച്ചേര്‍ത്തു.

ഇതാണ് കേരളം! കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് വൃത്തിയാക്കി ഡി.വൈ.എഫ്.ഐ

കണ്ണൂര്‍: രാഷ്ട്രീയ വൈരങ്ങള്‍ക്ക് പേരു കേട്ട നാടാണ് കണ്ണൂര്‍. രാഷ്ട്രീയ കൊലപാതകങ്ങളില്‍ പലവുരു കണ്ണീരും ചോരയും വീണ മണ്ണ്. പതിറ്റാണ്ടുകള്‍ നീണ്ട ആ വൈരത്തെ, ജലം അതിന്റെ സ്നേഹക്കൈ കൊണ്ടു തൊട്ടു, പ്രളയത്തിന്റെ രൂപത്തില്‍.

രാഷ്ട്രീയദ്വേഷം പുകഞ്ഞ മണ്ണില്‍, എല്ലാ വൈരവും മറന്ന് മട്ടന്നൂരിലെ കോണ്‍ഗ്രസ് ഓഫീസ് വൃത്തിയാക്കിയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഈ പ്രളയത്തില്‍ പുതിയ അദ്ധ്യായം തുന്നിച്ചേര്‍ത്തത്. മട്ടന്നൂര്‍ പൊറോറയിലെ കോണ്‍ഗ്രസ് ഓഫീസാണ് ഒരു കൂട്ടം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വൃത്തിയാക്കിയത്.

ഡി.വൈ.എഫ്.ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള യുവജന സ്‌ക്വാഡുകള്‍ ബ്ലോക്ക് പരിധിയിലെ പ്രളയബാധിത പ്രദേശങ്ങളിലെല്ലാം ഇന്ന് ശുചീകരണത്തിനിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ഓഫീസും ശുചിയാക്കുകയായിരുന്നു. ഏളന്നൂര്‍ യൂണിറ്റിലെ വളണ്ടിയര്‍മാരാണ് കോണ്‍ഗ്രസ് ഓഫീസിന്റെ വരാന്തയും ഓഫീസ് മുറിയും ഫര്‍ണിച്ചറുകളുമെല്ലാം ഉപയോഗ യോഗ്യമാക്കിയത്.

പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം ജാതി,മത, രാഷ്ട്രീയങ്ങള്‍ ഒന്നും നോക്കാതെയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

Read More >>