മുന്‍ ചീഫ് സെക്രട്ടറിമാരും ഡി. ജി. പിമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം; സംസ്ഥാനത്തെ മുന്‍ ചീഫ് സെക്രട്ടറിമാരും ഡി. ജി. പിമാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ വിവിധ വികസന...

മുന്‍ ചീഫ് സെക്രട്ടറിമാരും ഡി. ജി. പിമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം; സംസ്ഥാനത്തെ മുന്‍ ചീഫ് സെക്രട്ടറിമാരും ഡി. ജി. പിമാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ വിവിധ വികസന പദ്ധതികളെക്കുറിച്ചും നവകേരളം മിഷനുകളെക്കുറിച്ചും ചീഫ് സെക്രട്ടറി പോള്‍ ആന്റണിയും പോലീസ് വകുപ്പ് നടപ്പാക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും വിശദീകരിച്ചു. സിവില്‍ സര്‍വീസും പോലീസിന്റെ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്‍ ചീഫ് സെക്രട്ടറിമാരും ഡി. ജി. പിമാരും നല്‍കി. നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മികച്ച പരിശീലനം നല്‍കേണ്ട ആവശ്യകത യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. സര്‍വീസ് മേഖലയ്ക്കാകെ ആവശ്യമായ പരിശീലനം ലഭ്യമാക്കുന്നത് വലിയ മാറ്റമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം നടപ്പാക്കിയ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പദ്ധതി ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. ഫയല്‍ നീക്കം വേഗത്തിലാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിച്ചു വരികയാണ്. സംസ്ഥാനത്താകെ റോഡുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നീക്കം നടക്കുന്നുണ്ട്. റോഡരികിലെ കടകളിലെ ക്യാമറ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കും. എറണാകുളത്ത് ഇത്തരത്തില്‍ ക്യാമറ ഉപയോഗിച്ച് നിരീക്ഷണം നടക്കുന്നുണ്ട്.

നവകേരളം മിഷന്റെ പുരോഗതി വിലയിരുത്തുന്നതിന് സ്വതന്ത്ര സംവിധാനം വേണമെന്ന നിര്‍ദ്ദേശം നല്ലതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. താഴെതലത്തിലെ അഴിമതി നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. പോലീസ് സ്റ്റേഷനുകളിലെ സൗകര്യം വര്‍ദ്ധിപ്പിക്കും. കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതിന് ആവശ്യമായ അവലോകനം സംസ്ഥാനം നടത്തുന്നുണ്ട്. പോലീസ് കമ്മീഷണറേറ്റ് ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ലോക്കല്‍ സ്റ്റേഷനുകളിലെ കേസ് അന്വേഷണവും ക്രമസമാധാന പാലനവും വെവ്വേറെയാക്കുന്നതിന് നടപടി സ്വീകരിക്കും. വാഹന പരിശോധനയില്‍ പാലിക്കേണ്ട മര്യാദ കര്‍ശനമായി നടപ്പാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ ചീഫ് സെക്രട്ടറിമാരായ സി. പി. നായര്‍, ജോണ്‍ മത്തായി, പി. ജെ. തോമസ്, കെ. ജോസ് സിറിയക്, കെ. ജയകുമാര്‍, നളിനി നെറ്റോ, ഡോ. കെ. എം. എബ്രഹാം, മുന്‍ ഡിജിപിമാരായ സി. സുബ്രഹ്മണ്യം, ആര്‍. പദ്മനാഭന്‍, കെ. ജെ. ജോസഫ്, പി. കെ. ഹോര്‍മിസ് തരകന്‍, രമണ്‍ ശ്രീവാസ്തവ, ജേക്കബ് പുന്നൂസ്, കെ. എസ്. ബാലസുബ്രഹ്മണ്യം, ടി. പി. സെന്‍കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. എസ്. സെന്തില്‍ എന്നിവരും സന്നിഹിതരായിരുന്നു.

Story by
Read More >>