ശരിദൂരം ഏശിയില്ല, എൻ.എസ്.എസിന് ഞെട്ടൽ; സാമുദായിക സമവാക്യങ്ങളിൽ തിരുത്തായി ഉപതെരഞ്ഞെടുപ്പ്

കോന്നിയിൽ റോബിൻ പീറ്ററിനെ സ്ഥാനാർത്ഥിയായി മുൻ എം.എൽഎ അടൂർ പ്രകാശ് നിർദ്ദേശിച്ചപ്പോൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന എൻ.എസ്.എസിന്റെ കടുംപിടിത്തത്തെ തുടർന്നാണ് അവരുടെ നോമിനിയായ പി.മോഹൻരാജിനെ സ്ഥാനാർത്ഥിയാക്കിയത്

ശരിദൂരം ഏശിയില്ല, എൻ.എസ്.എസിന് ഞെട്ടൽ; സാമുദായിക സമവാക്യങ്ങളിൽ തിരുത്തായി ഉപതെരഞ്ഞെടുപ്പ്

ഡി.എസ് പ്രമോദ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പടുക്കുമ്പോൾ സാമുദായിക സംഘടനകളുടെ ആസ്ഥാനങ്ങൾക്ക് മുന്നിൽ പിന്തുണ തേടി അലയുന്ന മുന്നണികൾക്കും സ്ഥാനാർത്ഥികൾക്കും അമ്പരപ്പാകുകയാണ് വട്ടിയൂർക്കാവിലേയും കോന്നിയിലേയും ഉപതെരഞ്ഞെടുപ്പ് ഫലം. സമദൂരം വിട്ട് ശരിദൂരത്തിലേക്ക് മാറിയ എൻ.എസ്.എസിന് കനത്ത ആഘാതമായി എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ മിന്നുന്ന വിജയം. ഇരുമണ്ഡലങ്ങളിലും എൻ.എസ്.എസിന്റെ കൂടി അഭിപ്രായം തേടിയശേഷമാണ് യു.ഡി.എഫ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. രണ്ടിടങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥിക്കുവേണ്ടി പരസ്യമായിത്തന്നെ എൻ.എസ്.എസ് രംഗത്തിറങ്ങിയിരുന്നു. വൻപരാജയം എൻ.എസ്.എസ് നേതൃത്വത്തെ അക്ഷരാർത്ഥത്തിൽത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

1974 മുതൽ 1996 വരെ എൻ.ഡി.പി എന്ന സ്വന്തം രാഷ്ട്രീയപാർട്ടിയുടെ ഭാഗമായി എൻ.എസ്.എസ് യു.ഡി.എഫിലുണ്ടായിരുന്നു. 96 ൽ എൻ.ഡി.പി പിരിച്ചുവിട്ട ശേഷം സമദൂരമെന്ന നിലപാടായിരുന്നു എൻ.എസ്.എസ് സ്വീകരിച്ചത്. അതിന് ശേഷം ആദ്യമായാണ് പ്രഖ്യാപിത നിലപാടുമായി എൻ.എസ്.എസ് രംഗത്ത് വരുന്നത്. ശബരിമലയിലെ വിശ്വാസസംരക്ഷണ വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും വിശ്വാസികളെ വഞ്ചിച്ചതിൽ പ്രതിഷേധിച്ചാണ്് ഇരുകക്ഷികൾക്കുമെതിരെ നിലപാടെടുക്കുന്നതെന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു. എൻ.എസ്.എസ് പരസ്യപിന്തുണയുമായി വന്നത് സി.പി.എമ്മിനെ പ്രകോപിപ്പിക്കുകയും സമുദായ നേതാക്കൾ തെരഞ്ഞെടുപ്പിൽ ഇടപെടുന്നതിനെതിരെ കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എൻ.എസ്.എസിന്റെ നിലപാടിനെ വിമർശിച്ച ചീഫ് ഇലക്ഷൻ കമ്മിഷണർ ടിക്കാറാംമീണയ്‌ക്കെതിരെ എൻ.എസ്.എസ് വക്കീൽ നോട്ടീസയയ്ക്കുകയും ചെയ്തു.

വട്ടിയൂർക്കാവിലേയും കോന്നിയിലേയും എൻ.എസ്.എസ് പോക്കറ്റുകളടക്കം വൻ മുന്നേറ്റമാണ് എൽ.ഡി.എഫ് നടത്തിയത്. മുന്നോക്ക സമുദായത്തിന്റെ യു.ഡി.എഫിനുള്ള പരസ്യ പിന്തുണ പിന്നോക്ക വിഭാഗങ്ങൾ കൂട്ടത്തോടെ എൽ.ഡി.എഫിന് വോട്ട് ചെയ്യുന്ന അവസ്ഥയുണ്ടാക്കി. എന്ന് മാത്രമല്ല നായർ സമുദായം വോട്ട് ചെയ്യുന്നത് എൻ.എസ്.എസ് നേതൃത്വം പറയുന്നതനുസരിച്ചല്ല എന്ന ഇടത് നേതാക്കളുടെ വാദവും ശരിവയ്ക്കുന്നതാണ്. നാൽപ്പത് ശതമാനത്തിലേറെ നായർ പ്രാതിനിധ്യമുള്ള വട്ടിയൂർക്കാവിൽ മറ്റൊരു സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയാക്കുന്ന കാര്യം യു.ഡി.എഫ് ഒരു ഘട്ടത്തിലും പരിഗണിച്ചിരുന്നില്ല. ആ സങ്കൽപ്പങ്ങളെയെല്ലാം പൊളിച്ചടുക്കുന്നതാണ് ഈഴവസമുദായാംഗമായ പ്രശാന്തിന്റെ മിന്നുന്ന വിജയം.

കോന്നിയിൽ റോബിൻ പീറ്ററിനെ സ്ഥാനാർത്ഥിയായി മുൻ എം.എൽഎ അടൂർ പ്രകാശ് നിർദ്ദേശിച്ചപ്പോൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന എൻ.എസ്.എസിന്റെ കടുംപിടിത്തത്തെ തുടർന്നാണ് അവരുടെ നോമിനിയായ പി.മോഹൻരാജിനെ സ്ഥാനാർത്ഥിയാക്കിയത്. ഇരു മണ്ഡലങ്ങളിലും എൻ.എസ്.എസ് കരയോഗങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു. യു.ഡി.എഫിന് ഇതിൽ അമിതമായ ആത്മവിശ്വാസവുമുണ്ടായിരുന്നു. അതിനെല്ലാം ശക്തമായ തിരിച്ചടിയാണുണ്ടായത്.

പതിറ്റാണ്ടുകളായി പി.കെ.നാരായണപണിക്കരുടെ നേതൃത്വത്തിൽ സമദൂര സിദ്ധാന്തവുമായി രാഷ്ട്രീയത്തിൽ നിന്നും അകലം പാലിച്ചിരുന്ന എൻ.എസ്.എസ് ജി.സുകുമാരൻ നായർ നേതൃത്വത്തിലെത്തിയതോടെയാണ് ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നത്. ശരിദൂരമെന്ന പുതിയ നിലപാടോടെ യു.ഡി.എഫിനെ അനുകൂലിച്ച് പരാജയം ഏറ്റുവാങ്ങിയതോടെ എൻ.എസ്.എസിന്റെ വിലപേശൽ ശക്തി കുറയുകയാണ്. സാമുദായിക ശക്തികളുടെ നിലപാടുകളല്ല തെരഞ്ഞെടുപ്പ് വിജയത്തിന്റെ അളവുകോലെന്നും ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നു.

Read More >>