'പൗരത്വ നിയമത്തില്‍ കേരള സര്‍ക്കാരുമായുള്ള തര്‍ക്കം വ്യക്തിപരമല്ല': ഗവര്‍ണര്‍

കോഴിക്കോട്ടെ കെഎല്‍എഫ് പരിപാടി താന്‍ റദ്ദാക്കിയതല്ലെന്നും സംഘാടകര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്തു മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞു

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ കേരള സര്‍ക്കാരുമായുള്ള തര്‍ക്കം വ്യക്തിപരമായി ചിത്രീകരിക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തീരുമാനങ്ങള്‍ ഗവര്‍ണറെ അറിയിക്കണമെന്നാണ് ചട്ടമെന്നും അറിയിക്കാത്തത് നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനയും നിയമവും അനുസരിച്ചേ തീരു. ഭരണഘടനപരമായ ഉത്തരവാദിത്തങ്ങള്‍ താന്‍ നിറവേറ്റും. കോഴിക്കോട്ടെ കെഎല്‍എഫ് പരിപാടി താന്‍ റദ്ദാക്കിയതല്ലെന്നും സംഘാടകര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്തു മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

അതേസമയം, സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍മാരുടെ പ്രസക്തിയെ കുറിച്ച് ചിന്തിക്കേണ്ട സമയമായെന്നും സീതാറാം യെച്ചൂരി അറിയിച്ചു. പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി വീടുകയറി പ്രചരണം നടത്തുമെന്ന് എന്‍ആര്‍സിയുടെ ആദ്യഘട്ടമാണ് എന്‍പിആറെന്നും എന്‍പിആറിനായി ആരും വിവരങ്ങള്‍ നല്‍കരുതെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര കമ്മറ്റിക്കുശേഷം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Next Story
Read More >>