കടലുണ്ടി ട്രെയിന്‍ ദുരന്തം: മരണം മുഖാമുഖം കണ്ട ഓര്‍മകള്‍ക്ക് 17 വയസ്സ്

കോഴിക്കോട്: 2001 ജൂണ്‍ 22 വെള്ളി. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞ് അഞ്ച് മിനിറ്റ്. അന്നായിരുന്നു നിരവധി യാത്രക്കാര്‍ മരണത്തെ മുഖാമുഖം കണ്ട ആ...

കടലുണ്ടി ട്രെയിന്‍ ദുരന്തം: മരണം മുഖാമുഖം കണ്ട ഓര്‍മകള്‍ക്ക് 17 വയസ്സ്

കോഴിക്കോട്: 2001 ജൂണ്‍ 22 വെള്ളി. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞ് അഞ്ച് മിനിറ്റ്. അന്നായിരുന്നു നിരവധി യാത്രക്കാര്‍ മരണത്തെ മുഖാമുഖം കണ്ട ആ തീവണ്ടിദുരന്തം. ട്രെയിന്‍ നമ്പര്‍ 6602 മംഗലാപുരം-ചെന്നൈ മെയിലിന്റെ നാലു ബോഗികള്‍ കടലുണ്ടി പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിയുകയായിരുന്നു. 52 യാത്രക്കാര്‍ മരിക്കുകയും അതിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അതിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ജൂണ്‍ 22ന് 17 വയസ്സ്. കോഴിക്കോടിനും പരപ്പനങ്ങാടിക്കും ഇടയില്‍ കടലുണ്ടി പുഴയ്ക്ക് മുകളിലുള്ള 924-ാം നമ്പര്‍ പാലം കടക്കുമ്പോഴായിരുന്നു ചെന്നൈ മെയില്‍പാളം തെറ്റിയത്. ഫസ്റ്റ് ക്‌ളാസ് കംപാര്‍ട്ടുമെന്റുകളായ എഫ് 4, എഫ് 5, എഫ് 7 എന്നിവയും ഒരു ജനറല്‍ കംപാര്‍ട്ടുമെന്റും സ്ത്രീകളുടെ കംപാര്‍ട്ടുമെന്റുമാണ് അപകടത്തില്‍പ്പെട്ടത്. എന്‍ഞ്ചിന്‍ പാലം കടന്ന ഉടനെയായിരുന്നു അപകടം.

52 ജീവനുകള്‍ അപഹരിക്കുകയും 222 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത തീവണ്ടിയാത്ര. രക്ഷപ്പെട്ടവര്‍ ഇന്നും ഞെട്ടലില്‍ നിന്ന് മോചിതരായിട്ടില്ല. ബോഗികളില്‍ അകപ്പെട്ട് മരണത്തോട് മല്ലടിച്ച് കഴിഞ്ഞിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ബോഗി വെട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തി.
പാലത്തിന്റെ തൂണിന്റെ കാലപ്പഴക്കമാണ് അപകട കാരണമെന്ന് അന്വേഷണം നടത്തിയ ഡോ.ഗംഗാധരന്റെ നേതൃത്വത്തിലുള്ള ജനകീയ അന്വേഷണ കമ്മിറ്റി കണ്ടെത്തിയിരുന്നു. പെരുമണ്‍ തീവണ്ടി ദുരന്തം കഴിഞ്ഞാല്‍ കേരളത്തില്‍ നടന്ന രണ്ടാമത്തെ വലിയ തീവണ്ടി അപകടമായിരുന്നു കടലുണ്ടിയിലേത്. നാട്ടുകാരുടെയും മറ്റും ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനമാണ് മരണ സംഖ്യ കുറക്കാന്‍ സഹായിച്ചത്.

Story by
Read More >>