മുസ്ലിംവിരുദ്ധതയും വംശീയവിദ്വേഷവും പരത്തുന്ന ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുമായി മാതൃഭൂമി ഞായറാഴ്ചപ്പതിപ്പ്

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു മുസ്ലിം അടിസ്ഥാനപരമായും 'മുസ്ലിങ്ങള്‍ക്കുള്ള എല്ലാ കുഴപ്പ'ങ്ങളും ഉള്ള ആളാണെന്നും മുസ്ലിമിന് തന്റെ മതസ്വത്വത്തില്‍ നിന്ന് ഒരിക്കലും പുറത്തുകടക്കാനാവില്ലെന്നും മുസ്ലിം മത സ്വത്വം അടിസ്ഥാനപരമായും കൊലവിളിയുടേതാണെന്നുമൊക്കെ വലിയ വ്യാഖ്യാനങ്ങള്‍ കൊടുക്കാവുന്ന കാര്‍ട്ടൂണാണ് ഗോപീകൃഷ്ണന്റേത്.

മുസ്ലിംവിരുദ്ധതയും വംശീയവിദ്വേഷവും പരത്തുന്ന ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുമായി മാതൃഭൂമി ഞായറാഴ്ചപ്പതിപ്പ്

മാതൃഭൂമി പത്രത്തിലെ വാരാന്തപ്പതിപ്പില്‍ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്റെ സണ്‍ഡെ ട്രാക്ക്‌സിലെ വര വംശീയ വിദ്വേഷ പരത്തുന്നതാണെന്ന് പരക്കെ ആക്ഷേപം. ഇന്ന് പുറത്തിറങ്ങിയ വാരാന്തപ്പതിപ്പിന്റെ നാലാം പേജിലാണ് കാര്‍ട്ടൂണ്‍ അച്ചടിച്ചു വന്നിരിക്കുന്നത്.

ജെയ്‌ഷെ മുസ്തഫ എന്ന് തലക്കെട്ടിട്ടുള്ള കാര്‍ട്ടൂണില്‍ ആദ്യ ഭാഗത്ത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നേതാവ് വി പി പി മുസ്തഫ പ്രസംഗിക്കുന്ന ചിത്രമാണുള്ളത്. പശ്ചാത്തലമായി കാറല്‍മാര്‍ക്‌സിന്റെ ചിത്രവുമുണ്ട്. 'ചിതയില്‍ വെക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ ചിതറിപ്പിച്ചുകളയും' എന്ന വാചകം മൂന്നു ഭാഗങ്ങളിലായി തിരിച്ചുകൊടുത്തിരിക്കുന്നു. രണ്ടാം ഭാഗത്ത് മാര്‍ക്‌സ്, മുസ്തഫയുടെ കൊലവിളിപ്രസംഗം കേട്ട് തലയില്‍ കൈ വയ്ക്കുന്നു. മൂന്നാം ഭാഗമാവുന്നതോടെ മാര്‍ക്‌സിന്റെ ചിത്രം ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസറായി മാറുകയാണ്. മാര്‍ക്‌സിന്റെ തലയില്‍ വച്ച കൈ അസറിന്റെ തലയിലെ ഷാളായും മാറിയിരിക്കുന്നു.
കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്‍ പ്രതിചേര്‍ക്കപ്പെട്ടതോടെയാണ് കാസര്‍കോട് ജില്ലാ കമ്മറ്റി നേതാവ് വിപിപി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്. ഇപ്പോള്‍ പ്രതിയായ പീതാംബരനെ മുന്നെപ്പോഴോ ആക്രമിച്ചതിനെിതിരേ നടന്ന പ്രതിഷേധ പൊതുയോഗത്തില്‍ പ്രസംഗിക്കവെയാണ് വിപിപി മുസ്തഫ പ്രസംഗം നടത്തിയത്. മുസ്തഫ പറയുന്നു: 'പാതാളത്തോളം ക്ഷമിച്ചുകഴിഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതിരുന്നിട്ടും സഖാവ് പീതാംബരനെയും സുഹൃത്ത് സുരേന്ദ്രനെയും മിനിഞ്ഞാന്ന് മര്‍ദ്ദിച്ച സംഭവം മറക്കുകയാണ്. ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍നിന്നും റോക്കറ്റ് പോലെ സിപിഎം കുതിച്ചുകയറും. അതിന്റെ വഴിയില്‍ കല്ല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറിക്കും'. ഈ പ്രസംഗമാണ് കഴിഞ്ഞ രണ്ടു ദിവസമായി വ്യാപകമായി പ്രചരിപ്പിച്ചപ്പെട്ടത്.

ഈ സന്ദര്‍ഭമാണ് കാര്‍ട്ടൂണിന്റെ വിഷയം. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ ഒരാള്‍ തികച്ചും മതപരമല്ലാത്ത ഒരു സാഹചര്യത്തില്‍ നടത്തിയ കൊലവിളി പെട്ടെന്ന് അയാള്‍ ജന്മം കൊണ്ട് ഉള്‍പ്പെട്ട മതത്തിന്റെ അക്കൗണ്ടിലേക്ക് ചേര്‍ക്കുകയാണ് കാര്‍ട്ടൂണിസ്‌ററ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു മുസ്ലിം അടിസ്ഥാനപരമായും 'മുസ്ലിങ്ങള്‍ക്കുള്ള എല്ലാ കുഴപ്പ'ങ്ങളും ഉള്ള ആളാണെന്നും മുസ്ലിമിന് തന്റെ മതസ്വത്വത്തില്‍ നിന്ന് ഒരിക്കലും പുറത്തുകടക്കാനാവില്ലെന്നും മുസ്്‌ലിം മത സ്വത്വം അടിസ്ഥാനപരമായും കൊലവിളിയുടേതാണെന്നുമൊക്കെ വലിയ വ്യാഖ്യാനങ്ങള്‍ കൊടുക്കാവുന്ന കാര്‍ട്ടൂണാണ് ഗോപീകൃഷ്ണന്റേത്. മുന്‍കാലങ്ങളിലും ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകള്‍ ഇത്തരത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
Read More >>