പൂണെയെ മെരുക്കാന്‍ ഡല്‍ഹിയുടെ 'ടിക്കി ടാക്ക'

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ( ഐ.എസ്.എല്‍) ഇന്ന് ഡല്‍ഹി ഡൈനാമോസ് പൂണെയ്ക്കെതിരേ. പരിശീലകനെയും മുഖ്യ താരങ്ങളെയും സ്പെയിനില്‍ നിന്നെത്തിച്ച് ഡല്‍ഹി തന്ത്രം മെനയുമ്പോള്‍ കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളായ പുണെയും മികച്ച സംഘമാണ്.

പൂണെയെ മെരുക്കാന്‍ ഡല്‍ഹിയുടെ ടിക്കി ടാക്ക

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ( ഐ.എസ്.എല്‍) ഇന്ന് ഡല്‍ഹി ഡൈനാമോസ് പൂണെയ്ക്കെതിരേ. പരിശീലകനെയും മുഖ്യ താരങ്ങളെയും സ്പെയിനില്‍ നിന്നെത്തിച്ച് ഡല്‍ഹി തന്ത്രം മെനയുമ്പോള്‍ കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളായ പുണെയും മികച്ച സംഘമാണ്.

എസ്പാന്യോള്‍, ബാഴ്സലോണ ടീമുകളെ പരിശീലിപ്പിച്ച് അനുഭവസമ്പത്തുള്ള ഹോസെപ് ഗൊംബൗ ഡല്‍ഹിയെ കളി പഠിപ്പിക്കുമ്പോള്‍ സ്പാനിഷ് ലീഗിലെ പ്രമുഖ ക്ലബ്ബുകളില്‍ ബൂട്ടണിഞ്ഞിട്ടുള്ള കളിക്കാരും ഡല്‍ഹിക്കൊപ്പമുണ്ട്. മിഡ്ഫീല്‍ഡര്‍ അഡ്രിയ കര്‍മോണ ബാഴ്സലോണ എ.സി മിലാന്‍, ജിറോണ ടീമുകളില്‍ പന്തു തട്ടിയപ്പോള്‍ റയല്‍ മഡ്രിഡിനു കളിച്ചിട്ടുള്ള മാര്‍ക്കോസ് ടെബാറും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഡിഫന്‍ഡര്‍ മാര്‍ട്ടി ക്രെസ്പി, ഗോളി ഡൊറോന്‍സോറോ എന്നിവരാണ് ടീമിലെ മറ്റു സ്പാനിഷ് സാന്നിദ്ധ്യം. നെതര്‍ലന്‍ഡിന്റെ റൈറ്റ്ബാക്ക് ജിയാനി സ്വിവെര്‍ലൂണും സെര്‍ബിയന്‍ സ്ട്രൈക്കര്‍ കാലുജെറോവിച്ചും സ്പാനിഷ് ലീഗിന്റെ ചൂടേറ്റ് വളര്‍ന്നവരാണ്. മുന്നണിയില്‍ സെര്‍ബിയയുടെ കാലുജെറോവിച്ചിനുകൂട്ടായി ഡാനിയേല്‍ ലാല്‍ലിയംപൂയിയും സെയ്മിങ്മാങ് മാങ്ചോങും ടീമിലുണ്ട്. മദ്ധ്യത്തില്‍ അവസരം കാത്ത് റോമിയോ ഫെര്‍ണാണ്ടസ്, വിനീത് റായ്, സിയാം ഹംഗല്‍,നന്ദകുമാര്‍, ബിക്രംജീത് സിങ് തുടങ്ങിയവരാണുള്ളത്. വലകാക്കാന്‍ ഡൊറോന്‍സോറോയ്ക്കൊപ്പം മോഹന്‍ ബഗാനില്‍നിന്നെത്തിയ റാണ ഗരാമി, അല്‍ബിനോ ഗോമസ് എന്നിവരും അവസരം തേടുന്നു.

മികച്ച സ്ട്രൈക്കര്‍മാരുള്ള പൂണെ അവസാന സീസണില്‍ കൈവിട്ടുപോയ കിരീടം ഇത്തവണ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ്. സെര്‍ബിയന്‍ കോച്ച് റാന്‍കോ പോപോവിച്ചിന് പകരം മിഗുവേല്‍ ഏയ്ഞ്ചല്‍ പോര്‍ച്ചുഗലാണ് ടീമിന്റെ ബുദ്ധികേന്ദ്രം. അവസാന സീസണില്‍ ഡല്‍ഹിയെ പരിശീലിപ്പിച്ച് കാര്യമായി നേട്ടം സമ്മാനിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. മാഴ്സലോ പെരെയ്റ, എമിലിയാനോ അല്‍ഫാരോ എന്നിവരെ മുന്‍നിരയില്‍ പൂണെ നിലനിര്‍ത്തി. ബ്രസീലിയന്‍ താരം മാഴ്സലോ തന്നെയാണ് വജ്രായുധം. പോയ സീസണില്‍ എട്ട് ഗോളും ഏഴ് അസിസ്റ്റുമായി നിറഞ്ഞു നിന്ന മികവ് ഇത്തവണയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് പൂണെ മാനേജ്മെന്റ്. കഴിഞ്ഞ സീസണില്‍ ഒമ്പതു ഗോള്‍ നേടിയ എമിലിയാനോ അല്‍ഫാരോ, ഡിയേഗോ കാര്‍ലോസ്, മാര്‍കോ സ്റ്റാന്‍കോവിച് എന്നിവരെയും പൂണെ ഒപ്പം നിര്‍ത്തിയിട്ടുണ്ട്. സെല്‍റ്റ വിഗോയുടെ മുന്‍ താരം ജോനാഥാന്‍ വില്ലയും സെര്‍ബിയന്‍ താരം മാര്‍കോ സ്റ്റാന്‍കോവിച്ചും മദ്ധ്യഭാഗത്ത് കളിമെനയും. മലയാളി ആഷിഖ് കരുണിയന്‍, നിഖില്‍ പുജാരി, ആദില്‍ ഖാന്‍, ആല്‍വിന്‍ ജോര്‍ജ് തുടങ്ങിയവരും മദ്ധ്യത്തില്‍ അവസരം തേടുന്നു. ഇന്ത്യക്കാരന്‍ വിശാല്‍ കെയ്ത്ത് മുഖ്യ ഗോളിയായുള്ള പൂണെയില്‍ അനൂജ് കുമാര്‍, കമല്‍ജിത്ത് സിങ് എന്നിവരുമുണ്ട്.


Read More >>