നിപ; ഭീതിയും കരുതലും 

ഡോ. ജി അരുണ്‍കുമാര്‍ / കെ സി റിയാസ് രോഗമാണ് ഒരു വ്യക്തിക്ക് / സമൂഹത്തിന് സ്വയം പരിചയപ്പെടാന്‍ കിട്ടുന്ന ആദ്യ അവസരം! ആ നിലയ്ക്ക് നിപ രോഗബാധ...

നിപ; ഭീതിയും കരുതലും 

ഡോ. ജി അരുണ്‍കുമാര്‍ / കെ സി റിയാസ്

രോഗമാണ് ഒരു വ്യക്തിക്ക് / സമൂഹത്തിന് സ്വയം പരിചയപ്പെടാന്‍ കിട്ടുന്ന ആദ്യ അവസരം! ആ നിലയ്ക്ക് നിപ രോഗബാധ സമൂഹത്തിന് വലിയൊരു സിഗ്‌നലും കരുതലുമാണ്. തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്കു കുതിക്കുന്ന ലൈഫ് സ്‌റ്റൈലില്‍ ആയുസ്സിന്റെ കണക്കു പുസ്തകം പൊടി തട്ടാനും ജീവിത ശൈലികളില്‍ വീണ്ടുവിചാരത്തിന്റെയും പുനക്രമീകരണത്തിന്റെയും ചിന്തകള്‍ കോറിയിടാനും പലപ്പോഴും രോഗങ്ങള്‍ സഹായിക്കും. എയ്ഡ്‌സും ക്യാന്‍സറുമാണ് പൊതുവെ വലിയ വില്ലനായി നാം കാണാറുള്ളത്. എന്നാല്‍ ഭീകരമായ ഈ രോഗാവസ്ഥകളില്‍ കഴിയുമ്പോഴും ജീവന്റെ തുടിപ്പുകള്‍ അത്ര പെട്ടെന്ന് നിശ്ചലമാവുകയോ, അന്ത്യകര്‍മങ്ങളില്‍ പങ്കാളികളാകാന്‍ പോലും പറ്റാത്ത വിധം സാഹചര്യം സങ്കീര്‍ണമാവുകയോ ചെയ്യാറില്ല. എന്നാല്‍ ഈയിടെ കേരളത്തില്‍ കണ്ടെത്തിയ നിപയെന്ന മഹാവ്യാധിയുടെ അപകടം എത്രയോ വലുതാണ്. വവ്വാലില്‍ നിന്ന് മനുഷ്യനിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകര്‍ന്ന നിപ വൈറസ് ബാധയേറ്റ് 17 ജീവനുകളാണ് കേരളത്തില്‍ ഇതിനകം പൊലിഞ്ഞത്. ഇവരെ ശുശ്രൂഷിക്കുകയും അടുത്ത് സമ്പര്‍ക്കത്തിലാവുകയും ചെയ്ത വിവിധ തലങ്ങളിലുള്ള രണ്ടായിരത്തോളം പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുമാണ്. വിലപ്പെട്ട 17 മനുഷ്യ ജീവനകള്‍ നഷ്ടമായെങ്കിലും ഡോക്ടര്‍മാരും ആരോഗ്യ വകുപ്പ് അധികൃതരും കാണിച്ച നിതാന്ത ജാഗ്രതയും അടിയന്തര ഇടപെടലുകളുമാണ് കടുത്ത ഭീഷണിയിലും മരണസംഖ്യ കുറച്ചത്. പ്രത്യേകിച്ചും രണ്ടാമത്തെ മരണത്തോടെ തന്നെ രോഗനിര്‍ണ്ണയം നടത്തി ഒരു ദൈവദൂതനെ പോലെ എത്തിയ പ്രമുഖ ഗവേഷകനും ( [Manipal Centre of Virus Research - MCVR] ) മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിഭാഗം മേധാവിയുമായ ഡോ. ജി.അരുണ്‍കുമാറിന്റെ സേവനം എടുത്തു പറയേണ്ടതാണ്.

കോഴിക്കോട് ബേബി ഹോസ്പിറ്റലില്‍ സംശയകരമായ സാഹചര്യത്തില്‍ ആദ്യ കേസ് എത്തിയ ഉടനെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗത്തിലെ മേധാവി ഡോ. അനൂപ് കുമാര്‍ മണിപ്പാലിലെ ഡോ. ജി അരുണ്‍ കുമാറുമായി ബന്ധപ്പെടുകയായിരുന്നു. സാധാരണ നട്ടെല്ലില്‍ കുത്തിവെച്ച് സ്രവം പരിശോധിക്കുകയാണ് ചെയ്യാറ്. എന്നാല്‍ ഇവിടെ മരിച്ച വ്യക്തിയുടെ വിവിധ അവയവങ്ങളില്‍ നിന്ന് സ്രവം പരിശോധനയ്ക്ക് അയക്കാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. അതില്‍ നിന്നാണ് നിപ സ്ഥിരീകരിച്ചത്. ഒരുപക്ഷേ, വെറും നട്ടെല്ലില്‍ മാത്രമായി പരിശോധനാ സാമ്പിള്‍ ചുരുക്കിയിരുന്നെങ്കില്‍ ഇത്തരമൊരു റിസള്‍ട്ട് ഉണ്ടാകുമായിരുന്നില്ലെന്നാണ് വിദഗ്ധരുടെ അനുമാനം. നിപയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞ മനസ്സുമായി ഓടി നടക്കുന്ന ഡോ. ജി.അരുണ്‍കുമാര്‍, തിരക്കുപിടിച്ച ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കിടെ, തത്സമയവുമായി മനസ്സ് തുറക്കുന്നു...

- രോഗം വന്ന വഴി

മലേഷ്യയിലാണീ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. പന്നി ഫാമില്‍ നിന്ന് തലച്ചോറിന് വൈറസ് ബാധയേറ്റായിരുന്നു മരണം. ഇത് ആദ്യം ജപ്പാന്‍ ജ്വരമാണെന്നാണ് കരുതിയത്. എന്നാല്‍ ഇത് നിപയാണെന്നു കണ്ടെത്താന്‍ ഏകദേശം ആറുമാസമെടുത്തു. ശേഷം മലേഷ്യയില്‍നിന്ന് സിങ്കപ്പൂരിലേക്കും പിന്നീട് ബംഗ്ലാദേശിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പക്ഷേ, ഇത് നിപയാണെന്നു സ്ഥിരീകരിക്കാന്‍ മൂന്നുവര്‍ഷം വേണ്ടിവന്നു. പിന്നീട് 2001-ലാണ് ഇന്ത്യയിലെ സിലുഗിരിയില്‍ നിപ ബാധയുണ്ടായത്. ഇതാകട്ടെ സ്ഥിരീകരിച്ചത് 2004-ലും. ശേഷം അസം, ത്രിപുര പോലുള്ള സംസ്ഥാനങ്ങളില്‍ നിപ എപ്പോഴും കണ്ടെത്താനുള്ള സാധ്യതകളില്‍ കണ്ണും നട്ടിരിക്കുകയായിരുന്നു ആരോഗ്യവകുപ്പ് അധികൃതര്‍. അങ്ങനെയാണ് മണിപ്പാലില്‍ ഇതിനായി പ്രത്യേക വിദഗ്ധ പരിശോധനാ സംവിധാനവും ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ മുന്‍ധാരണകളെ കടത്തിവെട്ടി അപ്രതീക്ഷിതമായി കേരളത്തിലാണിത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടക്കത്തില്‍ തന്നെ ഇവിടെ രോഗനിര്‍ണയം സാധ്യമായതിനാല്‍ ഇത് പിടികൂടിയ മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി അസഖ്യം മരണത്തില്‍ നിന്നും ഒട്ടേറെ ജീവനുകള്‍ക്ക് കരുതലാവാന്‍ നമുക്കായിട്ടുണ്ട്.

- മരിച്ച 18-ല്‍ 17 പേര്‍ക്കും രോഗബാധയുണ്ടായത് ഒരാളില്‍ നിന്ന്

നിപയുടെ ഉറവിടം കണ്ടെത്തല്‍ അതീവ ശ്രമകരമാണ്. ഒരു ലക്ഷം പഴം തീനി വവ്വാലുകളില്‍ നാലോ അഞ്ചോ എണ്ണത്തില്‍ മാത്രമാണ് ഈ വൈറസ് കാണുക. അതും പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം. പ്രജനന കാലത്തിലൊ ഏതെങ്കിലും തരത്തില്‍ സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്ന പ്രത്യേക ഘട്ടത്തിലോ ആയിരിക്കുമിത്. ഇത് കണ്ടെത്തണമെങ്കില്‍ ആയിരം വവ്വാലുകളെയെങ്കിലും പരിശോധികേണ്ടി വരും. ഓരോ വവ്വാലിലും ഓരോ അളവിലാണ് വൈറസ് ഉണ്ടാകുന്നത്. സാധാരണയായി വവ്വാലുകളുടെ പ്രജനന കാലത്തു മാത്രമേ വൈറസിന്റെ സാന്നിധ്യം പുറത്ത് വരികയുള്ളൂ. ഡിസംബര്‍- മെയ് മാസമാണ് ഇതിന്റെ സമയം. വവ്വാലുകളില്‍ വൈറസ് അധികരിച്ചിരിക്കുന്ന സമയത്ത് മാത്രമേ അവ പകരുകയുള്ളൂ.
എന്നാല്‍ മരിച്ച 18-ല്‍ 17 പേര്‍ക്കും നിപ ബാധിച്ചത് ആദ്യം മരിച്ച സാബിത്തില്‍ നിന്നാണെന്നു പറയാനാകും. രോഗം സ്ഥിരീകരിക്കുന്നതിന്റെ മുമ്പാണ് ഇവര്‍ക്കെല്ലാം നിപ വൈറസ് പകര്‍ന്നത്. ഒരാള്‍ക്ക് മാത്രമാണ് രണ്ടാം ഘട്ടത്തില്‍ നിന്ന് ലഭിച്ചത്.
വവ്വാല്‍ കടിച്ച പഴവര്‍ഗ്ഗം കഴിക്കുന്നതിലൂടെ നിപ പകരാം. എന്നാല്‍ പേരാമ്പ്രയില്‍ സംഭവിച്ചത് മറ്റൊരു വിധത്തിലാകാനാണ് സാധ്യതയെന്നാണ് എന്റെ തോന്നല്‍. വലിയ മൃഗ സ്‌നേഹിയായിരുന്നു സാബിത്ത്. വീട്ടില്‍ മുയലുകളെ വളര്‍ത്തിയിരുന്നു. സാബിത്ത് വവ്വാലുമായോ വവ്വാലിന്‍ കുഞ്ഞുമായോ എങ്ങനെയോ ഇടപഴകിയിരിക്കണം. വവ്വാല്‍ ചപ്പിയ മാങ്ങ വഴിയാണെങ്കില്‍ ആ ഭാഗം ചെത്തിക്കളഞ്ഞ് ബാക്കി കഴിക്കുന്ന പ്രദേശത്തുള്ള എല്ലാവര്‍ക്കും വവ്വാലില്‍ നിന്ന് രോഗം വരേണ്ടിയിരുന്നു.

ഒരാള്‍ക്ക് നിപ പനി മൂര്‍ഛിക്കുന്ന സമയത്ത് മാത്രമേ വൈറസ് പകരുകയുള്ളൂ. കടുത്ത പനി ആരംഭിച്ച് 48 മുതല്‍ 72 മണിക്കൂറിനുള്ളില്‍ ശരീര സ്രവങ്ങളിലൂടെയാണ് ഇത് പകരുന്നത്. ഇവരുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്കേ വൈറസ് പിടിപെടുകയുള്ളൂ. സാബിത്തിന് പനി മൂര്‍ഛിക്കുന്നത് പേരാമ്പ്ര ആശുപത്രിയില്‍ വച്ചാണ്. ഇവിടെ നിന്നാണ് നെഴ്‌സ് ലിനിക്കും ഇസ്മായീലിനും പനി ബാധിച്ചത്. പനി കടുത്തതിനെ തുടര്‍ന്ന് നാലിന് പേരാമ്പ്രയില്‍ നിന്നും സാബിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കളവല്ലാത്തവര്‍ക്ക് പനി ലഭിച്ചത്. ശ്വാസകോശ സംബന്ധമായ പ്രശ്നമുണ്ടായതിനാലാണ് മറ്റുള്ളവരിലേക്ക് കൂടുല്‍ പകര്‍ന്നത്. സാബിത്തിന് മെഡിക്കലില്‍ പ്രവേശിക്കുമ്പോള്‍ കടുത്ത പനി, ചുമ, മസ്തിഷ്‌ക ജ്വരം എന്നിവയുണ്ടായിരുന്നു. ഇവിടെ നിന്നും രോഗം തിരിച്ചറിയാനായി സ്‌കാനിംഗിനും മറ്റുമായി റേഡിയോളജി മുറിയിലേക്ക് കൊണ്ടുപോയിരുന്നു. ഈ സമയം റേഡിയോളജി റൂമിന് പുറത്തുള്ള വരാന്തയില്‍ നിന്നവര്‍ക്കാണ് പനി ബാധിച്ചത്. ആളുകള്‍ കൂടി നില്‍ക്കുന്ന വീതിയില്ലാത്ത വരാന്തയിലൂടെ രോഗിയെ കൊണ്ടുപോകുമ്പോള്‍ താരതമ്യേന പലരും ഏന്തിവലിഞ്ഞ് രോഗിയെ നോക്കിയിരിക്കാന്‍ സാധ്യതകളുണ്ട്. കടുത്ത ചുമയുള്ളതിനാല്‍ രോഗിയില്‍ നിന്നും ഒരു മീറ്റര്‍ പോലും അകലം അവിടെയുള്ളവര്‍ക്ക് ഉണ്ടായിരുന്നില്ല. കൂടാതെ മസ്തിഷ്‌ക ജ്വരം ഉണ്ടായതിനാല്‍ ഒന്നിലധികം തവണ സ്‌കാന്‍ ചെയ്യാനായി ഇതുവഴി കൊണ്ടുപോയതും കൂടുതല്‍ പേരിലേക്ക് വൈറസ് പകരാന്‍ സാഹചര്യമൊരുക്കിയതായി കരുതുന്നു.
പിന്നെ, പനി ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ സാബിത്ത്, സാലിഹ് എന്നിവരുടെ ഉമ്മ എങ്ങനെ ഒഴിവായി എന്ന സംശയവും ന്യായമാണ്. അവര്‍ ഒരുപക്ഷേ, മുഖം മറച്ചിട്ടാകണം പരിചരിച്ചിട്ടുണ്ടാവുക. രോഗിയുടെ സ്രവത്തിലെ വൈറസ് അവരിലേക്ക് എത്തുന്നത് തടയുന്ന എന്തോ ഒന്ന് അവര്‍ അറിയാതെയെങ്കിലും ഉപയോഗിച്ചിരിക്കണം. സാരിത്തലപ്പ് കൊണ്ട് മുഖവും മൂക്കും മറയ്ക്കുന്ന പോലെ ഒന്ന്.
സാബിത്തിനൊപ്പം പേരാമ്പ്ര ആശുപത്രിയിലുണ്ടായിരുന്ന ഇസ്മായീലിനെ പിന്നീട് പനി ബാധിച്ച് ബാലുശ്ശേരി ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. ഇവിടെ നിന്നാണ് റസിന് പനി പിടിപെടുന്നത്. ഇസ്മായീലില്‍ നിന്ന് മറ്റാര്‍ക്കെങ്കിലും വൈറസ് പടര്‍ന്നിട്ടുണ്ടെങ്കില്‍ പനി പിടിക്കാനുള്ള സമയമായിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സ്ഥിതിക്ക് കൂടുതല്‍ പേര്‍ക്ക് പകര്‍ന്നിട്ടില്ലെന്ന് ആശ്വസിക്കാവുന്നതാണ്. അതേസമയം റസിനില്‍ നിന്നും പനി പകര്‍ന്നിട്ടുണ്ടോ എന്നത് ഇപ്പോള്‍ പറയാവതല്ല, നിരീക്ഷണത്തിലാണ്. രോഗ സാധ്യതയുള്ളവരെയെല്ലാം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ മറ്റു ആശുപത്രികളില്‍ പോകാതിരിക്കാനും ശ്രദ്ധിക്കാനുമായാണ് പല തരത്തിലുള്ള അറിയിപ്പുകളും നല്‍കിയത്. പേരാമ്പ്ര ഭാഗത്ത് ഇനി നിപ പനി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയില്ല. മുക്കം, ബാലുശ്ശേരി ആശുപത്രി പ്രദേശങ്ങള്‍ സജീവ നിരീക്ഷണത്തിലാണ്.

- നിപയും മാധ്യമങ്ങളും

നിപാ രോഗവുമായി ബന്ധപ്പെട്ട് വളരെ ഉത്തരവാദിത്ത പൂര്‍ണമായ മാധ്യമപ്രവര്‍ത്തനമാണ് കേരളത്തിലുണ്ടായത്. പൊതുസമൂഹവും അതോട് നന്നായി സഹകരിച്ചു. വളരെയധികം ഫലപ്രദവും കാര്യക്ഷമതയോടെയുമാണ് അധികാരികളും ഇടപെട്ടത് എന്നതില്‍ കേരളത്തിന് അഭിമാനിക്കാനാവും.

-പേടിക്കാനില്ല, നിയന്ത്രണ വിധേയം

രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് പകര്‍ന്ന ആളുകളാണ് ഇതുവരെ മരിച്ചവരെല്ലാം. അവസാന കേസ് റിപ്പോര്‍ട്ടോ മരണമോ സംഭവിച്ചതിന് ശേഷം 42 ദിവസം (ഏറ്റവും ചുരുങ്ങിയത് 21 ദിവസമെങ്കിലും) പുതിയ സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കില്‍ പനി നിയന്ത്രണ വിധേയമാണ് എന്നു കരുതാനാവും.
നിപയുടെ രണ്ടാം ഘട്ടം എന്ന ഭീതി വേണ്ടതില്ല. അതിനുള്ള സാധ്യത നന്നേ വിരളമാണ്. ചെയിന്‍ റിയാക്ഷനുള്ള സാധ്യതയും ശാസ്ത്രീയമായി തുലോം കുറവാണ്. അത്രയും ജാഗ്രത്താണ് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം.
രോഗപ്രതിരോധ ശേഷിയേക്കാള്‍ രോഗിയുമായുള്ള സമ്പര്‍ക്കം തന്നെയാണ് നിപയെ സംബന്ധിച്ച് മുഖ്യം. ഒരു കേസ് പോലും വിട്ടുപോകരുത്. അങ്ങനെ പോയാല്‍ പകരും. ഇതിലാണ് ജാഗ്രത വേണ്ടത്. പേരാമ്പ്രയില്‍ ഇപ്പോള്‍ 26 ദിവസം കഴിഞ്ഞു. അവിടെ ഇനി കേസ് പ്രതീക്ഷിക്കുന്നില്ല. ബാലുശ്ശേരി, മുക്കം ഭാഗങ്ങളിലെ കോണ്‍ടാക്റ്റുകളില്‍ നിന്നാണ് ഇനി ഏതാനും കേസുകള്‍ക്ക് സാധ്യത കാണുന്നത്. ബാലുശ്ശേരിയില്‍ രോഗി ഉണ്ടായിട്ട് 13 ദിവസം കഴിഞ്ഞു. ഒന്നോ രണ്ടോ കേസ് പ്രതീക്ഷിക്കുന്നു. മുക്കത്ത് നിശ്ചിത പീരിയഡ് കൂടി കഴിഞ്ഞാല്‍ രോഗ നിയന്ത്രണം ആയി എന്നാശ്വസിക്കാനാകും.
ങശഹറ ളല്‌ലൃ ഘട്ടത്തില്‍ വൈറസ് പകരില്ല. മറ്റു പല രോഗങ്ങളെയും അപേക്ഷിച്ച് രോഗി വളരെ സീരിയസ് ആകുമ്പോഴാണ് രോഗപ്പകര്‍ച്ച ഉണ്ടാകുന്നത്. അതായത് പനിയുടെ മൂര്‍ധന്യ ഘട്ടത്തില്‍. ഇത് സംഭവിച്ചാല്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ രോഗി ജീവിക്കുന്നില്ല. 80% മരണം സുനിശ്ചിതമാണ്. ചില സമയങ്ങളില്‍ നൂറു ശതമാനവും.

- പകരുന്നത് ഉമിനീര്‍ പോലുള്ള തുള്ളി കണങ്ങളില്‍ നിന്ന്

സ്രവ കണങ്ങളില്‍ നിന്നു മാത്രമേ നിപ പകരുകയുള്ളൂ. ചെറിയ കണങ്ങളില്‍ നിപ വൈറസിന് അതിജീവിക്കാനാവില്ല. നിപ വൈറസ് ബാധിച്ചവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴോ ആണ് ഉമിനീര്‍ പോലുള്ള സ്രവങ്ങള്‍ തെറിക്കാന്‍ സാധ്യതയുള്ളത്. ഇത് ഒരു മീറ്ററിലധികം ദൂരമെത്തില്ല. ആളുകള്‍ ഈ നിശ്ചിത അകലം പാലിക്കുന്നതോടു കൂടി ഒരാളില്‍ നിന്നും തെറിക്കാന്‍ സാധ്യതയുള്ള സ്രവ കണങ്ങള്‍ താഴെ വീഴാനും പകരാതിരിക്കാനും സഹായിക്കും.

- സാബിത്തിന് നിപ പകര്‍ന്നത് വവ്വാലില്‍ നിന്ന് നേരിട്ടാവാം

വളരെ അത്യപൂര്‍വ്വമായി മാത്രം വവ്വാലില്‍ നിന്ന് പകരുന്ന വൈറസാണ് നിപ. എന്നാല്‍ മനുഷ്യനിലെത്തിയാല്‍ പെട്ടെന്ന് പകരും.
വൈറസ് ബാധയുള്ള വവ്വാലുമായി സാബിത്തിന് നേരിട്ട് സമ്പര്‍ക്കമുണ്ടാരിക്കാമെന്നാണ് അനുമാനിക്കുന്നത്. ഇവിടത്തെ സാഹചര്യം വിലയിരുത്തുമ്പോള്‍ വവ്വാല്‍ കഴിച്ച പഴങ്ങളില്‍ നിന്നല്ല നിപ വൈറസ് ബാധിച്ചത്. ആ രീതിയിലായിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ക്ക് നിപ വൈറസ് പനി സമാനമായ രീതിയില്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ല. സാബിത്ത് മൃഗങ്ങളില്‍ കൂടുതല്‍ തല്‍പരനായ കക്ഷിയായതിനാല്‍ ഒരു പക്ഷേ വീണുകിടക്കുന്ന വവ്വാല്‍ കുഞ്ഞിനെയോ മറ്റോ കൈ കൊണ്ട് എടുത്തിരിക്കാനാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കാനോ തെളിവ് നല്‍കാനോ കൂട്ടുകാരോ മറ്റോ ഉണ്ടായിട്ടില്ല. പഴം വഴി അല്ല എന്നുള്ളതിനാല്‍ പിന്നീട് വവ്വാലില്‍ നിന്നു തന്നെ പകരാനാണ് സാധ്യതയുള്ളത്. ഇങ്ങനെയാവണമെങ്കില്‍ മനുഷ്യര്‍ക്ക് നേരിട്ട് സമ്പര്‍ക്കമുണ്ടാകണം. ഈ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ സാബിത്ത് നിപ വൈറസ് അധികമുള്ള വവ്വാലിനെ തൊട്ടിട്ടുണ്ടാകുമെന്നും അത് വഴിയാകും പകര്‍ന്നതെന്നുമാണ് ഇപ്പോഴത്തെ നിഗമനം.

- നേഴ്സിങ് വിദ്യാര്‍ത്ഥിനി നിരീക്ഷണത്തില്‍

നേരത്തെ നിപ സ്ഥിരീകരിച്ച നേഴ്‌സിംഗ് വിദ്യാര്‍ത്ഥി അടക്കം രണ്ടു പേര്‍ ഗുരുതര നില തരണം ചെയ്ത ആശ്വാസം പ്രതീക്ഷ നല്‍കുമ്പോഴും നീരിക്ഷണത്തില്‍ തുടരുകയാണ്. നിപ വൈറസ് തലച്ചോറില്‍ തന്നെ കുറച്ച് കാലം നിലനില്‍ക്കും. ഇത് കാരണം പനി തിരിച്ചുവരാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാവതല്ല. അതിനാല്‍ തുടര്‍ ജോലികളിലും മറ്റും അവര്‍ ഇടപഴകുമ്പോഴും നിരീക്ഷണത്തിലാവും.
രോഗപ്രതിരോധ ശേഷിയേക്കാള്‍ സമ്പർക്കം തന്നെയാണ് നിപയെ സംബന്ധിച്ച് മുഖ്യം. എങ്കിലും സുഖംപ്രാപിച്ചു വരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി വൈറസിനെ അതിജയിച്ചു എന്ന് പറയണം. ഭീദിതമായ അവസ്ഥയില്‍ എത്തിയ കേസാണിത്. റിബാവെെറിൻ എന്ന മരുന്നിനോട് അവളുടെ ശരീരം അല്‍ഭുതകരമാംവിധം പ്രതികരിച്ചിരിക്കണം. നിപ പോസറ്റീവ് ആയ അവശേഷിച്ച രോഗിയുടെ സ്ഥിതിയും ആശാവഹമാണ്.

- അനാവശ്യ മാസ്‌ക് ഉപയോഗം

രോഗവ്യാപനം തടയാന്‍ കരുതലും ജാഗ്രതയും പ്രധാനമാണ്. എന്നു കരുതി നാട്ടുകാര്‍ ഒന്നടങ്കം പൊതു ഇടങ്ങളില്‍ മാസ്‌ക്കും ധരിച്ച് നടക്കേണ്ട കാര്യമൊന്നുമില്ല. എന്നാല്‍ രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്ക് മാസ്‌ക്കും ഗ്ലൗവും നിര്‍ബന്ധമാണ്.
റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് തുടങ്ങി പൊതു ഇടങ്ങളില്‍ ധാരാളം പേര്‍ വ്യാപകമായി മാസ്‌ക് ധരിക്കുന്നുണ്ട്. ഇതിന്റെ ആവശ്യമില്ല. നിപ പനി അതി തീവ്രമാകുന്ന, രക്ഷപ്പെടാനാവാത്ത ഗുരുതരമായ സമയത്ത് മാത്രമേ വൈറസ് പകരുകയുള്ളൂ. ഡോക്ടര്‍മാരും രോഗികളെ പരിചരിക്കുന്ന നഴ്‌സുമാരും കൂട്ടിയിരിപ്പുകാരും ആശുപത്രികളിലും മറ്റും ഉള്ളവരും മാസ്‌ക് ധരിക്കാം. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ ധരിക്കുമ്പോള്‍ പലപ്പോഴും വിപരീത ഫലമാണുണ്ടാകുന്നത്. കാരണം ആളുകള്‍ പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുകയും പലപ്പോഴും മാസ്‌കിന്റെ പുറംവശം കൈ കൊണ്ടു തൊടുകയും ചെയ്യും. പിന്നീട് ഈ കൈകള്‍ കൊണ്ടു തന്നെ കണ്ണ്, വായ തുടങ്ങിയവയില്‍ തൊടുകയാണ് ചെയ്യുത്. ഇതുകൊണ്ട് മാസ്‌കിന്റെ യഥാര്‍ത്ഥ ഗുണം ലഭിക്കുന്നില്ല.

Story by
Read More >>