ദ്വിരാഷ്ട്ര വാദം ആദ്യം ഉയർത്തിയത് സവർക്കർ; അദ്ദേഹം അവകാശപ്പെട്ട 'ഹിന്ദു രാഷ്ട്ര'ത്തിൽ മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും സ്ഥാനമുണ്ടായിരുന്നില്ല- ശശി തരൂർ

വിഭജനകാലത്ത് ഏറ്റവും കൂടുതലായി ഉയർന്നുവന്ന ചോദ്യം മതം ദേശീയത നിർണ്ണയിക്കുന്നതാണോ എന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

ദ്വിരാഷ്ട്ര വാദം ആദ്യം ഉയർത്തിയത് സവർക്കർ; അദ്ദേഹം അവകാശപ്പെട്ട

ന്യൂഡൽഹി: ദ്വിരാഷ്ട്രമെന്ന വാദം ആദ്യം ഉയർത്തിയത് ഹിന്ദുമഹാസഭ നേതാവ് വി.ഡി സവർക്കർ ആണെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. മുസ്ലിം ലീഗ് പാകിസ്താൻ പ്രമേയം പാസാക്കുന്നതിന് മൂന്നു വർഷങ്ങൾക്ക് മുൻപ് സവർക്കറാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് വേണ്ടി വാദിച്ചതെന്ന് ശശി തരൂർ പറഞ്ഞു.

വിഭജനകാലത്ത് ഏറ്റവും കൂടുതലായി ഉയർന്നുവന്ന ചോദ്യം മതം ദേശീയത നിർണ്ണയിക്കുന്നതാണോ എന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1940 ലെ ലാഹോർ സെഷനിൽ മുസ്ലിം ലീഗ് പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ സവർക്കർ ദ്വിരാഷ്ട്ര സിദ്ധാന്തം അവതരിപ്പിച്ചിരുന്നുവെന്ന് തരൂർ പറഞ്ഞു. ജയ്പൂർ സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"മാഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു എന്നിവരടക്കമുള്ള ബഹുഭൂരിപക്ഷം പേരും അന്നു പറഞ്ഞത് മതം നിങ്ങളുടെ സ്വത്വം നിർണ്ണിയിക്കുന്നില്ല, നിങ്ങളുടെ ദേശീയത നിർണ്ണയിക്കുന്നില്ല, എല്ലാവർക്കും സ്വാതന്ത്ര്യം ലഭിക്കാനാണ് ഞങ്ങൾ പോരാടിയത്, എല്ലാവർക്കും വേണ്ടിയുള്ള രാജ്യമാണ് ഞങ്ങൾ നിർമ്മിച്ചത് എന്നായിരുന്നു."-തരൂർ പറഞ്ഞു.

എന്നാൽ സവർക്കറുടെ വാദം ഇതായിരുന്നില്ല. ഇന്ത്യ ഹിന്ദുക്കളുടെ പിതൃഭൂമിയാണ്. പൂർവ്വികരുടെ മണ്ണാണ്, ഹിന്ദുക്കളുടെ പുണ്യ ഭൂമിയാണ്. അതുകൊണ്ട് ഹിന്ദു, സിഖ്, ബുദ്ധ, ജൈന എന്നീ വിഭാഗങ്ങൾ ഇന്ത്യയിൽ ഉൾക്കൊള്ളുന്നു. മുസ് ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ ഇതിൽ പെട്ടിരുന്നില്ലെന്നും സവർക്കർ പറഞ്ഞതായി തരൂർ പറഞ്ഞു.

ഗാന്ധി ഒരു ഭക്തനായ ഹിന്ദുവായിരുന്നു. പക്ഷേ അദ്ദേഹം തന്റെ പ്രഭാത പ്രാർത്ഥനയിൽ ക്രിസ്തീയ സ്തോത്രവും ഖുറാനിൽ നിന്നുള്ള വാക്യങ്ങളും, ഗുരു ഗ്രന്ഥ് സാഹിബിന്റെ വാക്യങ്ങളും ഉൾപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള ഇന്ത്യയ്ക്കുവേണ്ടിയായിരുന്നു മഹാത്മാഗാന്ധി നിലകൊണ്ടത്. എന്നാൽ, ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ബലിപീഠത്തിൽ അദ്ദേഹം ജീവൻ നൽകി. ഗാന്ധി മുസ്‌ലിം താൽപര്യങ്ങളെ ഹിന്ദു താൽപര്യങ്ങലേക്കാൾ മുന്നിൽ നിർത്തുന്നുവെന്ന് വിശ്വസിച്ച ആർ.എസ്.എസ് പ്രവർത്തകനാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

Read More >>