'സ്മാർട്ട്‌ഫോണിന് ഒരു കിലോ ഉള്ളി സൗജന്യം'; ഓഫര്‍ വേറെ ലെവലാണ്

നിലവിൽ ഒരു കിലോ വലിയ ഉള്ളി 140 രൂപയ്ക്കും ഒരു കിലോ ചെറിയ ഉള്ളി 160 രൂപയ്ക്കും ആണ് തമിഴ്നാട്ടില്‍ വിൽക്കുന്നത്.

ചെന്നൈ: തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ പുതുക്കോട്ടയിൽ സ്മാർട്ട്‌ഫോൺ വാങ്ങിയാൽ ഒരു കിലോ ഉള്ളി സൗജന്യമെന്ന ആനുകൂല്യവുമായി മൊബൈല്‍ ഷോപ്പ് . അനുദിനം കുതിച്ചുയരുന്ന ഉള്ളി വിലവർദ്ധനവിനെ ബിസിനസ് തന്ത്രമായി എറ്റെടുത്തിരിക്കയാണ് കടയുടമ. എസ്ടിആർ മൊബൈൽസ് എന്ന സ്ഥാപനത്തിൽനിന്ന് സ്മാർട്ട് ഫോൺ വാങ്ങിയാൽ ഒരു കിലോ ഉള്ളി സൗജന്യമായി നൽകുമെന്ന് അറിയിച്ച് സ്ഥാപനത്തിന് മുന്നിൽ പോസ്റ്റർ പതിക്കുകയും ചെയ്തിട്ടുണ്ട്. ആനുകൂല്യം കണ്ട് നിരവധി ആളുകള്‍ ഇവിടെയെത്തുന്നതായി കടയുടമ തന്നെ പറയുന്നു.

നിലവിൽ ഒരു കിലോ വലിയ ഉള്ളി 140 രൂപയ്ക്കും ഒരു കിലോ ചെറിയ ഉള്ളി 160 രൂപയ്ക്കും ആണ് തമിഴ്നാട്ടില്‍ വിൽക്കുന്നത്.

എട്ടു വർഷം മുമ്പാണ് എസ്ടിആർ മൊബൈൽസ് ആരംഭിക്കുന്നത്. ഇതുവരെ ദിവസേന രണ്ട് മൊബൈൽ ഫോൺ മാത്രമാണ് വിറ്റുപോയിരുന്നത്. എന്നാൽ ഉള്ളി സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ചതോടെ വിൽപ്പന കൂടിയതായും കടയുടമ ശരവണ പറഞ്ഞു. പരസ്യം പുറത്തുവിട്ടതിനു ശേഷം വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ദിവസേന 8 ഫോണുകൾ വീതം വിൽപ്പന നടത്താനായി. ആളുകൾക്ക് ഈ ഓഫർ ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടയിൽ വരുന്ന ആളുകൾക്ക് ചെറിയ ഉള്ളിയും വലിയ ഉള്ളിയും സൗജന്യമായി തെരഞ്ഞെടുക്കാനുള്ള സൗകര്യം ശരവണ ഒരുക്കിയിട്ടുണ്ട്.

Next Story
Read More >>