ഷർജീൽ ഇമാമിന്റെ ബിഹാറിലെ വസതിയിൽ രാത്രി പൊലീസ് റെയ്ഡ്; രണ്ട് ബന്ധുക്കളെയും ഡ്രൈവറേയും കസ്റ്റഡിയിലെടുത്തു

തന്റെ മകൻ നിരപരാധിയാണെന്ന് ഷർജീലിന്റെ മാതാവ് അഫ്ഷൻ റഹീം പ്രതികരിച്ചു

ഷർജീൽ ഇമാമിന്റെ ബിഹാറിലെ വസതിയിൽ രാത്രി പൊലീസ് റെയ്ഡ്; രണ്ട് ബന്ധുക്കളെയും ഡ്രൈവറേയും കസ്റ്റഡിയിലെടുത്തു

പട്‌ന: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ.എൻ.യു വിദ്യാർത്ഥിയും സി.എ.എ വിരുദ്ധ മുന്നണി പോരാളിയുമായ ഷർജീൽ ഇമാമിന്റെ ബിഹാറിലെ വസതിയിൽ പൊലീസ് റെയ്ഡ്. ഞായറാഴ്ച രാത്രിയാണ് കാകോ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഷർജീലിന്റെ വസതിയിൽ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ റെയ്ഡ് നടത്തിയതെന്ന് ജെഹനാബാദ് പൊലീസ് സൂപ്രണ്ട് മനിഷ് കുമാർ പറഞ്ഞു.

വീട്ടിൽ ഷർജീൽ ഇല്ലായിരുന്നുവെന്നും ചോദ്യം ചെയ്യലിനായി രണ്ടു ബന്ധുക്കളേയും ഡ്രൈവറേയും കസ്റ്റഡിയിലെടുത്തതായും എസ്.പി കൂട്ടിച്ചേർത്തു.

അസമിലേക്ക് സൈന്യം പോകുന്ന വഴി തടസപ്പെടുത്തി പൗരത്വ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്തണം എന്ന പ്രസ്താവനയുടെ പേരിലാണ് ഷർജീൽ ഇമാമിനെതിരെ കേസെടുത്തത്. നമ്മളൊരുമിച്ചാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽനിന്ന് വേർപ്പെടുത്താനാകുമെന്നും അസമിനെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നുമാണ് ഷർജീൽ പ്രസംഗത്തിൽ പറയുന്നത്. ഷർജീലിന്റെ വിദ്വേഷപ്രസംഗത്തെ തുടർന്ന് ഇയാൾക്കെതിരെ അലിഘഡ് പൊലീസ് യു.എ.പി.എ ചുമത്തി കേസെടുത്തിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഷർജിൽ ഇമാമിനെതിരെ പൊലീസ് കേസെടുത്തത്. സി.എ.എയ്ക്കും എൻആർസിക്കുമെതിരെ വിവാദപ്രസ്താവനകൾ നടത്തിയതിനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, തന്റെ മകൻ നിരപരാധിയാണെന്ന് ഷർജീലിന്റെ മാതാവ് അഫ്ഷൻ റഹീം പ്രതികരിച്ചു.'എന്റെ മകൻ നിരപരാധിയാണ്. അവനൊരു കള്ളനോ പോക്കറ്റടിക്കാരനോ അല്ല. ദൈവത്തിന്റെ പേരിൽ ഞാൻ സത്യം ചെയ്യുന്നു അവൻ എവിടെയാണ് ഉള്ളതെന്ന് എനിക്ക് അറിയില്ല. പക്ഷേ എനിക്ക് ഒരു കാര്യം ഉറപ്പു നൽകാനാകും, അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പിൽ അവൻ ഹാജരാകുകയും പൂർണ്ണമായും അന്വേഷണവുമായി സഹകരിക്കുകയും ചെയ്യും.'- മാതാവ് പറഞ്ഞു.

Next Story
Read More >>