കൊളീജിയം വീണ്ടും ചേർന്നു പിരിഞ്ഞു; കെ.എം ജോസഫിന്റെ കാര്യത്തിൽ തീരുമാനമില്ല
ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താനുള്ള ശിപാർശ വീണ്ടും...
ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താനുള്ള ശിപാർശ വീണ്ടും സർക്കാരിലേക്ക് അയക്കാതെ ബുധനാഴ്ച ചേർന്ന കൊളീജിയം മൂന്നാമതും മാറ്റിവെച്ചു. ജസ്റ്റീസ് കെ.എം ജോസഫിന്റെ പേര് വീണ്ടും ശിപാർശ ചെയ്യുന്ന കാര്യത്തിൽ ഈ മാസം പതിനൊന്നിനുചേർന്ന കൊളീജിയത്തിൽ തത്വത്തിൽ തീരുമാനമായിരുന്നു. എന്നാൽ, കെ എം ജോസഫിന്റെ പേര് പ്രത്യേകം ശിപാർശ ചെയ്യണോ അതോ മറ്റു ഹൈക്കോടതി ജഡ്ജിമാരുടെ ശിപാർശയോടൊന്നിച്ച് നൽകിയാൽ മതിയോ എന്നകാര്യത്തിൽ ഈ യോഗത്തിൽ തീരുമാനമായിരുന്നില്ല.
ജസ്റ്റീസ് കെ.എം ജോസഫിന്റെ പേര് അടിയന്തരമായി പ്രത്യേകം അയക്കുന്നതിന് പകരം മറ്റു ഹൈക്കോടതികളിൽനിന്ന് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം കിട്ടേണ്ട ജഡ്ജിമാരുടെ പേരുകൾക്കൊപ്പം അയക്കാനാണ് അവസാനം ചേർന്ന കൊളീജിയം യോഗത്തിൽ തീരുമാനിച്ചത്. ഇതിനായി വിശദമായ ചർച്ചകൾ ആവശ്യമാണെന്നാണ് കൊളീജിയം യോഗത്തിൽ തീരുമാനമായിരുന്നത്. ഇതിനായാണ് ബുധനാഴ്ച വൈകുന്നേരം കൊളീജിയം വീണ്ടും യോഗം ചേരാൻ തീരുമാനിച്ചത്. എന്നാൽ, ഈ യോഗത്തിലും ഇക്കാര്യത്തിൽ തീരുമാനമായില്ല. ഇതോടെ, ജോസഫിന്റെ നിയമന നടപടികൾ ഇനിയും വൈകുമെന്ന് ഉറപ്പായി.
ആകെ 31 ജഡ്ജിമാർ വേണ്ടിടത്ത് ഇപ്പോൾ സുപ്രീംകോടതിയിൽ 25 ജഡ്ജിമാരാണുള്ളത്. ഇവരിൽ തന്നെ അഞ്ചു പേർ ഈ വർഷം വിരമിക്കും. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന രണ്ടാമത്തെ ജഡ്ജിയും കൊളീജിയത്തിലെ അംഗവുമായ ജസ്റ്റീസ് ജെ. ചെലമേശ്വർ 22ന് വിരമിക്കും. വേനൽ അവധിക്കായി കോടതി വെള്ളിയാഴ്ച അടയ്ക്കുന്നതിനാൽ ജൂലൈ രണ്ടിന് മുൻപ് ഇനി കൊളീജിയം ചേരാൻ സാധ്യത ഇല്ല.