ഈ മൂന്ന് കാര്യങ്ങൾക്കും മോദി മാപ്പു പറയണം: രാഹുൽ ഗാന്ധി

ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി മോദിയുടെ മാപ്പ് ആവശ്യപ്പെട്ടത്

ഈ മൂന്ന് കാര്യങ്ങൾക്കും മോദി മാപ്പു പറയണം: രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് രാഹുൽ ഗാന്ധി എം.പി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി മോദിയുടെ മാപ്പ് ആവശ്യപ്പെട്ടത്.

"മോദിജി മാപ്പ് പറയണം

1. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ കത്തിപ്പടരുന്ന പ്രക്ഷോഭങ്ങൾക്ക്,

2. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ നശിപ്പിക്കുന്നതിന്,

3. ഞാൻ ചുവടെ കൊടുത്തിരിക്കുന്ന മോദിജിയുടെ ഈ പ്രസംഗത്തിന്,'-രാഹുൽ ട്വീറ്റ് ചെയ്തു.

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട മോദിയുടെ പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് രാഹുല്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിരിക്കുന്നത്.

അതേസമയം, രാഹുലിന്‍റെ റെയ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ അദ്ദേഹത്തിന്‍റെ മാപ്പ് ആവശ്യപ്പെട്ട് ബി.ജെ.പി എം.പിമാര്‍ പാര്‍ലമെന്‍റില്‍ ബഹളം വച്ചു. രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. 'ചരിത്രത്തിൽ ആദ്യമായാണ് ഒരു നേതാവ് ഇന്ത്യൻ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടേണ്ടവരാണെന്ന് ആഹ്വാനം നൽകുന്നത്. രാജ്യത്തെ ജനങ്ങൾക്കുള്ള ഇത് രാഹുൽ ഗാന്ധിയുടെ സന്ദേശമാണോ ഇത്? രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെടണം.'- സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ബി.ജെ.പി എം.പിമാരുടെ ബഹളത്തെ തുടർന്ന് 12 മണി വരെ സഭ നിർത്തിവെച്ചു.

എന്നാല്‍ മാപ്പു പറയില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി രംഗത്തെത്തി. ' പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ശ്രമിക്കുന്നത്. ഞാൻ മാപ്പു പറയില്ല.'-രാഹുൽ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ ദിവസം ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് രാഹുൽ പ്രസ്താവന നടത്തിയത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരുന്ന സാഹചര്യം സൂചിപ്പിച്ചാണ് രാഹുൽ ഗാന്ധി പരാമർശം നടത്തിയത്. 'നരേന്ദ്ര മോദി പറയുന്നത് മെയ്ക് ഇൻ ഇന്ത്യ എന്നാണ്. എന്നാൽ, എവിടെ നോക്കിയാലും റേപ് ഇൻ ഇന്ത്യ എന്നതാണ് ഇന്ന് കാണാൻ കഴിയുന്നത്. ഉത്തർപ്രദേശിൽ മോദിയുടെ എം.എൽ.എയാണ് ബലാത്സംഗം ചെയ്തത്. പിന്നീട് ഇവർക്ക് വാഹനാപകടമുണ്ടായി. എന്നാൽ, നരേന്ദ്ര മോദി ഇക്കാര്യത്തിൽ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല.' -എന്നിങ്ങനെയായിരുന്നു രാഹുൽ പറഞ്ഞത്.

Read More >>