ധനകാര്യം നല്ലരീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ സാമ്പത്തിക വളർച്ചയും വികസനവും കൈവരിക്കാനാവില്ല : പ്രണബ് മുഖർജി

കഴിഞ്ഞ ഏതാനും വർഷങ്ങളായി അഴിമതിയും തട്ടിപ്പുകളും വലിയ തോതിൽ ഉയർന്നു ഇത്തരം സാഹചര്യങ്ങൾ വളർച്ചയ്ക്ക് വെല്ലുവിളിയാവും.

ധനകാര്യം നല്ലരീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ സാമ്പത്തിക വളർച്ചയും വികസനവും കൈവരിക്കാനാവില്ല : പ്രണബ് മുഖർജി

ന്യൂഡൽഹി: ഇന്ത്യൻ സാമ്പത്തിക രംഗത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ പ്രകടമാണെന്നും വിവേകപൂർണമായ സാമ്പത്തിക നിർവ്വഹണം ആവശ്യമാണെന്നും പ്രണബ് പറഞ്ഞു.ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറഞ്ഞ സാഹചര്യത്തിലാണ് പ്രണബിന്റെ പ്രതികരണം.

ഇന്ത്യയുടെ വളർച്ച നിരക്ക് 2010ലെ ആദ്യ പാദത്തിൽ 9.3 ശതമാനമായിരുന്നു എന്നാലിത്2018-19 അവസാന പാദത്തിൽ 5.8 ശതമാനമായി കുറഞ്ഞു. വാർഷിക ആഭ്യന്തര വളർച്ചാ നിരക്ക് അഥവാ ജി.ഡി.പി നിരക്ക് അഞ്ചു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. 2018 ഒക്ടോബർ -ഡിസംബർ പാദത്തിൽ ജി.ഡി.പി 6.6 ശതമാനമായിരുന്നു അന്നു മുതൽ സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ കാണാൻ തുടങ്ങിയിരുന്നുവെന്നും മുൻ ധനമന്ത്രിയും ഏഴ് ബജറ്റുകളും അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം പറഞ്ഞു.

ധനകാര്യങ്ങൾ നല്ലരീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ സാമ്പത്തിക വളർച്ചയും വികസനവും കൈവരിക്കാനാവില്ല എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിനുള്ള ഉപദേശം എന്ന രീതിയിലായിരുന്നു പ്രണബിന്റെ ഈ പരാമർശം.നിക്ഷേപമില്ലാതെ സമ്പദ് വ്യവസ്ഥയ്ക്ക് വികസിക്കാനും വളരാനും സാധിക്കില്ല.

ജി.എസ്.ടി നടപ്പാക്കിയതിലൂടെ കേന്ദ്ര തല നികുതികൾ വർദ്ധിച്ചു.എന്നാൽ ജി.എസ്.ടി നടപ്പാക്കുന്നതിലും പാലിക്കുന്നതിലും ഉയർന്നു വന്ന വിവാദങ്ങളിലും ആശയ പ്രശ്‌നങ്ങളിലും സർക്കാർ കൂടുതൽ വ്യക്തത വരുത്തണമെന്നും പ്രണബ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി അഴിമതിയിലും തട്ടിപ്പുകളിലും അത്ഭുതകരമായ വളർച്ചയാണ് ഉണ്ടായത് ഇത്തരം സാഹചര്യങ്ങൾ സാമ്പത്തിക വളർച്ചയ്ക്ക് വെല്ലുവിളിയാവും.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി തട്ടിപ്പുകളിൽ വൻ വർദ്ധന ഉണ്ടായിട്ടുണ്ട് ഇത് ആശ്ചര്യപ്പെടുത്തുന്നതാണ്. സത്യം അഴിമതിയിൽ സർക്കാർ എടുത്ത നീക്കങ്ങൾ പലരേയും പാഠം പഠിപ്പിച്ചു. എന്നാല് പഞ്ചാബ് നാഷണൽ ബാങ്ക്, ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആന്റ് ഫിനാൻഷ്യൽ സർവീസസ് എന്നിവയിലുണ്ടായ ക്രമക്കേടുകളും കോർപ്പറേറ്റ് മേഖലയിൽ ചോദ്യങ്ങളുയർത്തുന്നു.ഇത്തരം ക്രമക്കേടുകളും തട്ടിപ്പുകളും തടയാൻ സാധിച്ചില്ലെങ്കിൽ ദുരുപയോഗവും കബളിപ്പിക്കലും വർദ്ധിക്കും. ഇത്തരം അന്തരീക്ഷത്തിൽ വ്യവസായങ്ങളും ബിസിനസും മികച്ചതാവില്ലെന്നും സാമ്പത്തിക പ്രവർത്തനങ്ങൾ സ്തംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

Next Story
Read More >>