മോദിക്ക് സമ്പദ് വ്യവസ്ഥയെക്കുറിച്ച് ഒരു ചുക്കുമറിയില്ല; കടന്നാക്രമിച്ച് രാഹുൽ

ഇന്ത്യയുടെ പ്രതിച്ഛായ പ്രധാനമന്ത്രി നശിപ്പിച്ചു

മോദിക്ക് സമ്പദ് വ്യവസ്ഥയെക്കുറിച്ച് ഒരു ചുക്കുമറിയില്ല; കടന്നാക്രമിച്ച് രാഹുൽ

ജെയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്പദ് വ്യവസ്ഥയെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എം.പി. രാജസ്ഥാനിലെ ജെയ്പൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി സാമ്പത്തിക ശാസ്ത്രം പഠിക്കുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.' ജി.എസ്.ടി (ചരക്കു സേവന നികുതി) എന്താണെന്നു പോലും പ്രധാനമന്ത്രി മനസ്സിലാക്കിയിട്ടില്ലെന്നു തോന്നുന്നു. എട്ടു വയസ്സുള്ള കുട്ടിയ്ക്കു പോലും അറിയാം നോട്ടു നിരോധനം തിരിച്ചടിയാണെന്ന്.'- രാഹുൽ പറഞ്ഞു.

യു.പി.എ സർക്കാരിന്റെ ഭാഗത്ത് സമ്പദ് വ്യവസ്ഥ ഒൻപത് ശതമാനം വളർന്നു. ലോകം മുഴുവൻ നമ്മെയായിരുന്നു ഉറ്റുനോക്കിയിരുന്നത്. ഇന്ന്, 2.5 ശതമാനമാണ് വളർച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'സാഹോദര്യവും സ്നേഹവും ഐക്യവും ഇന്ത്യയുടെ മുഖമുദ്രയായിരുന്നു. അതേസമയം, വിദ്വേഷത്തിനും ഭിന്നിപ്പിനും പേരുകേട്ട രാജ്യം പാകിസ്താനായിരുന്നു. ഇന്ത്യയുടെ പ്രതിച്ഛായ പ്രധാനമന്ത്രി നശിപ്പിച്ചു. ഇന്ന് ലോകത്തെ ബലാത്സംഗ തലസ്ഥാനമായി ഇന്ത്യ മാറി. പ്രധാനമന്ത്രി ഒരു വാക്കുപോലും ഇതിൽ പറഞ്ഞില്ല. തൊഴിലില്ലായ്മ നിരക്ക് വർദ്ധിക്കുന്നതിൽ പ്രധാനമന്ത്രിയോട് ചോദ്യം ഉന്നയിച്ച യുവാക്കളെ അവർ വേട്ടയാടുന്നു. ധൈര്യമുണ്ടെങ്കിൽ ഇന്ത്യയിലെ ഏതെങ്കിലും ഒരു സർവകലാശാലയിൽ പോയി വിദ്യാർത്ഥികളുടെ ചോദ്യങ്ങളെ നേരിടാൻ ഞാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നു. അദ്ദേഹത്തിന് അതിനു സാധിക്കില്ല. പക്ഷേ പാഴ് വാഗ്ദാനങ്ങൾ നൽകാൻ കഴിയും.'- രാഹുൽ ആരോപിച്ചു.

Read More >>