'സംസാരിക്കുന്നത് പാക് ഭാഷയില്‍': പൗരത്വ ബില്ലിനെ എതിര്‍ത്ത പാര്‍ട്ടികളെ വിമര്‍ശിച്ച് പ്രധാനമന്ത്രി

മതത്തിന്റെ അടിസ്ഥാനത്തിൽ പീഡിപ്പിക്കപ്പെടുന്നവർക്കായുള്ള പൗരത്വ ഭേദഗതി ബിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടുമെന്ന് മോദി

ന്യൂഡൽഹി: പൗരത്വ ബില്ലിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ലുമായി ബന്ധപ്പെട്ട് ചില പാർട്ടികൾ പാകിസ്താന്റെ അതേ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് മോദി പറഞ്ഞു. ബില്ലിനെ വിമര്‍ശിച്ച പാര്‍ട്ടികള്‍ക്കെതിരെയായിരുന്നു മോദിയുടെ കടന്നാക്രമണം.

മതത്തിന്റെ അടിസ്ഥാനത്തിൽ പീഡിപ്പിക്കപ്പെടുന്നവർക്കായുള്ള പൗരത്വ ഭേദഗതി ബിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടും. എന്നാൽ ചില പാർട്ടികൾ പാകിസ്താൻ സംസാരിക്കുന്ന അതേ ഭാഷയിലാണ് പ്രതികരിക്കുന്നതെന്നും ഡൽഹിയിൽ നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി പറഞ്ഞു.

ലോക്‌സഭയിൽ പാസാക്കിയ ബില്ല് ഇന്നു രാജ്യസഭയിൽ പരിഗണിക്കാനിരിക്കെ രാജ്യ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മോദിയുടെ പ്രതികരണം.

അയൽ രാജ്യങ്ങളായ പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ജാതീയ അടിസ്ഥാനത്തിൽ വിവേചനവും പീഡനവുമേറ്റ് ഇന്ത്യയിലെത്തിയ ആളുകൾക്ക് ബില്ല് ആശ്വാസകരമാവും - അദ്ദേഹം ഊന്നിപ്പറഞ്ഞു.

അതേ സമയം സുരക്ഷിതമായ ഭൂരിപക്ഷത്തോടെ തന്നെ ബിൽ പാസാക്കുമെന്ന് പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി അവകാശപ്പെട്ടു.

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ രാജ്യങഅങളിൽ നിന്നുള്ള മുസ്ലിം ഇതര ആറു സുമദായങ്ങളിലെ കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്ന ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും ലോക്‌സഭ കടന്ന ബില്ല് രാജ്യസഭയിലും പാസാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Read More >>