എൻസിസി റാലിയിലും രാഷ്ട്രീയം പറഞ്ഞ് നരേന്ദ്ര മോദി; സിഎഎ കാശ്മീർ വിഷയങ്ങളിൽ പ്രതിപക്ഷത്തെ ആക്രമിച്ചു

എൻസിസി ദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ നവംബർ 24ന് താൻ രാഷ്ട്രീയം ആ​ഗ്രഹിച്ചിരുന്നില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് രാഷ്ട്രീയം മാറ്റിവെക്കേണ്ടതായ ഒരു വേദിയിൽ മോദി രാഷ്ട്രീയ പ്രസം​ഗം നടത്തിയത്.

എൻസിസി റാലിയിലും രാഷ്ട്രീയം പറഞ്ഞ് നരേന്ദ്ര മോദി; സിഎഎ കാശ്മീർ വിഷയങ്ങളിൽ പ്രതിപക്ഷത്തെ ആക്രമിച്ചു

ഡൽഹി: നാഷണൽ കേഡറ്റ് കോർ (എൻസിസി) റാലിയിൽ രാഷ്ട്രീയം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ നിയമത്തെ അനുകൂലിച്ചും പ്രതിപക്ഷത്തെ വിമർശിച്ചുമായിരുന്നു ഇന്ന് ഡൽഹിയിൽ നടന്ന എൻസിസി റാലിയെ മോദി അഭിസംബോധന ചെയ്തത്. സിഎഎ, കാശ്മീർ വിഷയങ്ങളിൽ ഊന്നി സംസാരിച്ച മോദി പാകിസ്താനെയും കടന്നാക്രമിച്ചു.

എൻസിസി ദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ നവംബർ 24ന് താൻ രാഷ്ട്രീയം ആ​ഗ്രഹിച്ചിരുന്നില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് രാഷ്ട്രീയം മാറ്റിവെക്കേണ്ടതായ ഒരു വേദിയിൽ മോദി രാഷ്ട്രീയ പ്രസം​ഗം നടത്തിയത്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് "ചരിത്രപരമായ അനീതി " ഇല്ലാതാക്കാനാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.

പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്‌ലിംകൾക്ക് പൗരത്വം നൽകുന്ന നിയമം മൂന്ന് രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങൾക്ക് ബിജെപി നൽകിയ പഴയ വാഗ്ദാനം നിറവേറ്റുന്നതായിരുന്നു. പൗരത്വ വിഷയങ്ങളിലടക്കം സർക്കാർ നീക്കത്തെ എതിർത്ത പ്രതിപക്ഷത്തേയും മോദി ആക്രമിച്ചു.

"പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്ന നമ്മുടെ സർക്കാറിൻെറ തീരുമാനങ്ങൾക്ക് സാമുദായിക നിറം നൽകുന്നവരുടെ യഥാർത്ഥ മുഖം രാജ്യം കണ്ടു. രാഷ്ട്രം നിശബ്ദമായി എല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, പക്ഷേ അത് എല്ലാം മനസ്സിലാക്കുന്നുണ്ട്"- മോദി പറഞ്ഞു.

നെഹ്‌റു-ലിയാഖത്ത് കരാർ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് സംസാരിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യ അവരെ സഹായിക്കുമെന്ന് ഞങ്ങൾ അവർക്ക് വാഗ്ദാനം ചെയ്തിരുന്നു. മഹാത്മാഗാന്ധിയും ഇതേ ആ​ഗ്രഹമാണ് പങ്കുവെച്ചത്. പൗരത്വ നിയമം സംബന്ധിച്ച് പ്രതിപക്ഷം ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പടര്‍ത്തുകയാണ്. ഇങ്ങനെ ഭയപ്പെടുത്തുന്നവര്‍ പാകിസ്താനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനം കാണാന്‍ തയ്യാറാകുന്നില്ല.

കാശ്മീർ അടക്കമുള്ള പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല മൂന്ന് നാല് കുടുംബങ്ങളും ചില രാഷ്ട്രീയ പാർട്ടികളും ശ്രമിച്ചത്. മറിച്ച് കുഴപ്പങ്ങള്‍ പരിപോഷിപ്പിക്കുകയായിരുന്നു അവര്‍. ഇതിന്റെ ഫലമായി ഭീകരത വളര്‍ന്ന് ആയിരണക്കണക്കിന് ആളുകള്‍ പാലായനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടു.

എന്നാൽ ജമ്മു കശ്മീർ ഇപ്പോൾ സമാധാനപരമാണെന്ന് മാത്രമല്ല, പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട വടക്കുകിഴക്കൻ മേഖലയുടെ അഭിലാഷങ്ങൾ പരിഹരിക്കാനും സർക്കാരിനു കഴിഞ്ഞു. പാകിസ്താനെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സായുധ സേനക്ക് 10-12 ദിവസത്തില്‍ കൂടുതല്‍ വേണ്ടെന്നും പതിറ്റാണ്ടുകളായി അവര്‍ ഇന്ത്യക്കെതിരെ നിഴല്‍ യുദ്ധം നടത്തിവരുന്നായും മോദി പറഞ്ഞു.

Next Story
Read More >>