'മോദിയും അമിത് ഷായും കുടിയേറ്റക്കാര്‍'; പൗരത്വ ബില്ലിനെതിരെ കോൺഗ്രസ് നേതാവ് അധിർ രഞ്ജന്‍ ചൗധരി

അവർ മുസ്‌ലിംകളെ പുറത്താക്കുമെന്ന് ഭയപ്പെടുത്തുന്നു. അതു ചെയ്യാനുള്ള കഴിവ് രണ്ടാൾക്കുമില്ല. എന്നാൽ ഇരുവരും ലക്ഷ്യമിടുന്നത് ഹിന്ദുക്കളെ ഇവിടെ നിലനിർത്തി മുസ്‌ലിംകളെ പറഞ്ഞുവിടാനാണെന്നും ചൗധരി പറഞ്ഞു.

ന്യൂഡൽഹി: പൗരത്വ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് അധിർ രഞ്ജന്‍ ചൗധരി . പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കുടിയേറ്റക്കാരാണെന്ന് ചൗധരി പറഞ്ഞു.

'മോദി ജിയും അമിത് ഷാ ജിയും കുടിയേറ്റക്കാരാണെന്ന് തനിക്കു പറയാനാവും. ഇരുവരുടേയും വീട് ഗുജറാത്തിലാണ് അവിടെ നിന്നാണ് അവർ ഡൽഹിയിലെത്തിയത്. അതിനാൽ ഇരുവരും കുടിയേറ്റക്കാരാണ്' എന്നായിരുന്നു അധിർ ചൗധരിയുടെ പരാമർശം. ഇന്ത്യ എല്ലാവരുടേതുമാണ്. ഹിന്ദുവിനും മുസ്‌ലിമിനും മറ്റുള്ളവർക്കുമെല്ലാം ഒരേ പോലെയാണ്. അവർ മുസ്‌ലിംകളെ പുറത്താക്കുമെന്ന് ഭയപ്പെടുത്തുന്നു. അതു ചെയ്യാനുള്ള കഴിവ് രണ്ടാൾക്കുമില്ല. എന്നാൽ ഇരുവരും ലക്ഷ്യമിടുന്നത് ഹിന്ദുക്കളെ ഇവിടെ നിലനിർത്തി മുസ്‌ലിംകളെ പറഞ്ഞുവിടാനാണെന്നും ചൗധരി പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളുമായും സംഘടനകളുമായും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ ചർച്ച നടത്തുന്നതിനിടെയാണ് ചൗധരിയുടെ രൂക്ഷ വിമർശനം.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരുണ്ട്. അവരെല്ലാം അവിടെ ജോലിചെയ്യുകയും ഇന്ത്യയിലേക്ക് കോടിക്കണക്കിന് പണം അയക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ മോദിയും അമിത്ഷായുമല്ലാതെ മറ്റൊരു രാജ്യവും ഇക്കാര്യത്തെ കുറിച്ചു ചിന്തിക്കുന്നില്ലെന്നും ചൗധരി പരിഹസിച്ചു.

ബില്ല് പാസാക്കാനനുള്ള വിദ്യകളെല്ലാം ഷായുടെ പക്കലുണ്ട്. എന്നാൽ അതിന്റെ അനന്തരഫലങ്ങളെ കുറിച്ച് വേണ്ടത്ര അറിവില്ല. പൗരത്വ ബില്ലിലൂടെ രാജ്യം പുരോഗതി പ്രാപിക്കുമെന്ന് ബിജെപി കരുതുന്നുണ്ടെങ്കിൽ അതൊരു ആഗ്രഹം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story
Read More >>