''ഒരു കാര്യത്തിൽ തന്നെ എത്ര തവണ വാദം കേൾക്കും''; നിർഭയ കേസ് പ്രതി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

നേരത്തെ പ്രതികളിലൊരാളായ മുകേഷ് സിങ് സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു.

നിര്‍ഭയ പീഡനക്കേസിൽ വധശിക്ഷ വിധിച്ച പ്രതികളിലൊരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സംഭവം നടക്കുമ്പോൾ തനിക്ക് 18 വയസ് ആയിട്ടില്ലെന്ന് കാണിച്ചായിരുന്നു പവന്‍ ഗുപ്ത ഹരജി നൽകിയിരുന്നത്. നേരത്തെ ഡല്‍ഹി ഹൈക്കോടതിയും ഇയാളുടെ ഹര്‍ജി തള്ളിയിരുന്നു. പ്രതിയുടെ വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍, എ.എസ്.ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ട ശേഷം തള്ളിയത്. പവന്റെ പ്രായം കണക്കാക്കിയത് ജനന സര്‍ട്ടിഫിക്കറ്റ് ആധാരമാക്കിയാണെന്ന സോളിസിറ്റര്‍ ജനറലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പവന്‍ ഗുപ്തക്ക് വേണ്ടി അഭിഭാഷകനായ എപി സിങായിരുന്നു കോടതിയില്‍ ഹാജരായിരുന്നത്. പവന്റെ കാര്യത്തില്‍ നീതിപൂര്‍വമായ വിചാരണ നടന്നില്ലെന്നും എപി സിങ് വാദിച്ചു.

കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ജനന രേഖകള്‍ ഡല്‍ഹി പൊലീസ് മറച്ചു വെച്ചുവെച്ചുവെന്നും ആരോപിച്ച അദ്ദേഹം സംഭവത്തിൽ മാദ്ധ്യമ വിചാരണ നടന്നുവെന്നും പറഞ്ഞു. എന്നാൽ ഇതേ കാര്യത്തില്‍ പല തവണ വാദം കേട്ടിട്ടുണ്ടെന്നും താങ്കള്‍ തന്നെ ഇതേ വാദം നിരവധി തവണ ഉയര്‍ത്തിയതല്ലേയെന്നും കോടതി ചോദിച്ചു.

ഹൈക്കോടതിയിലും കീഴ് കോടതികളിലും ഇതേ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണ് വാദിച്ചതെന്നും പുതുതായി ഒന്നുമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം ഇയാളുള്‍പ്പടെ കേസിലെ നാല് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാന്‍ ഡല്‍ഹി തീസ് ഹസാരി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

നേരത്തെ പ്രതികളിലൊരാളായ മുകേഷ് സിങ് സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു. 2012 ഡിസംബര്‍ 16നാണ് നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗീകാതിക്രമത്തിന് വിധേയയാക്കിയത്. തുടർന്ന് 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു.

Next Story
Read More >>