നിർഭയ ബലാത്സം​ഗ കേസ്​: കേന്ദ്രത്തിൻെറ ഹരജി തളളി; പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന് ഹൈക്കോടതി

ബലാത്സം​ഗക്കേസിൽ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിനാണ് നടപ്പാക്കാനിരുന്നത്. എന്നാല്‍ ജനുവരി 31 ന് ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ വധശിക്ഷ നടപ്പാക്കരുതെന്ന് ഡല്‍ഹി കോടതി ഉത്തരവിട്ടിരുന്നു.

നിർഭയ ബലാത്സം​ഗ കേസ്​: കേന്ദ്രത്തിൻെറ ഹരജി തളളി; പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന് ഹൈക്കോടതി

നിര്‍ഭയ കേസില്‍ പ്രതികളുടെ മരണ വാറണ്ട്​ സ്​റ്റേ ചെയ്​ത പട്യാല ഹൗസ്​ കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ നൽകിയ ഹരജി തള്ളി. പ്രതികളുടെ വധശിക്ഷ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഹര്‍ജിയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്. ഹര്‍ജി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്നും എന്നാല്‍ ശിക്ഷ ഒരുമിച്ച് നടത്തണമെന്നാണ് അഭിപ്രായമെന്ന് ഹൈക്കോടതി അറിയിച്ചു.

ജയില്‍ ചട്ടം ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ ഒരു പ്രതി തിരുത്തല്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ ശിക്ഷ നടപ്പാക്കുന്നത് വിചാരണ കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. അതേസമയം ഒരോരുത്തരായി പുന:പരിശോധാ ഹര്‍ജിയും ദയാഹര്‍ജിയും സമര്‍പ്പിക്കുന്നതിലൂടെ ശിക്ഷ നടപ്പാക്കുന്നത് ബോധപൂര്‍വ്വം നീട്ടാനുള്ള തന്ത്രമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

നിയമത്തിന്റെ സാങ്കേതികത്വം ഉപയോഗിച്ച് ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തുന്നതെന്നും അത് അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും അടക്കം കേസിലെ പ്രതികള്‍ക്കുള്ള അവകാശങ്ങളെല്ലാം ഇനിയുള്ള ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ വിനിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഈ കാലയളവിന് ശേഷം വിചാരണ കോടതിക്ക് ഉചിതമായ നടപടികളുമായി മുന്നോട്ടുപോകാമെന്നും ജസ്റ്റിസ് സുരേഷ് കെയ്ത്ത് വ്യക്തമാക്കി.

'' എല്ലാ പ്രതികളും ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ടവരാണ്. പ്രതികള്‍ ശിക്ഷ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ പ്രതികള്‍ ഏഴ് ദിവസത്തിനകം എല്ലാ നിയമനടപടികളും സ്വീകരിക്കണം. അതിന് ശേഷം അധികൃതര്‍ക്ക് ശിക്ഷ നടപ്പാക്കുന്നതിന് നിയമാനുസൃത നടപടി സ്വീകരിക്കാം''- ജസ്റ്റിസ് സുരേഷ് കെയ്ത്ത് വ്യക്തമാക്കി.

ബലാത്സം​ഗക്കേസിൽ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിനാണ് നടപ്പാക്കാനിരുന്നത്. എന്നാല്‍ ജനുവരി 31 ന് ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ വധശിക്ഷ നടപ്പാക്കരുതെന്ന് ഡല്‍ഹി കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കേന്ദ്രസര്‍ക്കാരും തീഹാര്‍ ജയില്‍ അധികൃതരും ഹൈക്കോടതിയെ സമീപിച്ചത്. അക്ഷയ് കുമാര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത, മുകേഷ് സിങ് എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.

Next Story
Read More >>