നെഹ്‌റു ഏറ്റവും വലിയ 'ലൈംഗിക പീഡകൻ': വിവാദ പ്രസ്താവനയുമായി സാധ്വി പ്രാച്ചി

കഴിഞ്ഞദിവസം വയനാട്ടിൽ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഇന്ത്യയെ ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമെന്ന് വിശേഷിപ്പിച്ചത്

നെഹ്‌റു ഏറ്റവും വലിയ

മീററ്റ്: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ അധിക്ഷേപിച്ച് വി.എച്ച്.പി നേതാവ് സാധ്വി പ്രാച്ചി. നെഹ്‌റു ഏറ്റവും വലിയ 'ലൈംഗിക പീഡക'നായിരുന്നുവെന്നാണ് സാധ്വി പ്രാച്ചിയുടെ ആരോപണം. ഇന്ത്യ ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമായെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവർ.

''നമ്മുടേത് രാമന്റെയും കൃഷ്ണന്റെയും രാജ്യമാണ്. രാഹുൽ എന്താണ് പറയുന്നത്! നെഹ്‌റുവായിരുന്നു ഏറ്റവും വലിയ ലൈംഗിക പീഡകൻ. അദ്ദേഹം രാമന്റെയും കൃഷ്ണന്റെയും സംസ്‌ക്കാരം തകർത്തു. തീവ്രവാദം, നക്‌സലിസം, അഴിമതി, ബലാത്സംഗം എന്നിവയെല്ലാം നെഹ്‌റു കുടുംബത്തിന്റെ സമ്മാനങ്ങളാണ്.''- സാധ്വി പ്രാച്ചി ആരോപിച്ചു.

കഴിഞ്ഞദിവസം വയനാട്ടിൽ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഇന്ത്യയെ ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമെന്ന് വിശേഷിപ്പിച്ചത്. 'ലോകത്തിന് മുമ്പിൽ ഇന്ത്യ ഇന്ന് ബലാത്സംഗ തലസ്ഥാനമായി മാറിയിരിക്കുകയാണ്. സ്വന്തം രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാൻ എന്തുകൊണ്ട് സാധിക്കുന്നില്ലെന്നാണ് മറ്റ് രാജ്യങ്ങൾ ഇപ്പോൾ ഇന്ത്യയോട് ചോദിക്കുന്നത്. ഉത്തർപ്രദേശിൽ ഒരു ബി.ജെ.പി എം.എൽ.എ തന്നെ ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വാക്ക് പോലും ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല. ബി.ജെ.പി എം.എൽ.എക്കെതിരെ പീഡന പരാതി ഉന്നയിച്ച പെൺകുട്ടി സഞ്ചരിച്ച കാർ, ട്രക്കുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിട്ടും പ്രധാനമന്ത്രി മൗനം തുടർന്നു. എന്നും അദ്ദേഹം പറയുന്നത് അദ്ദേഹത്തിന് മതത്തേയും സംസ്‌ക്കാരത്തേയും കുറിച്ച് മനസ്സിലാക്കാൻ സാധിക്കുമെന്നാണ്. ഒരു മതവും വിദ്വഷവും അക്രമവും പഠിപ്പിക്കുന്നില്ല. എന്തുകൊണ്ടാണ് അദ്ദേഹം സംസാരിക്കാത്തത്?'- എന്നിങ്ങനെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ ചുട്ടുകൊല്ലുകയും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു രാഹുലിന്‍റെ പ്രസ്താവന.

രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു രംഗത്തെത്തിയിരുന്നു. നാം ഒരിക്കലും നമ്മുടെ രാജ്യത്തെ അപകീർത്തിപ്പെടുത്തരുതെന്നും ഇത്തരം ആക്രമണങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പുണെയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് രാഹുലിൻെറ പേരെടുത്ത് പറയാതെ ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. 'ഇന്ത്യക്ക് മോശം പേരു വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യ എന്തിന്റെയോ തലസ്ഥാനമാണെന്നോ മറ്റോ ആരോ പറഞ്ഞു. അതിനെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. പക്ഷേ നമ്മുടെ രാജ്യത്തെ ഒരിക്കലും അപകീര്‍ത്തിപ്പെടുത്താന്‍ പാടില്ല. അത്തരം ആതിക്രമങ്ങളെ രാഷ്ട്രീയവത്കരിക്കരുത്.'- അദ്ദേഹം പറഞ്ഞു.

Next Story
Read More >>