ചന്ദ്രയാൻ 2: വിക്രം ലാൻഡറിന്‍റെ അവശിഷ്ടങ്ങള്‍ നാസ കണ്ടെത്തി

പ്രദേശത്തിൻറെ പഴയ ചിത്രങ്ങളും ക്രാഷ് ലാൻഡിംഗിന് ശേഷമുള്ള ചിത്രങ്ങളും പഠിച്ച ശേഷമാണ് ഷൺമുഖ സുബ്രഹ്മണ്യൻ വിക്രമിൻറെ അവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞത്

ചന്ദ്രയാൻ 2: വിക്രം ലാൻഡറിന്‍റെ അവശിഷ്ടങ്ങള്‍ നാസ കണ്ടെത്തി

ചെന്നൈ: ചന്ദ്രയാൻ 2 ന്റെ വിക്രം ലാൻഡർ കണ്ടെത്തിയതായി നാസ . വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ നാസ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ലൂണാർ റിക്കണിസൻസ് ഓർബിറ്റർ ക്യാമറയിലാണ് വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ പതിഞ്ഞിട്ടുള്ളത്.

സെപ്റ്റംബർ ഏഴിന് പുലർച്ചെയാണ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിച്ചത്.ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറങ്ങിയ ലാൻഡർ കഷ്ണങ്ങളായി തകർന്ന നിലയിലാണ് കണ്ടെത്തിയത്. സെപ്റ്റംബർ 17 ന് എടുത്ത ചിത്രത്തിൽ നിന്നാണ് വിക്രം ലാൻഡർ കണ്ടെത്തിയത്.

ഈ പ്രദേശത്തിൻറെ, വിക്രം ക്രാഷ് ലാൻഡ് ചെയ്തതിന് മുമ്പും അതിന് ശേഷവും എടുത്ത ചിത്രങ്ങൾ താരതമ്യം ചെയ്താണ് വിക്രമിൻറെ അവശിഷ്ടങ്ങളുടെ സ്ഥാനം നാസ കണ്ടെത്തിയത്.

സെപ്റ്റംബർ 17ന് ലൂണാർ റെക്കോണിസൻസ് ഓർബിറ്റർ പകർത്തിയ ചിത്രങ്ങൾ നാസ തങ്ങളുടെ വെബ്‌സൈറ്റിലൂടെ പൊതുജനത്തിന് ലഭ്യമാക്കിയിരുന്നു, ഈ ചിത്രത്തിൽ നിന്നാണ്ചെന്നൈ സ്വദേശിയായ ഷൺമുഖ സുബ്രഹ്മണ്യൻ വിക്രമിനെ തിരിച്ചറിഞ്ഞത്.

പ്രദേശത്തിൻറെ പഴയ ചിത്രങ്ങളും ക്രാഷ് ലാൻഡിംഗിന് ശേഷമുള്ള ചിത്രങ്ങളും പഠിച്ച ശേഷമാണ് ഷൺമുഖ സുബ്രഹ്മണ്യൻ വിക്രമിൻറെ അവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞത്. വിവരങ്ങൾ ഷൺമുഖ നാസയ്ക്ക് കൈമാറിയെങ്കിലും കൂടുതൽ വ്യക്തത ആവശ്യമായതിനാൽ നാസ വിവരം പുറത്ത് വിട്ടിരുന്നില്ല. പിന്നീട് ഒക്ടോബർ 14നും 15നും നവംബർ 11നും പ്രദേശത്തിൻറെ കൂടുതൽ വ്യക്തമായ ചിത്രങ്ങൾ എൽആർഒ പകർത്തി. ഈ ചിത്രങ്ങൾ കൂടി പഠന വിധേയമാക്കിയ ശേഷമാണ് ഷൺമുഖയുടെ കണ്ടെത്തൽ നാസ ശരിവച്ചത്.

മൂന്ന് മാസങ്ങൾക്ക് ശേഷമാണ് വിക്രം ലാൻഡർ കണ്ടെത്താൻ സാധിച്ചത്. സെപ്റ്റംബർ ഏഴിന് ഐഎസ്ആർഒയുമായി ബന്ധം നഷ്ടപ്പെട്ട ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 2 ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്ന് അമേരിക്കയുടെ ബഹിരാകാശ നിരീക്ഷണ കേന്ദ്രമായ നാസ നേരത്തെ അറിയിച്ചിരുന്നു.

വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി. എവിടെയാണ് ലാൻഡർ പതിച്ചിരിക്കുന്നതെന്ന് വ്യക്തമല്ലെന്നുമാണ് നാസ നേരത്തെ പറഞ്ഞത്. ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനത്തിന് മുകളിൽ 150 കിലോമീറ്റർ വിസ്തൃതിയുൾപ്പെടുന്ന മേഖലയുടെ ദൃശ്യങ്ങൾ പകർത്തിയത് നാസയുടെ റീകാനസിയൻസ് ഓർബിറ്ററിലെ ക്യാമറയാണ്. ദക്ഷിണധ്രുവത്തിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നതെന്നും നാസ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ ചന്ദ്രയാൻ 2 ദൗത്യം 95 ശതമാനം വിജയമെന്നാണ് ഐഎസ്ആർഒ അറിയിച്ചത്. ഓർബിറ്ററിന് നേരത്തെ ആസൂത്രണം ചെയ്തതിലും ഏഴര വർഷം കൂടുതൽ അധിക ആയുസുണ്ടാകുമെന്നും ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു.

Read More >>