പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള മുസ്ലിംകളെ പുറത്താക്കണം; ഹിന്ദുത്വം നടപ്പാക്കാൻ പതാക മാറ്റിയ എംഎൻഎസിന്റെ നിലപാട് പരിഹാസ്യകരം; ശിവസേന

അതേസമയം പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള മുസ്ലിംകളെ രാജ്യത്തുനിന്ന് പുറത്താക്കണമെന്നതിൽ സംശയമില്ല, എന്നാൽ സിഎഎയിൽ പല പഴുതുകളുമുണ്ടെന്നും ശിവസേന

പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള മുസ്ലിംകളെ പുറത്താക്കണം;   ഹിന്ദുത്വം നടപ്പാക്കാൻ പതാക  മാറ്റിയ എംഎൻഎസിന്റെ നിലപാട് പരിഹാസ്യകരം; ശിവസേന

ന്യൂഡല്‍ഹി: തീവ്ര ഹിന്ദുത്വം ഉയർത്തിപ്പിടിച്ച് ബിജെപിയെ പിന്തുണച്ച മഹാരാഷ്ട്ര നവ നിർമ്മാൺ സേനയെ വിമർശിച്ച് ശിവസേന. പൗരത്വ ഭേദഗതിയെ പിന്തുണച്ച് അതു നടപ്പാക്കാൻ പതാക തന്നെ മാറ്റിയ എംഎൻഎസിന്റെ നിലപാട് തീർത്തും പരിഹാസ്യകരമാണെന്ന് ശിവസേന വ്യക്തമാക്കി.

മുഖപത്രമായ സാമ്‌നയിലാണ് വിമർശം. അതേസമയം പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള മുസ്ലിംകളെ രാജ്യത്തുനിന്ന് പുറത്താക്കണമെന്നതിൽ സംശയമില്ല, എന്നാൽ സിഎഎയിൽ പല പഴുതുകളുമുണ്ടെന്നും ശിവസേന ആരോപിച്ചു.

പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും മുസ്ലീങ്ങളെ രാജ്യത്തുനിന്ന് പുറത്താക്കണമെന്നതിൽ സംശയമില്ല, പക്ഷേ അതിനായി പതാകയുടെ നിറം മാറ്റുക എന്നത് പരിഹാസ്യകരമാണ്. ശിവസേന ഒരിക്കലും പതാക മാറ്റിയിട്ടില്ല. അത് എല്ലായ്‌പ്പോഴും കുങ്കുമമായി തുടരും. ശിവസേന എല്ലായ്‌പ്പോഴും ഹിന്ദുത്വത്തിനുവേണ്ടി പോരാടിയിട്ടുണ്ട്. സിഎഎയ്ക്ക് നിരവധി പഴുതുകൾ ഉണ്ടെന്ന് ഇവർ തിരിച്ചറിയണമെന്നും സാമ്‌നയിൽ പറയുന്നു.

14 വർഷം മുമ്പ് മറാത്തി പ്രത്യേയ ശാസ്ത്രത്തിനായി രാജ് താക്കറെ ഒരു പാർട്ടി രൂപീകരിച്ചെങ്കിലും ഇപ്പോൾ അതിന്റെ പാത തീവ്ര ഹിന്ദുത്വത്തിലേക്ക് മാറിയിരിക്കുന്നു. ബിജെപിയുമായി അനുകൂലിച്ച് നിൽക്കുമ്പോൾ പോലും അവർക്ക് സ്വന്തമായി എന്തെങ്കിലും നേടാനാവുമെന്ന പ്രതീക്ഷയില്ലെന്നും ശിവ സേന പറയുന്നു.

ബിജെപിയുടെ രാഷ്ട്രീയ താല്പര്യമാണ് സിഎഎക്കു പിന്നിലെന്നും സിഎഎ മുസ്ലിംകളെ മാത്രമല്ല ഹിന്ദുക്കളെയും ബാധിക്കുമെന്നും ശിവസേന പറയുന്നു.സിഎഎ പ്രകാരം മുൻ സൈനികനും മുൻ രാഷ്ട്രപതിയുടെ കുടുംബത്തിനും പൗരത്വം ലഭിക്കാത്തതും ഇവർ തിരിച്ചറിയണമെന്നും ശിവസേന വ്യക്തമാക്കി.

ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ അനന്തരവനാണ് എംഎൻഎസ് നേതാവും സ്ഥാപകനുമായ രാജ് താക്കറെ. മുംബൈയിൽ കഴിഞ്ഞ ദിവസം നടന്ന പാർട്ടി യോഗത്തിൽ രാജ് താക്കറെ സിഎഎ അനുകൂല പ്രസ്ചതാവന നടത്തുകയും ബിജെപിയെ പിന്തുണക്കുകയും ചെയ്തിരുന്നു. ഇതിനെ വിമർശിച്ചാണ് ശിവസേന രംഗത്തുവന്നത്.

Next Story
Read More >>