ഉള്ളി വില ഉയരുന്നു സർ; കുറച്ചു തിന്നാൽ മതിയെന്ന് ബി.ജെ.പി മന്ത്രി

രുചി നൽകാനായി ഒരാൾക്ക് 50 ഗ്രാമോ 100 ഗ്രാമോ ഉള്ളിയുടെ ആവശ്യമേ വരികയുള്ളു. അതിൽ കൂടുതൽ ആവശ്യമില്ല.അതിനാൽ തന്നെ ആളുകളോട് കുറച്ച് ഉള്ളി കഴിക്കാൻ ആവശ്യപ്പെടും

ഉള്ളി വില ഉയരുന്നു സർ; കുറച്ചു തിന്നാൽ മതിയെന്ന് ബി.ജെ.പി മന്ത്രി

ന്യൂഡൽഹി: ഉള്ളിവില കുതിച്ചുയരുകയാണെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കുറച്ച് തിന്നാൽ മതിയെന്ന മറുപടി നൽകി ഉത്തർപ്രദേശിലെ മന്ത്രി. ഉള്ളിവില വർദ്ധനവിനെ കുറിച്ചുള്ള യോഗി ആദിത്യനാഥ് സർക്കാരിലെ ആരോഗ്യ വകുപ്പ് ഉപമന്ത്രി അതുൽ ഗാർഗിന്റെ പ്രതികരണമായിരുന്നു ഇത്.

പ്രളയം, വിളനാശം തുടങ്ങിയ കാരണങ്ങളാൽ പച്ചക്കറിയുടെ വില കുതിക്കും, രുചി നൽകാനായി ഒരാൾക്ക് 50 ഗ്രാമോ 100 ഗ്രാമോ ഉള്ളിയുടെ ആവശ്യമേ വരികയുള്ളു. അതിൽ കൂടുതൽ ആവശ്യമില്ല- ഹർദോയിൽ സർക്കാർ ആശുപത്രി സന്ദർശനത്തിനിടെ മന്ത്രി പറഞ്ഞു.അതിനാൽ തന്നെ ആളുകളോട് കുറച്ച് ഉള്ളി കഴിക്കാൻ ആവശ്യപ്പെടുമെന്ന് പറഞ്ഞ് അുൽ ഗാർഗ് ചിരിച്ചു കൊണ്ട് കാറിലേക്ക് കയറി.

ഭക്ഷണത്തിനായി കൂടുതലും ഉള്ളിയെ ആശ്രയിക്കുന്ന ഉത്തർപ്രദേശിൽ കിലോവിന് 65 രൂപയാണ് വില.ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.കിലോവിന് 20 രൂപയിൽ നിന്നും വെറും ഒരുമാസം കൊണ്ടാണ് 65ലേക്ക് ഉള്ളിവില എത്തിയത്.

മന്ത്രിയുടെ പ്രതികരണം ഇതിനോടകം വിവാദമായി. കേന്ദ്ര, ഉത്തർപ്രദേശ് സർക്കാരുകളുടെ അഹങ്കാരമാണ് ഗാർഗിന്റെ പ്രസ്താവനയിലൂടെ പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടികാണിച്ചു. സാധാരണക്കാരന്റെ പാത്രത്തിലാണ് കേന്ദ്രത്തിന്റെ കണ്ണ് എന്നതിന്റെ തെളിവാണിതെന്ന് സമാജ് വാദി പാർട്ടി പ്രാദേശിക നേതാവ് മിസ്ബുഹുദ്ദിൻ അഹമ്മദ് പറഞ്ഞു.

ബി.ജെ.പി സർക്കാരിന്റെ അനുവാദത്തോടെയും സഹായത്തോടെയും നടത്തുന്ന പൂഴ്ത്തിവയ്പ്പാണ് ഉള്ളിവില വർദ്ധനയ്ക്ക് കാരണം.ഇതിനാലാണ് കുറച്ച് ഉള്ളി തിന്നാൻ ആവശ്യപ്പെട്ട് ബി.ജെ.പി മന്ത്രി പരിഹസിക്കുന്നതെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് ദ്വിജേന്ദ്ര ത്രിപാഠി പറഞ്ഞു. ബി.ജെ.പി നേതാവിനോട് ഒരു റിപ്പോർ ചോദ്യം ചോദിക്കുമ്പോൾ അതിനുള്ള മറുപടി ജനങ്ങളെ പരിഹസിച്ചുകൊണ്ട് നൽകും. അതുതന്നെയാണ് ഗാർഗിന്റെ ചിരിച്ചു കൊണ്ടുള്ള പ്രതികരണത്തിലുള്ളത് അദ്ദേഹം പറഞ്ഞു.

Next Story
Read More >>