പാസ്‌പോർട്ടിൽ 'താമര'; സുരക്ഷയ്‌ക്കെന്ന് കേന്ദ്രത്തിന്റെ വിശദീകരണം

കോൺഗ്രസ് എം.പി എം.കെ രാഘവൻ കഴിഞ്ഞദിവസം ലോക്സഭയിൽ ഈ വിഷയം ഉന്നയിച്ചിരുന്നു

പാസ്‌പോർട്ടിൽ

ന്യൂഡൽഹി: പുതിയ പാസ്‌പോർട്ടുകളിൽ താമര ചിഹ്നം പതിപ്പിച്ചതിൽ വിവാദമുയരുന്നതിനിടെ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സുരക്ഷാനടപടികളുടെ ഭാഗമായിട്ടാണെന്ന് താമര ചിഹ്നം പതിപ്പിച്ചതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം. പാസ്പോർട്ടിൽ താമര ചിഹ്നം ഉപയോഗിച്ചതിനെതിരേ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കോൺഗ്രസ് എം.പി എം.കെ രാഘവൻ കഴിഞ്ഞദിവസം ലോക്സഭയിൽ ഈ വിഷയം ഉന്നയിച്ചിരുന്നു. ഇന്ത്യൻ പാസ്പോർട്ടുകളിൽ താമര ചിഹ്നം ഉപയോഗിക്കുന്നത് സർക്കാർ ഓഫിസുകൾ കാവിവൽക്കരിക്കുന്നതിന്റെ ഭാഗമാണെന്നായിരുന്നു എം.പിയുടെ ആരോപണം. എന്നാൽ, വ്യാജപാസ്പോർട്ടുകൾ കണ്ടെത്താനും സുരക്ഷയ്ക്കും വേണ്ടിയാണ് ദേശീയ പുഷ്പമായ താമര ചിഹ്നം ഉൾപ്പെടുത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. മറ്റ് ദേശീയ ചിഹ്നങ്ങളും അടുത്തഘട്ടത്തിൽ ഉപയോഗിക്കും. ഇപ്പോൾ ഇത് താമരയാണ്. അടുത്ത മാസം മറ്റെന്തെങ്കിലുമുണ്ടാവും. ദേശീയ പുഷ്പം അല്ലെങ്കിൽ ദേശീയ മൃഗം പോലുള്ള ഇന്ത്യയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളായിരിക്കും ഉപയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്ടെ പാസ്പോർട്ട് ഓഫിസുകളിൽ വിതരണം ചെയ്ത പാസ്പോർട്ടിലാണ് താമര ചിഹ്നം ഉൾപ്പെടുത്തിയതായി നേരത്തെ കണ്ടെത്തിയത്. പാസ്പോർട്ട് ഓഫീസറുടെ ഒപ്പും സീലും വെക്കുന്ന പേജിലാണ് ദീർഘചതുരത്തിലുള്ള കോളത്തിൽ താമര രേഖപ്പെടുത്തിയത്. മുമ്പുനൽകിയിരുന്ന പാസ്പോർട്ടിൽ ഓഫീസർ ഒപ്പിടുന്ന രണ്ടാമത്തെ പേജിന്റെ താഴെഭാഗം ശൂന്യമായിരുന്നു. ഇപ്പോൾ ഈ പേജിന്റെ താഴെയാണ് ദീർഘചതുരത്തിൽ താമരയുള്ളത്. ഇത് എന്തിനാണെന്ന് സംശയം ചോദിച്ചവർക്ക് കൃത്യമായ മറുപടി നൽകാൻ പാസ്പോർട്ട് ജീവനക്കാർക്കും കഴിഞ്ഞിരുന്നില്ല.

പാസ്‌പോർട്ടിൽ ആളുടെ പേര്, വിലാസം തുടങ്ങിയവ എഴുതുന്ന ഭാഗത്തും മാറ്റമുണ്ട്. മുമ്പ് ഇതിനെല്ലാം പ്രത്യേകം കോളമുണ്ട്. ഇപ്പോൾ ഇത് നീക്കം ചെയ്തിരിക്കുകയാണ്. ദക്ഷിണേന്ത്യയിൽ ആദ്യം ബെംഗളൂരു പാസ്‌പോർട്ട് ഓഫീസിലാണ് പുതിയ കോഡുകളുള്ള പാസ്‌പോർട്ട് ബുക്ക്ലെറ്റ് എത്തിയത്. കേരളത്തിൽ കൊച്ചിയിൽ നവംബർ അവസാനവാരത്തിലാണ് വിതരണം തുടങ്ങിയത്. ഇപ്പോൾ രാജ്യത്തെ 36 പാസ്‌പോർട്ട് ഓഫീസുകളിലും ഇതാണ് ഉപയോഗിക്കുന്നത്.

Read More >>