കശ്മിർ അശാന്തമാണ്; പൊട്ടിക്കരഞ്ഞ് സ്ത്രീ, ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി

ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് നേതാക്കൾ തിരിച്ച വിമാനത്തിൽ വച്ച് കശ്മീർ വാസിയായ ഒരു സ്ത്രീയാണ് തന്റെ സങ്കടം അറിയിച്ച് രാഹുൽ ഗാന്ധിക്ക് മുൻപിലെത്തിയത്

കശ്മിർ അശാന്തമാണ്; പൊട്ടിക്കരഞ്ഞ് സ്ത്രീ, ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി:കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു മുന്നിൽ പൊട്ടിക്കരഞ്ഞ് കശ്മിരി യുവതി. അസ്വസ്ഥമായ കശ്മിരിലെ സ്ഥിതിഗതികൾ വ്യക്തമാക്കുന്ന സ്ത്രീയുടേയും അതു കേട്ട് ആശ്വസിപ്പിക്കുന്ന രാഹുൽ ഗാന്ധിയുടേയും വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമായി.

കശ്മീർ സന്ദർശനത്തിനായി പോയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ സഞ്ചരിച്ച വിമാനത്തിലാണ് സംഭവം. ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് നേതാക്കൾ തിരിച്ച വിമാനത്തിൽ വച്ച് കശ്മീർ വാസിയായ ഒരു സ്ത്രീയാണ് തന്റെ സങ്കടം അറിയിച്ച് രാഹുൽ ഗാന്ധിക്ക് മുൻപിലെത്തിയത്.

'ഞങ്ങളുടെ കുട്ടികൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കുന്നില്ല എന്റെ സഹോദരൻ ഹൃദ്രോഗിയാണ്. പത്തു ദിവസമായി ഡോക്ടറെ കാണാൻ സാധിക്കുന്നില്ല ' പൊട്ടിക്കരഞ്ഞു കൊണ്ട് അവർ പറഞ്ഞു.സ്ത്രീ പറയുന്നതെല്ലാം ക്ഷമയോടെ കേട്ടു കൊണ്ടിരുന്ന രാഹുൽ അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.

ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച പ്രതിപക്ഷ നേതാക്കളുടെ സംഘത്തെ സന്ദർശനത്തിന് അനുവദിക്കാതെയാണ് ഇന്നലെ തിരിച്ചയച്ചത്. മാദ്ധ്യമങ്ങളെ കാണാനും അനുവദിച്ചില്ല. ജമ്മു കശ്മീരിൻറെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം ആദ്യമായാണ് രാഹുൽ ഗന്ധി ജമ്മു കശ്മീരിലെത്തിയത്.

Read More >>