ചിദംബരത്തിന്റെ അറസ്റ്റ് കശ്മീർ വിഷയത്തിലെ ശ്രദ്ധ തിരിച്ചുവിടാൻ: കാർത്തി ചിദംബരം

ബുധനാഴ്ച രാത്രിയാണ് ജോർബാഗിലെ വസതിയിൽനിന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ഡൽഹിയിലെ സി.ബി.ഐ. ആസ്ഥാനത്ത് അദ്ദേഹത്തെ ഒന്നരമണിക്കൂറോളം ചോദ്യംചെയ്തിരുന്നു

ചിദംബരത്തിന്റെ അറസ്റ്റ് കശ്മീർ വിഷയത്തിലെ ശ്രദ്ധ തിരിച്ചുവിടാൻ: കാർത്തി ചിദംബരം

ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ കേസിൽ മുൻ കേന്ദ്ര മന്ത്രി പി. ചിദംബരത്തെ അറസ്റ്റ് ചെയ്തത് ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ നിന്നു ശ്രദ്ധ തിരിച്ചുവിടാനെന്ന് മകൻ കാർത്തി ചിദംബരം. എ.എൻ.ഐയോടെയായിരുന്നു കാർത്തിയുടെ പ്രതികരണം.

തന്റെ പിതാവും കോൺഗ്രസ് നേതാവുമായ ചിദംബരത്തെ അറസ്റ്റ് ചെയ്തത് തീർത്തും പ്രതികാര നടപടിയാണെന്നും കേന്ദ്ര താൽപര്യങ്ങൾക്ക് വഴങ്ങുന്ന സി.ബി.ഐയെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.

കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായി വിമർശനമുന്നയിച്ച ആളാണ് ചിദംബരം. 'രാഷ്ട്രീയ പകവീട്ടലാണ് കേന്ദ്രം ചെയ്തത്. ഇത്തരമൊരു അറസ്റ്റിന്റെ ആവശ്യമില്ല. ഈ കേസുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. ഇതിനെതിരെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും.'-കാർത്തി പറഞ്ഞു.

ബുധനാഴ്ച രാത്രിയാണ് ജോർബാഗിലെ വസതിയിൽനിന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ഡൽഹിയിലെ സി.ബി.ഐ. ആസ്ഥാനത്ത് അദ്ദേഹത്തെ ഒന്നരമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. അർധരാത്രിയോടെ ആദ്യഘട്ട ചോദ്യംചെയ്യൽ അവസാനിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. ഉച്ചയോടെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.

ചിദംബരത്തെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ സി.ബി.ഐ. സംഘം കോടതിയിൽ ആവശ്യമുന്നയിക്കും. കേസിൽ നേരത്തെ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടും അദ്ദേഹം സഹകരിച്ചില്ലെന്നും വിശദമായ ചോദ്യം ചെയ്യൽ ആവശ്യമുണ്ടെന്നും ചൂണ്ടിക്കാണിച്ചായിരിക്കും സി.ബി.ഐ. കസ്റ്റഡി അപേക്ഷ നൽകുക. ഇന്ദ്രാണി മുഖർജി ചിദംബരത്തിനെതിരെ സുപ്രധാന മൊഴി നൽകിയിട്ടുണ്ടെന്നും കോടതിയെ അറിയിക്കും.

Next Story
Read More >>