കേന്ദ്രത്തെ തള്ളി സഖ്യകക്ഷിയായ ജെ.ഡി.യു; മൻമോഹൻ സിങ്ങിന്റെ സഹായം തേടണം

രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആവർത്തിച്ച് പറയുമ്പോഴാണ് മാന്ദ്യമുണ്ടെന്ന് തുറന്ന് സമ്മതിച്ച് എൻ.ഡി.എയിലെ പ്രധാനസഖ്യകക്ഷിയായ ജെ.ഡി.യു രംഗത്തെത്തുന്നത്

കേന്ദ്രത്തെ തള്ളി സഖ്യകക്ഷിയായ ജെ.ഡി.യു; മൻമോഹൻ സിങ്ങിന്റെ സഹായം തേടണം

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെ തള്ളി എൻ.ഡി.എയിലെ പ്രധാന സഖ്യകക്ഷിയായ ജെ.ഡിയു. രാജ്യത്തിന്റെ സാമ്പത്തിക നില അപകടകരമാം വിധം താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് ജെ.ഡി.യു. രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്നത് സത്യമാണെന്നും പ്രതിപക്ഷത്തേയും സാമ്പത്തിക വിദഗ്ദ്ധരേയും വിശ്വാസത്തിലെടുക്കാൻ കേന്ദ്രം തയ്യാറാകണമെന്നും ജെ.ഡി.യു മുതിർന്ന നേതാവും എം.പിയുമായ കെ.സി ത്യാഗി സ്വകാര്യ വാർത്താ ചാനലിനോട് പറഞ്ഞു.

"മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. മൻമോഹൻ സിങ് അടക്കമുള്ള നേതാക്കളുടെ സഹായം തേടണം. വരുമാനത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളെ വിൽക്കുന്നത് ഗുണം ചെയ്യില്ല. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിച്ചതുകൊണ്ട് നേട്ടമില്ലെന്ന് വാജ്‌പെയ് സർക്കാരിന്റെ കാലത്ത് തന്നെ തെളിഞ്ഞതാണ്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. കാർഷിക മേഖല പൂർണ്ണമായി തകർന്നു. ഇതോടെ ജനങ്ങൾ ഗ്രാമങ്ങൾ വിട്ട് നഗരങ്ങളിലേക്ക് ചേക്കേറുകയാണ്. അതുകൊണ്ട് ഇത്തം വിഷയങ്ങൾ എൻ.ഡി.എ ചർച്ച ചെയ്യണം. നരേന്ദ്ര മോദി മന്ത്രിസഭയിൽ കഴിവുള്ളവരുടെ അഭാവമുണ്ടെന്ന പ്രധാനസഖ്യകക്ഷിയായ അകാലിദളിന്റെ ആരോപണം കണ്ണുമടച്ച് തള്ളിക്കളയാനാകില്ല." -കെ.സി.ത്യാഗി പറഞ്ഞു.

രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആവർത്തിച്ച് പറയുമ്പോഴാണ് മാന്ദ്യമുണ്ടെന്ന് തുറന്ന് സമ്മതിച്ച് എൻ.ഡി.എയിലെ പ്രധാനസഖ്യകക്ഷിയായ ജെ.ഡി.യു രംഗത്തെത്തുന്നത്. കഴിഞ്ഞദിവസം മോദിയേയും നിർമ്മലാ സീതാരമനേയും കടന്നാക്രമിച്ച് ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമിയും രംഗത്തെത്തിയിരുന്നു.

നിർമ്മല സീതാരാമനും മോദിക്കും ഇക്കണോമിക്സിനെക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം. 'നിങ്ങൾ വാർത്താ സമ്മേളനം കണ്ടോ, അവർ(നിർമ്മല സീതാരാമൻ) ചോദ്യങ്ങൾ ഉയർന്നപ്പോൾ മൈക്ക് സർക്കാർ ഉദ്യോഗസ്ഥർക്ക് മുമ്പിലേക്ക് നീക്കിക്കൊടുത്തു. എന്താണ് ഇന്ന് രാജ്യത്തിന്റെ പ്രശ്നം? ആവശ്യക്കാരില്ല എന്നതാണ് പ്രശ്നം. വിതരം ഒരു പ്രശ്നമല്ല. പക്ഷേ, അവർ എന്താണ് ചെയ്തത്. അവർ കോർപ്പറേറ്റുകളുടെ നികുതി ഇളവ് ചെയ്തു. ഈ ഇളവ് കടം എഴുതിത്തള്ളാൻ മാത്രമാണ് ഉപയോഗിക്കുന്നത്. അത് മാത്രമാണ് അവർ ചെയ്യുന്നത്. മറ്റൊരു പ്രശ്നം, സത്യാവസ്ഥ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറയാൻ അദ്ദേഹത്തിന്റെ ഉപദേശകർ ഭയക്കുന്നുവെന്നതാണ്. പ്രധാനമന്ത്രിക്ക് ഇത് സംബന്ധിച്ച് ഒന്നും അറിയില്ല. അദ്ദേഹം പറഞ്ഞത് അത്ഭുതകരമായ വളർച്ചയുണ്ടായി എന്നാണ്.'- സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞിരുന്നു.

ഏറെക്കാലം ധനമന്ത്രിയായിരുന്നയാളാണ് സുബ്രഹ്മണ്യൻ സ്വാമി. എന്നാൽ മോദി മന്ത്രിസഭയിൽ അദ്ദേഹത്തിന് അർഹിക്കുന്ന പ്രാധാന്യം കിട്ടിയില്ലെന്ന പരാതിയുണ്ട്. 'അദ്ദേഹത്തിന് എന്നെ ആവശ്യമില്ല. അദ്ദേഹത്തിന്റെ മുമ്പിൽ കാര്യങ്ങൾ പരസ്യമായി മാത്രമല്ല, ക്യാബിനറ്റ് യോഗങ്ങളിൽ രഹസ്യമായി പോലും പറയുന്ന ഒരു മന്ത്രിയെയും അദ്ദേഹത്തിന് ആവശ്യമില്ല.'-സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞിരന്നു.

Read More >>