ബി.ജെ.പി പറഞ്ഞത് തെറ്റ്; അനുച്ഛേദം 370 പട്ടേലിന്റെ സമ്മതത്തോടെ

കശ്മീരിന് പ്രത്യേക പദവി നൽകുന്നതിന് പിന്തുണ നൽകാൻ പട്ടേലിന് തന്റേതായ കാരണമുണ്ടായിരുന്നു

ബി.ജെ.പി പറഞ്ഞത് തെറ്റ്; അനുച്ഛേദം 370 പട്ടേലിന്റെ സമ്മതത്തോടെ

ന്യൂഡൽഹി: ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് 'പട്ടേൽ രണ്ടാമൻ' എന്ന പേര് വന്നുകഴിഞ്ഞു. കശ്മീരിന് പ്രത്യേക പദവി നൽകാനുള്ള അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ തീരുമാനത്തിനെതിരെ ശക്തമായി നിന്ന സർദാർ വല്ലഭ്ഭായ് പട്ടേലിനെപ്പോലെ അമിത്ഷാ കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി എന്നാണ് ഇതിന് ബി.ജെ.പി നിരത്തുന്ന ന്യായം.

എന്നാൽ, കശ്മീരിന് പ്രത്യേക പദവി നൽകാനുള്ള തീരുമാനം നെഹ്‌റുവിന്റെത് മാത്രമല്ലെന്നും അത് വല്ലഭ്ഭായ് പട്ടേൽ കൂടി അറിഞ്ഞുകൊണ്ടാണെന്നുമാണ് ചരിത്രകാരന്മാർ വിശദീകരിക്കുന്നത്.

552 നാട്ടുരാജ്യങ്ങളെ ഇന്ത്യയുമായി കൂട്ടിയോജിപ്പിച്ചതിനു പിന്നില്‍ പട്ടേലായിരുന്നു. എന്നാൽ ജമ്മു-കശ്മീർ വിഷയത്തിൽ മാത്രം പട്ടേലിനെ നെഹ്‌റു മാറ്റി നിർത്തിയെന്നാണ് കഴിഞ്ഞ തിങ്കളാഴ്ച 370ാം അനുച്ഛേദം റദ്ദാക്കുന്ന പ്രമേയം പാസ്സാക്കുന്നതിനിടെ മന്ത്രി ജിതേന്ദ്ര കുമാർ ആരോപിച്ചത്. പട്ടേലിനേക്കാൾ മികച്ച രീതിയിൽ കശ്മീരിനെ മാറ്റാൻ തനിക്കാകുമെന്നായിരുന്നു നെഹ്‌റു കരുതിയിരുന്നതെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞിരുന്നു.

ജമ്മുവിൽ നിന്നുള്ള ബി.ജെ.പി എം.പി ജുഗൽ കിഷോർ ശർമയും നെഹ്‌റുവിനെതിരെ വിമർശനമുന്നയിച്ചിരുന്നു. ഷെയ്ഖ് അബ്ദുല്ലയുടെ ഉപദേശം കേട്ടാണ് നെഹ്‌റു ജമ്മു-കശ്മീരിൽ 370ാം അനുച്ഛേദവും ആർക്കിട്ടിൾ 34എയും കൊണ്ടുവന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. നെഹ്‌റുവിന്റെ ഈ നടപടിക്കെതിരെ സർദാര്‍ പട്ടേലും ബി.ആർ അംബേദ്ക്കറും ശ്യാമപ്രസാദ് മുഖർജിയും എതിർത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ, 370ാം അനുച്ഛേദത്തെ പട്ടേൽ പൂർണ്ണമായും പിന്തുണച്ചിരുന്നുവെന്നാണ് ഹരിയാനയിലെ അശോക് യൂണിവേഴ്‌സിറ്റിയിലെ ഇന്റർനാഷണൽ റിലേഷൻ ആൻഡ് ഹിസ്റ്ററിയിലെ പ്രൊഫസർ ശ്രീനാഥ് രാഘവൻ പറയുന്നത്.

370ാം അനുച്ഛേദം സംബന്ധിച്ച എല്ലാ കാര്യങ്ങളും പട്ടേലും അറിഞ്ഞുകൊണ്ടാണ് നടന്നത്. നെഹ്‌റു മാത്രമാണ് കശ്മീർ വിഷയത്തിൽ തീരുമാനമെടുത്തതെന്ന വാദം വസ്തുതാ വിരുദ്ധമാണ്. സർക്കാറിന്റെ നയപരമായ തീരുമാനമായിരുന്നു അത്. ഭരണഘടനാ നിര്‍മ്മാണ സഭ തീരുമാനം പാസാക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ആദ്യ യോഗം നെഹ്‌റുവിന്റെ സാന്നിദ്ധ്യത്തിൽ 1949 മെയ് 15,16 തിയ്യതികളിൽ പട്ടേലിന്റെ വീട്ടിൽ വച്ചാണ് നടന്നത്.

ജമ്മു-കശ്മീരിന്റെ രൂപരേഖകൾ സംബന്ധിച്ച വിശദാംശങ്ങൾ മന്ത്രി എൻ.ജി അയ്യങ്കാർ കശ്മീർ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് അബ്ദുല്ലയ്ക്ക് അയക്കുന്നതിന് മുമ്പ് പട്ടേലിന് ഒരു കത്ത് നൽകിയിരുന്നു.

'കശ്മീരിന് പ്രത്യേക പദവി നൽകുന്നത് സംബന്ധിച്ച് താങ്കളുടെ നേരിട്ടുള്ള പ്രതികരണം അറിയാൻ നെഹ്‌റുവിന് താൽപര്യമുണ്ട്. താങ്കളുടെ സമ്മതം ലഭിച്ച ശേഷമേ രൂപരേഖ ഷെയ്ഖ് അബ്ദുല്ലയ്ക്ക് അയക്കുകയുള്ളൂ'-എന്നായിരുന്നു കത്തിലെ ഉള്ളടക്കം. നെഹ്‌റു വിദേശത്തായിരുന്ന സമയത്ത് അയ്യങ്കാറിനോട് ഷെയ്ഖ് അബ്ദുല്ലയോട് കശ്മീർ വിഷയത്തിൽ നടത്തുന്ന ചർച്ചകൾ തുടരാനും പട്ടേൽ പറഞ്ഞിരുന്നുവെന്നും പ്രൊഫ.രാഘവൻ പറയുന്നു.

കശ്മീർ വിഷയത്തിൽ നെഹ്‌റുവിനെതിരെ ബി.ജെ.പി ഉയർത്തുന്ന മറ്റൊരു ആരോപണം, ഈ വിഷയം ഐക്യരാഷ്ട്ര സംഘടന(യു.എൻ) യിലെത്താൻ കാരണം നെഹ്‌റു മാത്രമാണ് എന്നുള്ളതാണ്. എന്നാൽ ഇത് സംബന്ധിച്ച് ജനസംഘം നേതാവ് ശ്യമാപ്രസാദ് മുഖർജിക്കും അറിവുണ്ടായിരുന്നുവെന്നാണ് പ്രൊഫ. രാഘവൻ പറഞ്ഞത്.

1952 ഓഗസ്റ്റ് ഏഴിന് ലോക്‌സഭയിൽ അദ്ദേഹം ഇക്കാര്യം പരാമർശിച്ചിരുന്നതായി പ്രൊഫ. രാഘവൻ പറഞ്ഞു. 'കശ്മീർ വിഷയം ഐക്യരാഷ്ട്ര സംഘടനയിൽ എത്തിയകാര്യം എനിക്ക് അറിവുള്ളതാണ്. അത് ഒരു വസ്തുതയാണ്. എന്നാൽ, അതിന് കാരണമായ സാഹചര്യത്തെക്കുറിച്ച് ഇപ്പോൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഞങ്ങൾ പ്രതീക്ഷിച്ച ന്യായമായ പ്രതികരണം ഐക്യരാഷ്ട്രസഭയിൽ നിന്ന് ലഭിച്ചിട്ടില്ല എന്നത് സത്യമാണ്.'-എന്നായിരുന്നു മുഖർജിയുടെ പ്രസ്താവന.

1953ൽ കശ്മീരികളല്ലാത്തവർക്ക് കശ്മീരിൽ താമസമാക്കുന്നതിനുള്ള നിയന്ത്രണത്തിനെതിരെ നിരാഹാര സമരം നടത്തിയതിനെത്തുടർന്ന് കസ്റ്റഡിയിലിരിക്കെയാണ് മുഖർജി മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ, ഇത് നെഹ്‌റുവിന്റെ ഗൂഢാലോചനയാണെന്ന് അടൽ ബിഹാരി വാജ്‌പെയ് ആരോപിച്ചിരുന്നു.

കശ്മീരിന് പ്രത്യേക പദവി നൽകുന്നതിന് പിന്തുണ നൽകാൻ പട്ടേലിന് തന്റേതായ കാരണമുണ്ടായിരുന്നുവെന്ന് ചരിത്രകാരൻ ഇർഫാൻ ഹബീബ് ചൂണ്ടിക്കാട്ടുന്നു. സംഘപരിവാറുകാർ മുസ് ലിംകളുടെ ഭൂമി തട്ടിയെടുക്കുകയും ആക്രമിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതാണ് പട്ടേൽ കശ്മീരിന് പ്രത്യേക പദവി നൽകാനുള്ള തീരുമാനത്തെ അനുകൂലിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദിന് പകരം പാകിസ്താന് കശ്മീര്‍ നല്‍കാന്‍ ഒരുഘട്ടത്തില്‍ പട്ടേല്‍ തയ്യാറായിരുന്നു എന്നും ചരിത്രരേഖകള്‍ പറയുന്നു.

അതേസമയം, കശ്മീര്‍ വിഷയം നെഹ്‌റു കൈകാര്യം ചെയ്ത രീതിയില്‍ പട്ടേലിന് എതിര്‍പ്പുണ്ടായിരുന്നു എന്ന് പട്ടേലിന്റെ ആത്മകഥയായ പട്ടേല്‍ എ ലൈഫ് എന്ന പുസ്തകത്തില്‍ രാജ്‌മോഹന്‍ ഗാന്ധി പറയുന്നുണ്ട്. യു.എന്നിലേക്ക് കശ്മീര്‍ പ്രശ്‌നം എത്തിച്ചതിലും മഹാരാജാവിനെ ഒഴിവാക്കിയ രീതിയിലും പട്ടേലിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നും തന്റേതായ പരിഹാരം അദ്ദേഹം നിര്‍ദ്ദേശിച്ചുമില്ല.

കശ്മീര്‍ തങ്ങള്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുന്നതായി വ്യവസായി ജി.ഡി ബിര്‍ളയോട് പട്ടേല്‍ പറഞ്ഞിരുന്നതായി ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി എന്ന പുസ്തകത്തില്‍ രാമചന്ദ്ര ഗുഹ എഴുതിയിട്ടുണ്ട്.

വാര്‍ത്തയ്ക്കു കടപ്പാട്- ദ ടെലഗ്രാഫ്

Read More >>