'ഹിന്ദുക്കളുടെ രക്ഷാധികാരികള്‍ വടക്കു കിഴക്കന്‍ വികാരത്തെ വേദനിപ്പിച്ചു, പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറായിക്കോളു': കേന്ദ്രത്തിന് ശിവസേനയുടെ മുന്നറിയിപ്പ്

ലോകത്തിലുള്ള എല്ലാ ഹിന്ദുക്കളുടേയും രക്ഷാധികാരിയാവാൻ കേന്ദ്രം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പൗരന്മാരെ അസ്വസ്ഥരാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മിരിലെ കശ്മിർ പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് എന്തു സംഭവിച്ചു. അവിടം ഇന്നും സാധാരണ നിലയിലായിട്ടില്ല. ഇന്നും അശാന്തമാണ് കശ്മിർ. ഏതുതരം ഭരണമാണിത്?കേന്ദ്രം മറുപടി പറയണം.

ന്യൂഡൽഹി:പൗരത്വ ഭേദഗതി ബില്ലിൽ കേന്ദ്ര സർക്കാരിന് മുന്നിറിയിപ്പു നൽകി ശിവസേന. ബില്ല് നടപ്പാക്കിയാൽ രാജ്യവ്യാപകമായി കനത്ത പ്രത്യാഘാതങ്ങളും അതിന്റെ അനന്തര ഫലങ്ങളും നേരിടേണ്ടിവരുമെന്ന് ശിവസേന പറഞ്ഞു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിലവിൽ അരങ്ങേറുന്ന പ്രതിഷേധങ്ങൾ രാജ്യ വ്യാപകമാവുമെന്നും അതിന്റെ അതിന്റെ അനന്തര ഫലങ്ങൾ അഭിമുഖീകരിക്കുമെന്നും കേന്ദ്രത്തിന് ശിവസേന മുന്നറിയിപ്പു നൽകി. കേന്ദ്ര സർക്കാരിനെ 'ഹിന്ദുക്കളുടെ രക്ഷാധികാരികൾ' എന്നു വിളിച്ച ശിവസേന, ബില്ലിലൂടെ കേന്ദ്രം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അസ്ഥിരതയുടെ സാഹചര്യം സൃഷ്ടിച്ചുവെന്നു കുറ്റപ്പെടുത്തുകയും ചെയ്തു. മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിലായിരുന്നു പ്രതികരണം.

ആഗസ്ത് അഞ്ചിന് കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയ ജമ്മു കശ്മിരിൽ സ്ഥിതിഗതികൾ ഇപ്പോഴും സാധാരണ നിലയിലായിട്ടില്ലെന്നും സേന ആരോപിച്ചു.

ലോകത്തിലുള്ള എല്ലാ ഹിന്ദുക്കളുടേയും രക്ഷാധികാരിയാവാൻ കേന്ദ്രം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പൗരന്മാരെ അസ്വസ്ഥരാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മിരിലെ കശ്മിർ പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് എന്തു സംഭവിച്ചു. അവിടം ഇന്നും സാധാരണ നിലയിലായിട്ടില്ല. ഇന്നും അശാന്തമാണ് കശ്മിർ. ഇപ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളും അശാന്തമായിരിക്കുന്നു. ഏതുതരം ഭരണമാണിത്?കേന്ദ്രം മറുപടി പറയണം.

കേന്ദ്രം എടുക്കുന്ന തീരുമാനങ്ങൾ സമീപഭാവിയിൽ രാജ്യത്തെ മുഴുവൻ പ്രതിസന്ധിയിലാക്കുമെന്നും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും ശിവസേന പറഞ്ഞു.

നിയമങ്ങളെ വളച്ചൊടിച്ചാണ് പൗരത്വ ബേദഗതി ബിൽ പാസാക്കിയതെന്ന് ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേന ആരോപിച്ചു. ലോക്‌സഭയിൽ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയിൽ വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നില്ല.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സമാധാന അന്തരീക്ഷം തകർന്നു. അവിടങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നു. ജനങ്ങളെ അടിച്ചമർത്താൻ കേന്ദ്രം സൈന്യത്തെ അയച്ചിരിക്കയാണ്. പ്രദേശത്തെ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരിക്കുന്നു. പ്രതിഷധങ്ങൾ അവിടം കൊണ്ട്അവസാനിക്കുമെന്ന് കരുതേണ്ട. അത് രാജ്യവ്യാപകമായി മാറും. അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും ശിവസേന പറഞ്ഞു.

വോട്ട് ബാങ്ക് രാഷ്ട്രിയത്തിന്റെ സ്ഥിതി കേന്ദ്രം വഷളാക്കി. ആയുർവേദവും യോഗയും കൊണ്ട് സുഖപ്പെടുത്താമായിരുന്ന പ്രശ്‌നത്തിന് സർക്കാർ ശസ്ത്രക്രിയ നടത്തി. ഇതിനു പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയമുണ്ട്- ശിവസേന പറഞ്ഞു.

പൗരത്വ ഭേഗതി ബില്ലിനെതിരെ അസമിലും ത്രിപുരയിലും വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട സമയത്താണ് കേന്ദ്രത്തിനെതിരായ സേനയുടെ ആക്രമണം.

Read More >>