പൗരത്വം കൊടുത്തോളൂ, പക്ഷേ വോട്ടവകാശം വേണ്ട; പൗരത്വ ബില്ലിനെ അനുകൂലിച്ച് ശിവസേന

ബില്ലിന് കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്

പൗരത്വം കൊടുത്തോളൂ, പക്ഷേ വോട്ടവകാശം വേണ്ട; പൗരത്വ ബില്ലിനെ അനുകൂലിച്ച് ശിവസേന

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് ശിവസേന. പാർട്ടി പത്രമായ സാംനയിലെ മുഖപ്രസംഗത്തിലാണ് പൗരത്വ ബില്ലിനെ അനുകൂലിക്കുന്ന നിലപാട് ശിവസേന സ്വീകരിച്ചിരിക്കുന്നതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. 'പൗരത്വം നൽകിക്കോളൂ, പക്ഷേ വോട്ടവകാശം നൽകേണ്ട'- എന്ന് മുഖപ്രസംഗത്തിൽ ശിവസേന പറയുന്നതായി ടൈംസ് നൗവിന്റെ റിപ്പോർട്ടിൽ പറയുന്നു.

പൗരത്വ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഡിസംബർ ഒമ്പത് മുതൽ മൂന്നു ദിവസത്തേക്ക് ലോക്സഭയിൽ ഹാജരായിരിക്കാൻ എല്ലാ എം.പിമാർക്കും ബി.ജെ.പി വിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ബിൽ അവതരിപ്പിക്കുന്നത്.

അനധികൃത കുടിയേറ്റക്കാർ രാജ്യം വിട്ടുപോകണമെന്ന് ശിവസേന എം.പി സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തു. ' അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കണം. ഹിന്ദുക്കളായ കുടിയേറ്റക്കാർക്ക് പൗരത്വം നൽകണം. പക്ഷേ, അമിത്ഷാ, വോട്ട് ബാങ്ക് നിർമ്മിക്കുന്നുവെന്ന ആരോപണങ്ങൾക്ക് തൽക്കാലം വിശ്രമം നൽകാം. അതുകൊണ്ട് അവർക്ക് വോട്ടവകാശം നൽകരുത്, എന്തുപറയുന്നു? പിന്നെ 370-ാം അനുച്ഛേദം റദ്ദാക്കിയതിന് ശേഷം കശ്മീരി പണ്ഢിതർ തിരിച്ചുപോയിട്ടുണ്ടോ?'- സഞ്ജയ് റാവുത്ത് ട്വീറ്റിൽ ചോദിച്ചു.

ആറു വർഷമായി ഇന്ത്യയിൽ താമസിക്കുന്ന ബംഗ്ലാദേശ്, പാക്കിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ജൈന, ബുദ്ധ, പാഴ്സി മതവിശ്വാസികൾക്ക് രേഖകൾ ഒന്നുമില്ലെങ്കിലും ഇന്ത്യൻ പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. മുസ്ലിം സമുദായത്തിന് ബില്ലിന്റെ ആനുകൂല്യം ലഭിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.

പൗരത്വ നിർണയത്തിൽ മതം അടിസ്ഥാനമാക്കുന്നതിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ശക്തമായ വിയോജിപ്പാണ് ബില്ലിനോട് രേഖപ്പെടുത്തിയിട്ടുള്ളത്. പല്ലും നഖവും ഉപയോഗിച്ച് ബില്ലിനെ എതിർക്കുമെന്ന് സഭയിലെ കോൺഗ്രസ് നേതാവ് അധിർ രജ്ഞൻ ചൗധരി വ്യക്തമാക്കി. ബിൽ ഭരണഘടന ഉറപ്പു നൽകുന്ന മതേതര മൂല്യങ്ങൾക്കും സംസ്‌കാരത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ്, ശിവസേന, മുസ് ലിം ലീഗ്, എം,ഐ.എം, ടി.എം.സി തുടങ്ങിയ മിക്ക പ്രതിപക്ഷ കക്ഷികളും അറിയിച്ചിട്ടുണ്ട്. ബില്ലിന് കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.


Read More >>