ഗാന്ധി രാഷ്ട്രീയത്തിലെ ബ്രാൻഡാണ്; അവരില്ലാതെ മുന്നോട്ടു പോകാനാകില്ല: അധിർ ചൗധരി

പ്രത്യയശാസ്ത്രമില്ലാത്ത പ്രാദേശിക പാർട്ടികളുടെ തകർച്ചയിലാണ് കോൺഗ്രസിന്റെ പുനരുജ്ജീവനം

ഗാന്ധി രാഷ്ട്രീയത്തിലെ ബ്രാൻഡാണ്; അവരില്ലാതെ മുന്നോട്ടു പോകാനാകില്ല: അധിർ ചൗധരി

കൊൽക്കത്ത: ഗാന്ധി-നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാൾക്ക് പാർട്ടി മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്ന് കോൺഗ്രസ് എം.പി അധിർ രഞ്ജൻ ചൗധരി. പ്രത്യയശാസ്ത്രമില്ലാത്ത പ്രാദേശിക പാർട്ടികളുടെ തകർച്ചയിലാണ് കോൺഗ്രസിന്റെ പുനരുജ്ജീവനം. മറ്റ് രാജ്യങ്ങളെപ്പോലെ ഇന്ത്യയും ദ്വികക്ഷി രാഷ്ട്രീയത്തിലേക്കാണ് പോകുന്നതെന്നും ചൗദരി പറഞ്ഞു.

രാജ്യത്താകെ സാന്നിദ്ധ്യമുള്ളതും ശക്തമായ പ്രത്യയശാസ്ത്രമുള്ളതുമായ കോൺഗ്രസിനെപ്പോലെ ഒരു പാർട്ടിക്ക് മാത്രമേ ബി.ജെ.പിക്കെതിരെ പോരാടാൻ സാധിക്കൂ. പ്രാദേശിക പാർട്ടികളുടെ നിലവിലെ പ്രവർത്തന രീതിയനുസരിച്ച് അധികം വൈകാതെ അവർക്ക് അവരുടെ സാന്നിദ്ധ്യം നഷ്ടമാകും. അതിനർത്ഥം രാജ്യം ദ്വികക്ഷി രാഷ്ട്രീയത്തിലേക്ക് പോകുന്നുവെന്നാണെന്നും അദ്ദേഹം പറയുന്നു.

അങ്ങനെ ഒരു ദ്വകക്ഷി രാഷ്ട്രീയം വരികയാണെങ്കിൽ കോൺഗ്രസ് തീർച്ചയായും അധികാരത്തിൽ തിരിച്ചുവരും. കോൺഗ്രസിന്റെ ഭാവി ശോഭനമാണെന്നും ചൗദരി പി.ടി.ഐയോട് പറഞ്ഞു. ദേശീയ പാർട്ടിയായ കോൺഗ്രസിന് ലഭിക്കുന്നതുപോലെ വലിയ തോതിലുള്ള പിന്തുണ പ്രാദേശിക പാർട്ടികൾക്ക് കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ നേതൃപദവിയിലേക്ക് വീണ്ടും വരാൻ സോണിയ ഗാന്ധിക്ക് വിമുഖതയുണ്ടായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി രാജിവച്ചതിനെത്തുടർന്ന് സംഘടന പ്രതിസന്ധി നേരിട്ടപ്പോൾ മുതിർന്ന കോൺഗ്രസ് പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചാണ് അവർ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. പാർട്ടി പ്രതിസന്ധി നേരിട്ടപ്പോളെല്ലാം നേതൃ സ്ഥാനത്ത് സോണിയാ ഗാന്ധിയുണ്ടായിരുന്നു. അവരുടെ പ്രവർത്തനമികവുകൊണ്ടാണ് 2004ലും 2009ലും കോൺഗ്രസ് അധികാരത്തിൽ വന്നത്. ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാൾക്ക് പാർട്ടിയെ നയിക്കുക എന്നത് ഏറെ ശ്രമകരമായിരിക്കുമെന്നും ചൗദരി പറയുന്നു. ബി.ജെ.പിയുടെ കാര്യമെടുത്താലും സ്ഥിതി വ്യത്യസ്തമല്ല. നരേന്ദ്ര മോദി, അമിത്ഷാ എന്നിവരില്ലെങ്കിൽ ബി.ജെ.പി സുഗമമായി പ്രവർത്തിക്കുമെന്ന് തോന്നുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

സോണിയാ ഗാന്ധിയെ ഇടക്കാല അദ്ധ്യക്ഷയായി പാർട്ടി തെരഞ്ഞെടുത്തെങ്കിലും പുതിയ സ്ഥിരം അദ്ധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമങ്ങൾ കോൺഗ്രസിൽ പുരോഗമിക്കുകയാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാഹുൽ ഗാന്ധി പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചത്.

പാർട്ടി നേതൃപദവി രാജിവക്കാൻ രാഹുൽ ഗാന്ധിയെടുത്ത തീരുമാനം മാന്യമായ നടപടിയായിരുന്നുവെന്നും ചൗദരി പറയുന്നു. ഇത് മറ്റ് നേതാക്കളും മാതൃകയാക്കേണ്ട കാര്യമാണെന്നും ചൗദരി പറയുന്നു.

കോൺഗ്രസിലെ യുവ നേതൃത്വവും പഴയ നേതാക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, തങ്ങളുടെ പാർട്ടി നേതൃത്വം പഴയതിന്റേയും പുതിയതിന്റേയും മിശ്രിത രൂപമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് പാർട്ടിക്ക് ഗുണം ചെയ്യുകയേ ഉള്ളൂ. അത് ചിലപ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാക്കിയേക്കാം എന്നാൽ, ഇരുകൂട്ടരുടേയും ലക്ഷ്യം ഒന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'കോൺഗ്രസ് ജനസമ്മിതി കൂട്ടേണ്ടിയിരിക്കുന്നു. ബി.ജെ.പിക്കെതിരെ രാഷ്ട്രീയപരമായി ആശയപരമായി പോരാടുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്. സാമുദായിക രാഷ്ട്രീയത്തിന് ഇപ്പോൾ കൂടുതൽ സ്വാധീനമുണ്ടെന്ന് തോന്നും. പക്ഷേ അത് സ്ഥിരമല്ല. അതിന് മാറ്റം വരും. തൊഴിൽ, ഭക്ഷണം, ഉപജീവനമാർഗം തുടങ്ങി ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ട്.'-അദ്ദേഹം പറഞ്ഞു.

ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം എടുത്തുകളഞ്ഞ് അപടകരമായ നീക്കമാണ്. ഭാവിയിൽ മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രത്തിന് കൈകടത്താൻ ഇത് കാരണമാകും. 370ാം അനുച്ഛേദം റദ്ദാക്കിയിതിൽ കോൺഗ്രസിന് എതിരഭിപ്രായമുള്ളത് ആ ബിൽ പാസ്സാക്കാൻ കേന്ദ്രം തിരക്ക് കാണിച്ചതുകൊണ്ടാണ്.

ബിൽ വളരെ തിടുക്കത്തിൽ കൊണ്ടുവന്നതിനാൽ പാർട്ടിക്കുള്ളിൽ ഇക്കാര്യം ചർച്ച ചെയ്യാൻ തങ്ങൾക്ക് സമയമുണ്ടായിരുന്നില്ല. അതിനാൽ പാർട്ടിയുടെ നിലപാടിനെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ, ഈ വിഷയത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി (സി.ഡബ്ല്യൂ.സി) പ്രമേയം പാസാക്കിയതിന് ശേഷം പാർട്ടിയിൽ അഭിപ്രായവ്യത്യാസങ്ങളോ ആശയക്കുഴപ്പങ്ങളോ ഉണ്ടായിട്ടില്ലെന്നും ചൗദരി കൂട്ടിച്ചേർത്തു.

Next Story
Read More >>