വാഴുന്നത് ഭയം; സ്വാതന്ത്ര്യം അപകടത്തിൽ: മൻമോഹൻ സിങ്

ഇന്ന് ഇന്ത്യയിൽ ചിന്തിക്കാനുള്ള സ്വാതന്ത്ര്യം പോലും ഭീഷണിയിലാണ്. ഓരോ പൗരന്റേയും ഉള്ളിൽ ഭയം വാഴുകയാണ്. എതിർ ശബ്ദമുയർത്തുന്നവരെ നക്‌സലുകളായി മുദ്രകുത്തുകയും ഏറ്റവും മോശപ്പെട്ട ജീവിതത്തിലേക്ക് തള്ളിയിടുകയും ചെയ്യുന്നു

വാഴുന്നത് ഭയം; സ്വാതന്ത്ര്യം അപകടത്തിൽ: മൻമോഹൻ സിങ്

ന്യൂഡൽഹി:

രാജ്യത്ത് ജനാധിപത്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും വലിയ വെല്ലുവിളി നേരിടുന്നുവെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. വിയോജിക്കുന്നവരെ തീവ്രവാദികളാക്കി മുദ്ര കുത്തുന്ന സ്ഥിതിവിശേഷമാണ് ഉള്ളത് എന്നും അദ്ദേഹം നാഷണൽ ഹെറാൾഡിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

വിദേശ ശക്തികളുടെ ആക്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുമ്പ് ജവഹർലാൽ നെഹ്‌റു ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തത്. എന്നാൽ, നെഹ്‌റുവിന്റെ വാക്കുകൾക്ക് അന്നത്തേക്കാൾ കൂടുതൽ പ്രാധാന്യം ഇന്ന് ഉണ്ടെന്ന് തോന്നുന്നു. കാരണം ഇന്ത്യൻ ജനാധിപത്യം ഇന്ന് ആഭ്യന്തര വെല്ലുവിളികളെത്തുടർന്ന് ദുർബലമായിരിക്കുകയാണ്.

ഇന്ന് ഇന്ത്യയിൽ ചിന്തിക്കാനുള്ള സ്വാതന്ത്ര്യം പോലും ഭീഷണിയിലാണ്. ഓരോ പൗരന്റേയും ഉള്ളിൽ ഭയം വാഴുകയാണ്. എതിർ ശബ്ദമുയർത്തുന്നവരെ നാഗര നക്സലുകളായി മുദ്രകുത്തുകയും ഏറ്റവും മോശപ്പെട്ട ജീവിതത്തിലേക്ക് തള്ളിയിടുകയും ചെയ്യുന്നു.

വളരെ ചുരുക്കം ചില മാദ്ധ്യമങ്ങളൊഴികെ ജനാധിപത്യത്തിന്റെ നെടുംതൂണായ സ്വതന്ത്ര മാദ്ധ്യമപ്രവർത്തനം ഇപ്പോളില്ല. യു.എ.പി.എ ബിൽ വളരെ ചെറിയ ചർച്ചകളോടെ വേഗത്തിൽ കേന്ദ്രം പാസ്സാക്കി. ഇത് ഭാവിയിൽ ഏറെ ദോഷം ചെയ്യുന്ന ഒരു ബില്ലാണ്. കാരണം, വിയോജിപ്പ് പ്രകടിപ്പിക്കുന്ന ഏതൊരാളെയും 'തീവ്രവാദി' എന്ന് മുദ്രകുത്തി ഭരണകൂടത്തിന് തടവിലിടാൻ ഈ നിയമഭേദഗതിയിലൂടെ സാധിക്കും.

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നോട്ടുള്ള പോക്ക് പ്രതിസന്ധിയിലാണ്. രാജ്യത്തിന്റെ വളർച്ചയ്ക്ക് കാരണമായ ശാസ്ത്ര വിഷയങ്ങളെ അന്തവിശ്വാസം കൊണ്ട് മറികടക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്.

ഇന്ത്യയെപ്പോലെ വൈവിധ്യമാർന്ന രാജ്യത്ത്, യഥാർത്ഥ രാഷ്ട്രീയ നേതൃത്വത്തിന് ജനങ്ങളോട് സമഗ്രമായ സമീപനം ആവശ്യമാണ്. അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും ആത്മവിശ്വാസവും പ്രതീക്ഷയും നൽകേണ്ടത് രാഷ്ട്രീയ നേതാക്കളുടെ കടമയാണ്. രാഷ്ട്രനിർമ്മാണത്തിൽ അവരും പങ്കാളികളാണെന്ന വിശ്വാസം ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ലേഖനത്തിൽ പറഞ്ഞു.

ഇത്തരം നിഷേധ നിലപാട് ഭരണഘടനാ വിരുദ്ധം മാത്രമല്ല, മറിച്ച് മുൻവിധികൾ, വിദ്വേഷം, കോപം എന്നിവയുടെ വിത്തുകൾ പൗരന്മാരുടെ മനസിൽ പാകുകകൂടിയാണ് ചെയ്യുന്നത്. ഇത് പരിപോഷിപ്പിക്കുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കും. ഇവയെല്ലാം രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. എന്നാൽ ഒരിക്കൽ ആളിക്കത്തിച്ചാൽ പിന്നീട് ആ തീ അണയ്ക്കാൻ വളരെ പ്രയാസമാണെന്ന് മൻമോഹൻ സിങ് മുന്നറിയിപ്പ് നൽകുന്നു.

പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, ക്രമസമാധാനം തകരാതെ നോക്കുക എന്നതാണ് ഭരണകൂടത്തിന്റെ പ്രധാന കടമ. എന്നാൽ ഇന്ന് രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പലപ്പോഴും ഇത് ഭരണകൂടങ്ങളുടെ നിശബ്ദ അനുവാദത്തോടെയാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് കമ്മിഷൻ, റിസർവ് ബാങ്ക്, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ തുടങ്ങിയവയുടെ സ്വയംഭരണാധികാരത്തിൽ പോലും കൈകടത്താൻ തുടങ്ങിയിരിക്കുന്നു.

2019 ജൂലൈ 27ന് ദ ഹിന്ദു പ്രസിദ്ധീകരിച്ച ലേഖനത്തിൽ കരൺ ഥാപർ, മോദി സർക്കാരിനെ ഇങ്ങനെ വിശേഷിപ്പിക്കുകയുണ്ടായി; 'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നതോടെ ബി.ജെ.പി സമാനതകളിലാത്ത വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഒരിക്കലും തോൽപ്പിക്കാൻ പറ്റാത്ത രീതിയിൽ ബി.ജെ.പി വളർന്നിരിക്കുന്നു. എം.പിമാരേയും എം.എൽ.എമാരേയും കോർപ്പറേറ്റുകളേയും വശീകരിച്ചെടുക്കാനുള്ള കഴിവ് ബി.ജെ.പിക്കുണ്ട്.'

ഇതാണ് കർണാടകയിലും പശ്ചിമ ബംഗാളിലും ഗോവയിലും ഉത്തർപ്രദേശിലും ആന്ധ്രപ്രദേശിലും നടന്നത്. പലതരം പുതിയ തന്ത്രങ്ങളിലൂടെയാണ് ബി.ജെ.പി ഇത് സാദ്ധ്യമാക്കിയത്. ഒരിടത്ത് ബി.ജെ.പിയെ പരാജയപ്പെടുത്താൻ നിയമസഭയിൽ പാർട്ടി പരാജയപ്പെട്ടു. മറ്റൊരിടത്ത് ഭൂരിപക്ഷം മറികടക്കാൻ ബി.ജെ.പിയെ പ്രാപ്തരാക്കുന്നതിന് പല എം.എൽ.എമാരും രാജിവച്ചു.

എതിരാളികളെ ഇല്ലാതാക്കാൻ കേന്ദ്ര ഏജൻസികളായ സി.ബി.ഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയെ സർക്കാർ ഉപയോഗിക്കുന്നുവെന്ന ആരോപണവും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.

ഈ സാഹചര്യത്തിലും രാജ്യത്തെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. നിക്ഷേപ നിരക്ക് നിലവിൽ 28 ശതമാനത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അതുകൊണ്ട് തന്നെ പ്രതിവർഷം എട്ട് ശതമാനമെന്ന സ്ഥിര വളർച്ച കൈവരിക്കാൻ സാധിക്കില്ല. കാർഷിക മേഖല കൂടുതൽ ദുരിതത്തിലാകുകയും ആഗോള സമ്പദ്വ്യവസ്ഥയുടെ മന്ദഗതിയിൽ കയറ്റുമതി നിശ്ചലമാവുകയും ചെയ്യുന്നതോടെ രാജ്യത്തെ സാമ്പത്തിക വളർച്ച താഴേക്ക് കൂപ്പുകുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതര അവസ്ഥയെക്കുറിച്ച് ബോധവാന്മാരാകുകയും അത് കൈകാര്യം ചെയ്യുന്നതിന് ഫലപ്രദമായ പരിഹാര മാർഗ്ഗങ്ങൾ ആവിഷ്‌കരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സ്വാതന്ത്ര്യത്തെ നിസ്സാരമായി കാണാനാവില്ല. അത് സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും ശാശ്വതമായ ജാഗ്രത ആവശ്യമാണ്. നമ്മൾ ഇപ്പോൾ അത്തരമൊരു നിർണ്ണായക ഘട്ടത്തിലാണ് നിൽക്കുന്നത്. എല്ലാ രാഷ്ട്രീയപാർട്ടികളും നേതാക്കളും സാധാരണക്കാരും ഒന്നിച്ചുനിന്ന് സ്വാതന്ത്ര്യ ലംഘനത്തിനെതിരെ പോരാടണമെന്നും അദ്ദേഹം പറയുന്നു.

Read More >>