വിമതർ വഴിമുടക്കില്ല; റിബലുകൾക്കായി 'സീറ്റ്' ഒഴിച്ചിട്ട് യെദ്യൂരപ്പ മന്ത്രിസഭ

യെദ്യൂരപ്പയുടെ ക്യാബിനറ്റ് മന്ത്രിമാരുടെ ലിസ്റ്റ് കണ്ട് അത്ഭുപ്പെടുകയും ഒപ്പം വേദനിക്കുകയും ചെയ്തുവെന്ന് ചിത്രദുർഗയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ജി.എച്ച് തിപ്പ റെഡ്ഡി പറഞ്ഞു

വിമതർ വഴിമുടക്കില്ല; റിബലുകൾക്കായി സീറ്റ് ഒഴിച്ചിട്ട് യെദ്യൂരപ്പ മന്ത്രിസഭ

ബംഗളൂരു: 25 ദിവസത്തെ ഒറ്റയാൾ ഭരണത്തിന് ശേഷം 17 അംഗ ക്യാബിനറ്റ് മന്ത്രിമാരെ പ്രഖ്യാപിച്ച കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരെ ബി.ജെ.പിക്കകത്ത് പടപ്പുറപ്പാട്. കോൺഗ്രസ്, ജനതാദൾ (സെക്യുലർ) എന്നീ പാർട്ടികളിലെ വിമത എം.എൽ.എമാരെ നിയമിക്കുന്നതിനായി 16 സീറ്റുകൾ യെദ്യൂരപ്പ മനപ്പൂർവ്വം ഒഴിച്ചിട്ടുവെന്നാണ് പാർട്ടിക്കകത്ത് ഉയരുന്ന ആരോപണം. ഇതിൽ പ്രതിഷേധിച്ച് കർണാടക ബി.ജെ.പി പാർട്ടിയിലെ മുതിർന്ന നേതാക്കളായ ഉമേഷ് കാട്ടി, മുരുഗേഷ് നിരാനി, ബാലചന്ദ്ര ജാർകിഹോലി, രേണുകാചാര്യ, ബസ്‌വ്‌രാജ് പാട്ടീൽ യത്‌നൽ എന്നിവർ ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പോലും തയ്യാറായിട്ടില്ല.

യെദ്യൂരപ്പയുടെ ക്യാബിനറ്റ് മന്ത്രിമാരുടെ ലിസ്റ്റ് കണ്ട് അത്ഭുപ്പെടുകയും ഒപ്പം വേദനിക്കുകയും ചെയ്തുവെന്ന് ചിത്രദുർഗയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ജി.എച്ച് തിപ്പ റെഡ്ഡി പറഞ്ഞു. പാർട്ടി വിശ്വസ്തരും മുതിർന്നവരുമായ നേതാക്കളെ മന്ത്രിസഭയിൽ നിന്ന് മാറ്റി നിർത്തിയതിനെതിരെ ഹൈക്കമാന്റിന് നോട്ടീസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യെദ്യൂരപ്പയുടെ നടപടിയിൽ പ്രതിഷേധിച്ച് തിപ്പ റഡ്ഡി പക്ഷക്കാർ നീതി കിട്ടണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു.

സുള്ളിയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയും യെദ്യൂരപ്പയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. 'പൊതുജീവതത്തിൽ ഞാൻ ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. അവയെല്ലാം തിരസ്‌കരിക്കപ്പെട്ടതിൽ നിരാശയുണ്ട്.'- അവർ പറഞ്ഞു.

എട്ടു തവണ എം.എൽ.എയായ ഉമേഷ് കാട്ടിയുടേയും മുൻ കേന്ദ്ര മന്ത്രിയായിരുന്ന ബസ്‌വരാജ് പാട്ടീൽ യത്‌നലിന്റെയും സത്യപതിജ്ഞാ ചടങ്ങിലെ അഭാവം യെദ്യൂരപ്പ സർക്കാരിന് ഭാവിയിൽ വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പ്. അതോടൊപ്പം കർണാടക, ഹൈദരാബാദ് സംസ്ഥാനങ്ങളിൽ ചില ജാതിയിലുള്ള നേതാക്കൾക്ക് അർഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്ന് ചില ബി.ജെ.പി നേതാക്കളും ആരോപണമുന്നയിച്ചിട്ടുണ്ട്.

17 അംഗ മന്ത്രിസഭയെയാണ് യെദ്യൂരപ്പ പ്രഖ്യാപിച്ചത്. 16 പേർക്കുള്ള സീറ്റുകൾ ഇപ്പോഴും ഒഴിച്ചിട്ടുണ്ട്. കോൺഗ്രസ്, ജനതാ ദൾ വിമത എം.എൽ.എമാർക്കുള്ള വിലക്ക് സ്പീക്കർ പിൻവലിച്ചാൽ ഇവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് ഇതെന്നാണ് ഉയരുന്ന ആരോപണം. കഴിഞ്ഞ എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭയില്‍ ആകെ 32 മന്ത്രിമാരാണ് ഉണ്ടായിരുന്നത്.

Next Story
Read More >>