നിർബന്ധിത നുണപറച്ചിലും വലിയ രോഗമാണ്, വേഗം സുഖം പ്രാപിക്കട്ടെ; ഫഡ്‌നാവിസിന്റെ ഭാര്യക്ക് തക്ക മറുപടിയുമായി ശിവസേന നേതാവ്

മെട്രോയുടെ കാർ പാർക്കിങ്ങിനായി ആരേ കോളനിയിൽ മരം മുറിക്കുന്നതിനെ ശിവസേന എതിർത്തിരുന്നു

നിർബന്ധിത നുണപറച്ചിലും വലിയ രോഗമാണ്, വേഗം സുഖം പ്രാപിക്കട്ടെ; ഫഡ്‌നാവിസിന്റെ ഭാര്യക്ക് തക്ക മറുപടിയുമായി ശിവസേന നേതാവ്

ന്യൂഡൽഹി: ട്വിറ്ററിൽ പോരടിച്ച് ശിവസേന നേതാവ് പ്രിയങ്കാ ചതുർവേദിയും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃതയും. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ സ്മാരകം നിർമ്മിക്കാൻ ഔറംഗാബാദിൽ 1,000 മരങ്ങൾ വെട്ടാൻ ശിവസേന സർക്കാർ നീക്കം നടത്തുന്നുവെന്ന വാർത്തയെച്ചൊല്ലിയാണ് ഇരുവരും വാക്‌വാദമുണ്ടായത്.

ഞായറാഴ്ചയാണ് ഉദ്ധവ് താക്കറെ സർക്കാർ ഔറംഗാബാദിൽ ബാൽതാക്കറെയുടെ സ്മാരം നിർമ്മിക്കാൻ 1,000 മരങ്ങൾ വെട്ടുന്നുവെന്ന വാർത്ത മാദ്ധ്യമങ്ങളിൽ വന്നത്. ഇതിന് പിന്നാലെയായിരുന്നു ശിവസേനയെ കടന്നാക്രമിച്ച് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് രംഗത്തെത്തിയത്.

ട്വിറ്ററിലായിരുന്നു അമൃതയുടെ വിമർശനം. മരങ്ങൾ വെട്ടാനുള്ള ഉദ്ധവ് താക്കറെ സർക്കാരിന്റെ നീക്കം റിപ്പോർട്ട് ചെയ്യുന്ന പത്രവാർത്തയുടെ ചിത്രം സഹിതമായിരുന്നു ട്വീറ്റ്. ' കാപട്യം ഒരു രോഗമാണ്! പെട്ടന്ന് സുഖം പ്രാപിക്കട്ടെ ശിവസേന! നിങ്ങളുടെ സൗകര്യാർത്ഥം, അല്ലെങ്കിൽ നിങ്ങൾ കമ്മിഷൻ നേടുമ്പോൾ മാത്രം മരം മുറിക്കാൻ അനുവദിക്കുക- ക്ഷമിക്കാനാകാത്ത പാപങ്ങൾ!!'- അമൃത ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു.

മെട്രോയുടെ കാർ പാർക്കിങ്ങിനായി ആരേ കോളനിയിൽ മരം മുറിക്കുന്നതിനെ ശിവസേന എതിർത്തിരുന്നു. ഒരു മരം പോലും മുറിക്കാൻ അനുവദിക്കില്ലെന്നു മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ഉദ്ധവ് താക്കറെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് അമൃതയുടെ ട്വീറ്റ്.

എന്നാൽ, അമൃതയുടെ ഈ പരാമർശത്തിന് അതേ നാണയത്തിൽ തന്നെ മറുപടി നൽകിയിരിക്കുകയാണ് പ്രിയങ്കാ ചതുർവേദി.

'മാം, നിങ്ങളെ നിരാശപ്പെടുത്തുന്നതിൽ ക്ഷമിക്കണം, പക്ഷേ, സ്മാരകത്തിനായി ഒരു മരം പോലും മുറിക്കുന്നില്ലെന്നതാണ് സത്യം. ഇരക്കാര്യം മേയർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ, ഒരു കാര്യം കൂടി വ്യക്തമാക്കാം, നിർബന്ധിത നുണ പറച്ചിലും ഒരു വലിയ രോഗമാണ്, പെട്ടന്ന് സുഖം പ്രാപിക്കട്ടെ.'- പ്രിയങ്ക ട്വീറ്റ് ചെയ്തു.

അമൃത ഫഡ്‌നാവിസിന്റെ ആരോപണം വന്നതിന് പിന്നാലെ ഇത് വസ്തുതാ വിരുദ്ധമാണെന്ന് വ്യക്തമാക്കി ഔറംഗാബാദ് മേയർ നന്ദകുമാർ ഗോഡ്‌ലെ രംഗത്തെത്തിയിരുന്നു. ' ബാൽതാക്കറെയുടെ സ്മാരകം നിർമ്മിക്കാൻ മരങ്ങൾ വെട്ടുന്നതായി അഭ്യൂഹം പരക്കുന്നുണ്ട്. പക്ഷേ, മേയർ എന്ന നിലയിൽ ഒരുകാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്മാരകം നിർമ്മിക്കാൻ ഒരു മരം പോലും വെട്ടില്ല.'-മേയർ പറഞ്ഞു.

പിന്നീട് മേയർ ഇക്കാര്യം വ്യക്തമാക്കുന്ന ഒരു വീഡിയോ ദൃശ്യവും പ്രിയങ്ക ട്വീറ്റ് ചെയ്തു. 'പെട്ടന്ന് സുഖം പ്രാപിക്കാൻ ഇത് സഹായിക്കുമെന്ന് കരുതുന്നു. എല്ലാതവണത്തേയും പോലെ സഹായിക്കുന്നതിൽ സന്തോഷമുണ്ട്.'-പ്രിയങ്ക ട്വീറ്റ് ചെയ്തു.

Read More >>