തന്ത്രങ്ങള്‍ ഏശുന്നില്ല, മോദി-ഷാ ദ്വയം പ്രതിസന്ധിയില്‍- സംസ്ഥാനങ്ങളില്‍ താമര വാടുന്നു

രാജ്യത്തെ 71 ശതമാനം ഭൂപ്രദേശങ്ങളിലും താമര വിരിയിച്ച ബിജപിയെയാണ് 2017 ഡിസംബർ വരെ കണ്ടത്. എന്നാൽ രാഷ്ട്രീയ നീക്കങ്ങളും ഭരണ വിരുദ്ധതയോ ബിജെപിയെ ഉലയ്ക്കുന്നുവെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. 2019 നവംബർ വരെയുള്ള കണക്കു നോക്കുമ്പോൾ 71 ശതമാനം എന്ന അധികാര പ്രദേശങ്ങൾ 40ശതമാനമായി കുറഞ്ഞു

തന്ത്രങ്ങള്‍ ഏശുന്നില്ല, മോദി-ഷാ ദ്വയം പ്രതിസന്ധിയില്‍- സംസ്ഥാനങ്ങളില്‍ താമര വാടുന്നു

ന്യൂഡൽഹി: കൈവിടില്ലെന്ന് അത്രമേൽ ഉറപ്പുണ്ടായിരുന്ന മഹാരാഷ്ട്രയിൽ ചുവടു പിഴച്ച ബിജെപിക്ക് സംസ്ഥാന ഭരണങ്ങൾ കൈവിട്ടു പോവുന്നു. ഇത്രയും കാലം കൂടെ നിന്ന ശിവസേന തങ്ങളുടെ ശത്രുപക്ഷത്തോടൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കുമ്പോൾ അപ്രസക്തമാവുന്നത് രാഷ്ട്രീയ ചാണക്യൻ അമിത് ഷായുടെ തന്ത്രങ്ങളാണ്. കൂർമ്മ ബുദ്ധിയും തന്ത്രങ്ങളും ഏൽക്കാതെ വന്നതോടെ കൈയ്യടക്കി വച്ചിരുന്ന സംസ്ഥാനങ്ങളെല്ലാം ബിജെപിക്ക് നഷ്ടമാവുന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

രാജ്യത്തെ 71 ശതമാനം ഭൂപ്രദേശങ്ങളിലും താമര വിരിയിച്ച ബിജപിയെയാണ് 2017 ഡിസംബർ വരെ കണ്ടത്. എന്നാൽ രാഷ്ട്രീയ നീക്കങ്ങളും ഭരണ വിരുദ്ധതയോ ബിജെപിയെ ഉലയ്ക്കുന്നുവെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. 2019 നവംബർ വരെയുള്ള കണക്കു നോക്കുമ്പോൾ 71 ശതമാനം എന്ന അധികാര പ്രദേശങ്ങൾ 40ശതമാനമായി കുറഞ്ഞുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. ബിജെപിക്ക് സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളിൽ താമര വാടിതുടങ്ങിയെന്നം ഇതിൽ നിന്നും വ്യക്തം.

2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആദ്യ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറുമ്പോൾ ഏഴു സംസ്ഥാനങ്ങളിലായിരുന്നു ബിജെപി ഭരണം. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഗോവ, അരുണാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു നേരിട്ടോ അല്ലാതെയോ ബിജെപി ഭരിച്ചിരുന്ന സംസ്ഥാനങ്ങൾ.പിന്നീട് 2018ൽ മോദി പ്രഭാവത്തിൽ 21 സംസ്ഥാനങ്ങൾ ബിജെപിയുടെ സ്വാധീന പ്രദേശങ്ങളായി.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം മോദി- ഷാ കൂട്ടുകെട്ടിന്റെ കൂർമ്മ ബുദ്ധിയും തന്ത്രങ്ങളും താമര വിരിയിച്ചപ്പോൾ തമിഴ്നാട്, കേരളം, കർണാടക, മിസോറാം, പഞ്ചാബ്, ഒഡീഷ, പശ്ചിമ ബംഗാൾ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ബിജെപിയെ പ്രതിരോധിച്ച് പിടികൊടുക്കാതെ നിന്നു. 2014ൽ 13 സംസ്ഥാനങ്ങൾ ഭരിച്ചിരുന്ന കോൺഗ്രസ് വെറും മൂന്നു സംസ്ഥാനങ്ങളിൽ മാത്രമാണ് ഭരിച്ചിരുന്നത്.

രാഷ്ട്രീയ നിരീക്ഷകരെ പോലും അമ്പരപ്പിച്ചുകൊണ്ടായിരുന്നു മോദി- ഷാ കൂട്ടുകെട്ടിന്റെ വളർച്ചയും നേട്ടവും.പ്രതിപക്ഷങ്ങളെയും മറ്റു രാഷ്ട്രീയ പാർട്ടികളെയും അപ്രസക്തമാക്കിയും ചിത്രത്തിൽ പോലും ഇല്ലാതാക്കിയുമാണ് ഇരുവരും കരുക്കൾ നീക്കിയത്. 2014ലെ ഏഴു സംസ്ഥാനങ്ങൾ 2015ൽ 13സംസ്ഥാനങ്ങളായി ഉയർന്നു. 2016ൽ 19ലേക്കും 2018ൽ 21ലേക്കും, ബിജെപി അതിവേഗത്തിൽ വളർന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ പൂർണമായും കാവിയണിഞ്ഞു.


എന്നാൽ 2018ൽ നിന്നും 2019 നവംബർ വരെ എത്തി നിൽക്കുമ്പോൾ സംസ്ഥാന ഭരണങ്ങൾ ബിജെപിക്ക് നഷ്ടമാവുന്ന സ്ഥിതി വിശേഷമാണുള്ളത്. ആദ്യം മധ്യപ്രദേശ്, ചത്തിസ്ഗഢ്, രാജസ്ഥാൻ, പഞ്ചാബ് എന്നിവ ബിജെപിക്ക് നഷ്ടമായി. പിന്നാലെ എൻഡിഎയുമായി അകൽച്ച പ്രഖ്യാപിച്ച് ടിഡിപി പുറത്തിറങ്ങിയതോടെ ആന്ധ്രാപ്രദേശും ബിജെപിയെ കൈവിട്ടു. കശ്മിരിൽ പിഡിപിയുമായുള്ള സഖ്യം ഉപേക്ഷിച്ചതോടെ കശ്മിരും നഷ്ടമായി. അവിടെ കേന്ദ്രം രാഷ്ട്രപതി ഭരണവും പ്രഖ്യാപിച്ചു. ബിജെപിയെ കൈവിട്ട സംസ്ഥാനങ്ങളിൽ ഭൂരിഭാഗത്തിലും കോൺഗ്രസാണ് അധികാരത്തിലേറിയതെന്നതാണ് മറ്റൊരു വസ്തുത.

എന്നാൽ 2019ൽ മോദി സർക്കാർ കേന്ദ്രത്തിൽ രണ്ടാം വരവ് നടത്തിയെങ്കിലും സംസ്ഥാന ഭരണങ്ങളുടെ കാര്യത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. നിലവിൽ 17 സംസ്ഥാനങ്ങളിലാണ് ബിജെപിയോ ബന്ധപ്പെട്ട പാർട്ടികളോ ഭരിക്കുന്നത്. അഞ്ചിടത്ത് കോൺഗ്രസും.

കോൺഗ്രസ് മുക്ത ഭാരതമെന്ന് ആവർത്തിച്ച് ആർത്തുവിളിച്ചിരുന്ന ബിജെപിക്ക് അടിപതറുന്നതിന്റെ ലക്ഷണമായാണ് ഇതിനെ ചിലർ നിരീക്ഷിക്കുന്നത്.

Read More >>