സിദ്ധാരാമയ്യ; തെന്നിന്ത്യയിലെ തട്ടകം തിരിച്ചു പിടിക്കാന്‍ ബിജെപി നേരിടുന്ന വലിയ തടസ്സം

ദക്ഷിണേന്ത്യയില്‍ ബിജെപി അധികാരത്തിലെത്തിയ ഏക സംസ്ഥാനമാണ് കര്‍ണാടക. മുന്‍മുഖ്യമന്ത്രിയായ യെദ്യൂരപ്പ കഴിഞ്ഞ തവണ ബിജെപിയുമായി ഇടഞ്ഞതിനാല്‍ അധികാരം...

സിദ്ധാരാമയ്യ; തെന്നിന്ത്യയിലെ തട്ടകം തിരിച്ചു പിടിക്കാന്‍ ബിജെപി നേരിടുന്ന വലിയ തടസ്സം

ദക്ഷിണേന്ത്യയില്‍ ബിജെപി അധികാരത്തിലെത്തിയ ഏക സംസ്ഥാനമാണ് കര്‍ണാടക. മുന്‍മുഖ്യമന്ത്രിയായ യെദ്യൂരപ്പ കഴിഞ്ഞ തവണ ബിജെപിയുമായി ഇടഞ്ഞതിനാല്‍ അധികാരം നേടാനായില്ല. എന്ത് വിലകൊടുത്തും കര്‍ണാടക തിരിച്ച് പിടിക്കുക എന്നത് ബിജെപിയുടെ ആഗ്രഹമാണ്. എന്നാല്‍ ഇതിന് തടസ്സമായി നില്‍ക്കുന്നത് നിലവിലെ മുഖ്യമന്ത്രി സിദ്ധാരാമയ്യയാണ്. കഴിഞ്ഞ മൂന്ന് ദശകങ്ങളായി ഒരു സര്‍ക്കാരിനും തുടര്‍ച്ചയായി അധികാരത്തിലേറാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ സിദ്ധാരാമയ്യക്ക് അത് സാധിക്കുമോ എന്നാണ് കര്‍ണാടകം ഉറ്റുനോക്കുന്നത്.

എഴുപതുകാരനായ സിദ്ധാരാമയ്യ സ്വപ്നതുല്യമായ ഒരു യാത്രയാണ് നടത്തിയിട്ടുള്ളത്. മൈസൂരിലെ ഒരു ഗ്രാമത്തിലെ കുറുബ കുടുംബത്തിലാണ് സിദ്ധാരാമയ്യയുടെ ജനനം. ജനസംഖ്യ അടിസ്ഥാനത്തില്‍ മൂന്നാമത് നില്‍ക്കുന്ന ജാതിയാണ് കുറുബ. ആട്, പശു പരിപാലനമാണ് സിദ്ധാരാമയ്യുടെ കുടുംബത്തിന്റെ കുലത്തൊഴില്‍. മൈസൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിഎസ്സിയും നിയമബിരുദവും നേടി. പിന്നീട് അദ്ദേഹം തിരിച്ചറിഞ്ഞു. നിയമമല്ല, തന്റെ വഴി രാഷ്ട്രീയമാണെന്ന്.

1983ലാണ് സിദ്ധാരാമയ്യ ആദ്യമായി നിയമസഭയിലെത്തുന്നത്. ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് ലോക്ദള്‍ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു അരങ്ങേറ്റം. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള വിജയമായിരുന്നു അദ്ദേഹത്തിന്റേത്. കന്നഡ ഔദ്യോഗിക ഭാഷയാക്കണമെന്നാവശ്യപ്പെട്ട് സജീവമായി ഇടപെടുന്ന കന്നട കവളു സമിതിയുടെ ആദ്യ പ്രസിഡന്റുകൂടിയായിരുന്നു സിദ്ധരാമയ്യ.

1988ല്‍ സിദ്ധാരാമയ്യുടെ നേതൃത്വത്തില്‍ ഒരു സംഘം ലോക്ദള്‍ നേതാക്കള്‍ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദളില്‍ ചേര്‍ന്നു. 1994ല്‍ ദേവഗൗഡ സര്‍ക്കാരില്‍ ധനമന്ത്രിയായി. ദേവഗൗഡ പ്രധാനമന്ത്രിയായി ഡല്‍ഹിയിലേക്ക് മാറിയതോടെ ഉപമുഖ്യമന്ത്രിയായി സിദ്ധാരാമയ്യ ഉയര്‍ന്നു.

1999ല്‍ ജനതാദള്‍ പിളര്‍ന്നു. അപ്പോഴും സിദ്ധാരാമയ്യ ദേവഗൗഡ പക്ഷത്ത് ഉറച്ചു നിന്നു. 2004ല്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യ സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ വന്നപ്പോള്‍ സിദ്ധാരാമയ്യ തന്നെയായിരുന്നു ഉപമുഖ്യമന്ത്രി. ധരം സിംഗ് ആയിരുന്നു മുഖ്യമന്ത്രി.

ദേവഗൗഡയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 2005ല്‍ സിദ്ധാരാമയ്യ ജനതാദളില്‍ നിന്ന് പുറത്തായി. ജനതാദളിലെ സുഹൃത്തുക്കളെയും സിദ്ധാരാമയ്യക്ക് നഷ്ടമായി. എന്നാല്‍ അണികളെ നഷ്ടമായില്ല. സോണിയാ ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന വലിയ സമ്മേളനത്തില്‍ വച്ച് സിദ്ധാരാമയ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചാമുണ്ഡേശ്വരിയിലെ ഉപതെരഞ്ഞെടുപ്പില്‍ സിദ്ധാരാമയ്യയെ തോല്‍പ്പിക്കാന്‍ ബിജെപിയും ജനതാദളും ഒരുമിച്ചെങ്കിലും 257 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിദ്ധാരാമയ്യ വിജയിച്ചു.

2013ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിച്ചത് സിദ്ധാരാമയ്യയാണ്. ബെല്ലാരിയിലെ അനധികൃത ഖനനത്തെ ചോദ്യം ചെയ്ത് വന്‍ പ്രചാരണം നടത്തി. കോണ്‍ഗ്രസിന് രാജ്യവാപകമായി ക്ഷീണകാലം സംഭവിച്ചപ്പോഴും പുതിയ പരീക്ഷണങ്ങളുമായി സിദ്ധാരാമയ്യ മുന്നോട്ട് പോയി. ഇന്ദിരാ കാന്റീന്‍, നിരവധി ക്ഷേമ പദ്ധതികള്‍, കന്നഡ അനുകൂല നിലപാടുകള്‍, അവസാനമായി ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി തുടങ്ങിയ പരീക്ഷണങ്ങള്‍. ഇത്തരം പരീക്ഷണങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധത ഉണ്ടാക്കാനുള്ള ബിജെപി അടക്കമുള്ള കക്ഷികള്‍ളുടെ ശ്രമത്തിന് തിരിച്ചടിയായി.

അവസാനമായി ഗൗഡ കുടുംബത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ മത്സരിക്കാന്‍ തന്നെ സിദ്ധാരാമയ്യ തീരുമാനമെടുത്തു. ഒരു പക്ഷെ കര്‍ണാടകത്തിലാകെ കോണ്‍ഗ്രസിനെ പ്രചരണത്തില്‍ നയിക്കേണ്ട സിദ്ധാരാമയ്യക്ക് ചാമുണ്ഡേശ്വരിയില്‍ തന്നെ നില്‍ക്കേണ്ടി വരുമായിരിക്കും. അത്രയ്ക്ക ശക്തമായ മത്സരമായിരിക്കും ചാമുണ്ഡേശ്വരി മണ്ഡലത്തിലുണ്ടാകുക. പക്ഷെ ഒന്നും കാണാതെ മുഖ്യമന്ത്രി ഈ തീരുമാനമെടുക്കില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതുന്നത്. സിദ്ധരാമയ്യ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ യെദ്യൂരപ്പക്ക് മുഖ്യമന്ത്രി പദത്തിലേക്കുള്ള യാത്ര എളുപ്പമാകില്ലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

Story by
Read More >>