ബംഗ്ലൂര്‍ റോഡില്‍ ബഹിരാകാശ യാത്രികന്‍; വൈറലായി വീഡിയോ

വീഡിയോ വൈറലായി 24 മണിക്കൂറിനകം തന്നെ നഗരസഭ റോഡിന്റെ അറ്റകുറ്റ പണികള്‍ ആരംഭിച്ചു

ബംഗ്ലൂര്‍ റോഡില്‍ ബഹിരാകാശ യാത്രികന്‍; വൈറലായി വീഡിയോ

ഒരു ബഹിരാകാശ യാത്രികന്‍ ചന്ദ്രോപരിതലത്തിലൂടെ പതിയെ മൂണ്‍വാക്ക് ചെയ്ത് നീങ്ങുന്നു. ക്യാമറ വിദൂരതയിലേക്ക് പോകുമ്പോഴാണ് ആസ്‌ട്രോനട്ട് നടക്കുന്നത് ബഹിരാകാശത്തല്ല മറിച്ച് ഗര്‍ത്തത്തെക്കാള്‍ ആഴമുള്ള കുഴികളുള്ള ഒരു റോഡിലൂടെയാണെന്ന് വ്യക്തമാകുന്നത്. അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയാണിത്.

ബംഗ്ലൂര്‍ റോഡുകളുടെ ശോചനീയവസ്ഥ അധികൃതര്‍ക്ക് മനസിലാക്കികൊടുക്കാനാണ് ഇത്തരത്തില്‍ തീര്‍ത്തും വ്യത്യസ്തവും രസകരവുമായ വീഡിയോയുമായി പ്രശസ്ത തെരുവ് കലാകാരനായ ബാദല്‍ നഞ്ചുണ്ട സ്വാമി തെരുവിലേക്കിറങ്ങിയത്. വീഡിയോ വൈറലായി 24 മണിക്കൂറിനകം തന്നെ നഗരസഭ റോഡിന്റെ അറ്റകുറ്റ പണികള്‍ ആരംഭിച്ചു.


നോര്‍ത്ത് ബംഗ്ലൂരിലെ തുംഗനഗര്‍ പ്രധാന റോഡിലാണ് കുണ്ടും കുഴിയും കൊണ്ട് ഗതാഗതയോഗ്യമല്ലാതായത്. ബാദല്‍ നഞ്ചുണ്ടസ്വാമി ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. നഗരസഭ അധികൃതരെയും ടാഗ് ചെയ്ത് പോസ്റ്റ് ചെയ്ത വീഡിയോ ഒരു മില്ല്യണ്‍ ആളുകളാണ് കണ്ടത്. വീഡിയോക്ക് ലഭിച്ച പ്രതികരണം കാരണം 24 മണിക്കൂറിനുള്ളില്‍ തന്നെ നഗരസഭ റോഡിന്റെ അറ്റകുറ്റ പണി ആരംഭിച്ചു. ഉടനടിയുള്ള പ്രതികരണത്തിന് ബാദല്‍ സ്വമി നഗരസഭക്ക് നന്ദി രേഖപ്പെടുത്തുകയും റോഡ്പണിയുടെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതാദ്യമായല്ല ബാദല്‍ എന്ന തെരുവ് കലാകാരന്‍ നഗരസഭയെയും അധികൃതരെയും ഹാസ്യാത്മകമായി പരിഹസിച്ച് രംഗത്തെത്തുന്നത്.

Next Story
Read More >>