'ആധാറിന്റെ വിധി' ഇന്നറിയാം

കേസിന്റെ അന്തിമ വാദം കേള്‍ക്കല്‍ 2018 ജനുവരി 17 ആയിരുന്നു ആരംഭിച്ചത്. 38 ദിവസം നീണ്ടു നിന്ന വാദം കേള്‍ക്കല്‍ സുപ്രീംകോടതിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ വാദം കേള്‍ക്കലായിരുന്നു.

ആധാറിന്റെ വിധി ഇന്നറിയാം

ന്യൂഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയിലുള്ള ഹര്‍ജികളില്‍ ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് വാദം കേട്ടത്. 29 കേസുകളാണ് ആധാറിന്റെ നിയമ സാധുത ചോദ്യം ചെയ്ത് ഉണ്ടായിരുന്നത്. വാദം പൂര്‍ത്തിയായി നാല് മാസത്തിന് ശേഷമാണ് വിധി വരാന്‍ പോകുന്നത്.

ഭരണഘടനയുടെ 21ാം അനുഛേദം ഉറപ്പു നല്‍കുന്ന സ്വകാര്യതയ്ക്കുള്ള അവകാശം ആധാര്‍ ലംഘിക്കുന്നു, വിവിധ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നടപ്പാക്കുന്നത് വഴി നിരവധി പേര്‍ പുറംതള്ളപ്പെടുന്നു തുടങ്ങിയ നിരവധി പരാതികളാണ് ആധാറിനെതിരെ ഉണ്ടായിരുന്നത്.

ആധാറിനെ നേരെയുള്ള വിമര്‍ശനങ്ങളെ എതിര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ ഫോണുകള്‍, ആദായ നികുതി തുടങ്ങിയവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ക്ഷേമ പദ്ധതികളുടെ ദുരുപയോഗം തടയാനും കള്ളപ്പണം തടയാനും കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദം.

കേസിന്റെ അന്തിമ വാദം കേള്‍ക്കല്‍ 2018 ജനുവരി 17 ആയിരുന്നു ആരംഭിച്ചത്. 38 ദിവസം നീണ്ടു നിന്ന വാദം കേള്‍ക്കല്‍ സുപ്രീംകോടതിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ വാദം കേള്‍ക്കലായിരുന്നു.

Read More >>